- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് രോഗിയുമായി പോയ ആംബുലൻസിന് കടന്നു പോകാൻ തടസമായി മതിൽ; സ്വന്തം പുരയിടത്തിലെ മതിൽ പൊളിച്ചുമാറ്റി വഴിയൊരുക്കി വീട്ടുടമയും; എരമല്ലൂർ സ്വദേശി രാജേഷ് മതിൽ പൊളിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിയതോടെ എങ്ങും അഭിനന്ദന പ്രവാഹം
കോട്ടയം: കോവിഡ് രോഗിയുമായി പോയ ആംബുലൻസിന് കടന്നു പോകാൻ ബുദ്ധിമുട്ടായി നിന്ന മതിൽ പൊളിച്ചുമാറ്റി വീട്ടുടമ. എരമല്ലൂർ സ്വദേശിയും ബസ് ഡ്രൈവറുമായ രാജേഷ് എന്ന വ്യക്തിയാണ് സ്വന്തം പുരയിടത്തിലെ മതിൽ പൊളിച്ചുമാറ്റി വഴിയൊരുക്കിയത്. ഇതിന്റെ വീഡിയോ ദൃശ്യം വാഹനത്തിന്റെ ഡ്രൈവർ സമൂഹ മാധ്യമത്തിൽ പങ്കുവച്ചതോടെയാണ് വിവരം പുറം ലോകമറിഞ്ഞത്.
കഴിഞ്ഞ ദിവസമാണ് സംഭവം. കോട്ടയം പാക്കിൽ ജീസസ് ഫോർ ജെന്റയിൽസ് ചർച്ചിന്റെ കോവിഡ് സൗജന്യ സേവനം നടത്തുന്ന ആംബുലൻസാണ് ഇടവഴിയിൽ കുടുങ്ങിപ്പോയത്. എരമല്ലൂർ സ്വദേശികളായ ആറു രോഗികളെ വീടുകളിൽ നിന്നും സി.എഫ്.എൽ.ടി.സിയിലേക്ക് കൊണ്ടു പോകുകയായിരുന്നു. നടക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്ന രോഗികൾ ഉണ്ടായിരുന്നതിനാൽ ഇടറോഡിൽകൂടി വീടുകളുടെ അടുത്തേക്ക് വാഹനം ചെന്നെത്തുകയായിരുന്നു.
തിരികെ വരുന്നവഴി വളവു തിരിഞ്ഞപ്പോൾ ആംബുലൻസ് മതിലുകൾക്കിടയിൽ കുടുങ്ങിപ്പോയി. മുന്നോട്ടും പിന്നോട്ടും എടുക്കാനാവാത്ത സ്ഥിതി. വാഹനം അനക്കിയാൽ വലിയ കേടുപാടു വരും. നാട്ടുകാർ കൂടിയെങ്കിലും എങ്ങനെ വാഹനം സുരക്ഷിതമായി മാറ്റാമെന്ന് യാതൊരു വഴിയും കണ്ടില്ല. ഈ സമയം വാഹനത്തിനുള്ളിൽ ഉണ്ടായിരുന്ന ഒരു രോഗിക്ക് കടുത്ത ശ്വാസം മുട്ടൽ തുടങ്ങി. ഈ സമയമാണ് രാജേഷ് തന്റെ മതിൽ പൊളിച്ചുമാറ്റി വാഹനം കടത്തിവിടാൻ മുന്നോട്ട് വന്നത്.
വീട്ടിൽ നിന്നും കോടാലിയും മറ്റും എടുത്തുകൊണ്ട് വന്ന് വാഹനം കുടുങ്ങിയ വശത്തെ മതിൽ പൊളിക്കാൻ തുടങ്ങി. നിമിഷനേരം കൊണ്ട് മതിൽ പൊളിച്ച് വാഹനം കടത്തി വിട്ടു. ഈ സമയം വാഹനത്തിന്റെ ഡ്രൈവറും ഡിവൈഎഫ്ഐ അംഗവുമായ റിയാസ് ദൃശ്യങ്ങൾ പകർത്തിയിരുന്നു. ഒരു തുണ്ട് ഭൂമിപോലും വഴിക്കും മറ്റും വിട്ടുകൊടുക്കാത്ത കാലത്ത് തന്റെ മതിൽ പൊളിച്ച് വഴിയൊരുക്കിയ രാജേഷിന്റെ മനസ്സിലെ നന്മ പുറം ലോകത്തെ അറിയിക്കാനാണ് വീഡിയോ പകർത്തിയതെന്ന് റിയാസ് പറഞ്ഞു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾക്ക് താഴെ രാജേഷിനെ അഭിനന്ദിച്ച് നിരവധിപേർ രംഗത്ത് വന്നിരിക്കുകയാണ്. സന്നദ്ധ സംഘടനയുടെ പ്രവർത്തകർ വരും ദിവസം രാജേഷിനെ നേരിൽകണ്ട് ചെറിയ സഹായം ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ്.
പാക്കിൽ ജീസസ് ഫോർ ജെന്റൈയിൽസ് ചർച്ച് പാസ്റ്റർ രാജീവിന്റെ ഉടമസ്ഥതയിലുള്ള വാഹനം കഴിഞ്ഞ മാസം ആറാം തീയതിമുതലാണ് കോവിഡ് സൗജന്യ സേവനം ആരംഭിച്ചത്. രാജീവിന്റെ നേതൃത്വത്തിൽ ഭാര്യയും സമീപ പ്രദേശങ്ങളിലെ യുവാക്കളും ചേർന്ന് കോവിഡ് ബാധിച്ച നിർദ്ദനരായവരെ സൗജന്യമായി ആശുപത്രിയിലെത്തിക്കുന്നത്. ജില്ലാഭരണകൂടത്തിന് കീഴിൽ രജിസ്റ്റർ ചെയ്ത ശേഷമാണ് സേവനം തുടങ്ങിയത്.
ഇതുവരെ ഒന്നര ലക്ഷത്തോളം രൂപ ചിലവു വഹിക്കേണ്ടി വന്നിട്ടും സർക്കാരിന്റെ ഭാഗത്ത് നിന്നും ഇവർക്ക് യാതൊരു സഹായവും ലഭിച്ചിട്ടില്ല. രാജീവിന്റെ പക്കൽ നിന്നും പണം എടുത്താണ് ഇന്ധനം നിറക്കുന്നത്. ഈ സാഹചര്യത്തിൽ വാഹനത്തിന് കേടുപാടുകൾ വന്നാൽ നന്നാക്കാനായി ഏറെ ബുദ്ധിമുട്ടാണ്. അപ്പോഴാണ് സ്വന്തം മതിൽ പോലും പൊളിച്ചുമാറ്റി വാഹനം കടന്നു പോകാൻ വഴിയൊരുക്കി രാജേഷ് എത്തിയത്.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.