മംഗളൂരു: വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കകം നവവധു ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ബീർപുഗുദ്ദെ ജമാഅത്ത് പ്രസിഡന്റ് അബ്ദുൽ കരീമിന്റെ മകളായ ഇരുപത്തിമൂന്നുകാരി ലൈല അഫിയയാണ് പുതുജീവിതത്തിലേക്ക് പ്രവേശിച്ച അന്നു രാത്രി മരണപ്പെട്ടത്.

ഞായറാഴ്‌ച്ചയായിരുന്നു ലൈലയുടെ വിവാഹം. വ്യാപാരിയായ മുബാറക് ആയിരുന്നു വരൻ. ലൈലയുടെ ജ്യേഷ്ഠന്റെയും വിവാഹം അന്നു തന്നെ ആയിരുന്നു.

വിവാഹാനന്തര ചടങ്ങുകൾക്കും ഒത്തുചേരലിനുമായി വരൻ മുബാറക് ഉൾപ്പെടെയുള്ള കുടുംബം ലൈലയുടെ വീട്ടിൽ എത്തിയിരുന്നു. ചടങ്ങുകൾക്കിടെ, രാത്രി രണ്ടരയോടെ നെഞ്ചുവേദന അനുഭവപ്പെടുന്നതായി ലൈല പറഞ്ഞു.

പിതാവും സഹോദരനും ഭർത്താവും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഹൃയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു.