തിരുവനന്തപുരം: ആദ്യരാത്രി കാളരാത്രിയായി എന്ന് കേട്ടിട്ടല്ലേയുള്ളു. തിരുവനന്തപുരം അരുവിക്കര സ്വദേശിയായ യുവാവ് അത് കഴിഞ്ഞ ദിവസം ശരിക്ക് അനുഭവിച്ചറിഞ്ഞു.വിദേശത്താണ് വരന് ജോലി.മോടിയായി കല്യാണം. ആര്യനാട് പറണ്ടോട് സ്വദേശിനിയാണ് വധു.

വിവാഹം കഴിഞ്ഞു. വരന്റെ വീട്ടിലെ സൽക്കാരവും കഴിഞ്ഞു.എല്ലാവർക്കും സന്തോഷം. ആദ്യരാത്രിയിൽ പാലുമായി വധു വരുന്നത് സ്വപ്‌നം കണ്ട് യുവാവ്. മുറിയിൽ കയറി കതകടച്ചതോടെ ഇതുവരെ കണ്ടയാളല്ല വധു. തന്നെയെങ്ങാനും നവവരൻ തൊട്ടാൽ ആത്മഹത്യ ചെയ്യുമെന്നായി ഭീഷണി. തുടർന്ന് അയ്യോ എന്ന് ഉറക്കെ നിലവിളിയും തുടങ്ങി.വീട്ടുകാരെല്ലാം ഓടി വന്നതോടെ സംഗതി പാളിയെന്ന് എല്ലാവർക്കും മനസ്സിലായി.തനിക്ക് വിവാഹമോചനം വേണമെന്നായി വധു.തന്നേക്കാൾ അഞ്ച് വയസ് കുറവുള്ള കാമുകനൊപ്പം പോകണമെന്നായി.പ്രണയം തലയ്ക്ക് പിടിച്ച യുവതി വഴങ്ങാതെ വന്നതോടെ ആകെ സംഘർഷാവസ്ഥ.

വിവാഹം കഴിച്ച യുവാവിനൊപ്പം ജീവിക്കാനില്ല എന്നും പറവൂർ സ്വദേശിയായ യുവാവിനൊപ്പം പോകണം എന്നും യുവതി നിർബന്ധം പിടിച്ചു. ഇടയ്ക്കിടയ്ക്കു ബ്ലെയിഡ് ഉപയോഗിച്ചു കൈമുറിക്കാനും ശ്രമിച്ചു. ഇതോടെ നവവരനും ബന്ധുക്കളും പൊലീസിനെ വിളിച്ചു. രണ്ടു കൂട്ടരേയും പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ചു.

തുടർന്നു വധുവിന്റെ ബന്ധുക്കൾ സ്ഥലത്ത് എത്തി. നവവരനു നഷ്ടപരിഹാരം നൽകാമെന്ന ഉറപ്പിൻ മേൽ പ്രശ്നം അവസാനിപ്പിച്ചു. ഇതിനിടയിൽ വിവാഹം കഴിക്കണം എന്ന കാമുകിയുടെ അഭ്യർത്ഥന 17 കാരൻ കാമുകൻ തള്ളിയതോടെ ആന്റിക്ലൈമാക്‌സ്.

ഇതോടെ കുട്ടിക്കാമുകൻ പീഡിപ്പിച്ചന്നായി പരാതി. തെളിവുകൾ സഹിതം പൊലീസിൽ പരാതി നൽകി.പയ്യൻസിന് പ്രായപൂർത്തിയായതിനു ശേഷം വിവാഹം നടത്താമെന്ന ധാരണയിലാണ് പ്രശ്നം താൽക്കാലികമായി പരിഹരിച്ചത്.