ഹൈദരാബാദ് : പ്രേമിച്ച പുരുഷനെ സ്വന്തമാക്കാൻ പ്രതിശ്രുത വരനെ കാമുകന്റെ സഹായത്തോടെ പെട്രോൾ ഒഴിച്ച് കത്തിച്ച് യുവതി. വിവാഹത്തിന് രണ്ടുദിവസം മുമ്പാണ് വരനെ കൊലപ്പെടുത്താൻ യുവതിയും ബന്ധുവായ കാമുകനും ചേർന്ന് ശ്രമം നടത്തിയത്. മരിച്ച ശേഷം ആത്മഹതെയെന്ന് വരുത്താനായിരുന്നു ശ്രമം. എന്നാൽ വരൻ ഗുരുതരമായി പൊള്ളലേറ്റ് കിടക്കുന്നതിടെ തന്നെ കൊല്ലാൻ ശ്രമിച്ചതാണെന്ന് മൊഴി നൽകിയതോടെ പ്രതികൾ കുടുങ്ങി.

തലങ്കാനയിൽ ജങ്കോൺ ജില്ലയിൽ മധറാം എന്ന സ്ഥലത്താണ് സംഭവം നടന്നത്. വിവാഹത്തിന് രണ്ട് ദിവസങ്ങൾക്ക് മുൻപ് വധുവും കാമുകനും ചേർന്ന് വരന്റെ ശരീരത്തിൽ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ക്രൂരമായി കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ആത്മഹത്യാശ്രമമെന്ന് വരുത്തിത്തീർക്കാനായിരുന്നു ശ്രമമെങ്കിലും വരന്റെ മൊഴി പ്രതികളെ കുടുക്കി.

ബി. യകയ്യ എന്ന 22കാരനാണ് ആക്രമണത്തിന് ഇരയായത്. അതീവ ഗുരുതരമായി പൊള്ളലേറ്റ യുവാവ് തെലങ്കാനയിൽ ചികിത്സയിൽ കഴിയുകയാണ്. ഫെബ്രുവരി 19ന് വൈകിട്ടാണ് സംഭവം നടന്നത്. ഇയാളുടെ വധു അരോജി അരുണയും കാമുകനും അകന്ന ബന്ധുവുമായ അരോജി ബാലസ്വാമിയും അറസ്റ്റിലായി.

സംഭവത്തെ കുറിച്ച് രഘുനാഥപള്ളി പൊലീസ് പറയുന്നത് ഇങ്ങനെ: ''ഫെബ്രുവരി 21 നാണ് അരുണയും യകയ്യയും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരുന്നത്. ഒരു മാസം മുൻപ് ഇരുവരുടെയും വിവാഹ നിശ്ചയവും നടന്നു. അരുണയ്ക്ക് അകന്ന ബന്ധുവായ ബാലസ്വാമിയുമായി ബന്ധമുണ്ടെന്ന് അറിഞ്ഞതിനെ തുടർന്നാണ് വേഗത്തിൽ വിവാഹം നടത്താൻ മാതാപിതാക്കൾ ശ്രമം നടത്തിയതെന്നും പൊലീസ് പറയുന്നു.

മാതാപിതാക്കളുടെ നിർബന്ധത്തിന് വഴങ്ങി അരുണ വിവാഹത്തിന് സമ്മതിച്ചു. എന്നാൽ പ്രണയത്തിൽ നിന്ന് മാറില്ലെന്ന വാശിയിലായിരുന്നു അരുണ. എന്നാൽ അരുണയുടെ മാതാപിതാക്കൾ ഒരിക്കലും വിവാഹത്തിന് സമ്മതിക്കില്ലെന്ന് വന്നതോടെ യകയ്യയെ കൊലപ്പെടുത്താൻ അരുണയും ബാലസ്വാമിയും തീരുമാനിക്കുകയായിരുന്നു. ആത്മഹത്യയെന്ന് വരുത്തി പിന്നീട് വിവാഹം കഴിച്ച് ജീവിക്കാനായിരുന്നു ഇരുവരും ഇത്തരമൊരു പദ്ധതി ആസൂത്രണം ചെയ്തത്.

ഫെബ്രുവരി 18ന് യകൈയ വിവാഹശേഷം താമസിക്കാനായി നിർമ്മിച്ച വീടിന്റെ ഗൃഹപ്രവേശന ചടങ്ങായിരുന്നു. ഇതിൽ അരുണയും പങ്കെടുത്തു. തൊട്ടടുത്ത ദിവസം തന്റെ വീടിന് സമീപത്തെത്താൻ യകയ്യയെ സ്‌നേഹപൂർവം അരുണ ക്ഷണിച്ചുവരുത്തി. മധറാം എന്ന സ്ഥലത്ത് അരുണയുടെ വീടിന് സമീപം യകൈയ എത്തി. അപ്പോഴാണ് ആക്രമണം നടന്നത്. അരുണയുടെ സഹായത്തോടെ ബാലസ്വാമിയാണ് യകയ്യയുടെ മേൽ പെട്രോളൊഴിച്ച് തീകൊളുത്തിയത്.

ഇതിന് ശേഷം ഇരുവരും ഇവിടെ നിന്ന് മുങ്ങി. യകയ്യ ആത്മഹത്യ ചെയ്തതാണെന്ന് വരുത്തിത്തീർക്കാം എന്നായിരുന്നു പ്‌ളാൻ. എന്നാൽ യകയ്യ ആശുപത്രിയിൽ വച്ച് മൊഴി നൽകിയതോടെയാണ് ഇവരുടെ പങ്ക് പുറത്തായാത്. പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജങ്കോൺ - വാറങ്കൽ ദേശീയപാത നാട്ടുകാർ ഉപരോധിക്കുകയും ചെയ്തിരുന്നു.