- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
വിവാഹ ശേഷം വരന്റെ വീട്ടിലേക്ക് പോകുന്നതിനിടെ നാടകീയമായി കാർ തടഞ്ഞ് ഒരുസംഘം; വിജനമായ സ്ഥലത്ത് കാർ ബ്ലോക്ക് ചെയ്തതോടെ താലിമാല ഭർത്താവിന് ഊരി നൽകി വധു സംഘത്തിനൊപ്പം മുങ്ങി; വർഷങ്ങളോളം ഗൾഫിൽ കഷ്ടപ്പെട്ട് സമ്പാദ്യം സ്വരുക്കൂട്ടി വിവാഹത്തിനായി പുറപ്പെട്ട യുവാവ് ഒന്നും മനസ്സിലാകാതെ അമ്പരപ്പിൽ; തൃശൂർ ദേശമംഗലത്തെ പ്രണയനാടകത്തിന് ഒടുവിൽ സംഭവിച്ചത്
തൃശൂർ: വിവാഹം കഴിഞ്ഞ് ഭർത്താവിന്റെ ഒപ്പം വീട്ടിലേക്ക് പോകുന്നതിനിടെ വധുവിനെ സിനിമ സ്റ്റൈലിൽ കാർ തടഞ്ഞ് കാമുകൻ കൂട്ടിക്കൊണ്ടുപോയി'. തൃശൂർ ദേശമംഗലം പഞ്ചായത്തിലെ കടുകശ്ശേരിയിലാണ് സംഭവം. കഴിഞ്ഞ ദിവസം കടുകശ്ശേരിയിലുള്ള വധു ചെറുതുരുത്തി പുതുശ്ശേരിയിലുള്ള യുവാവിനെ വീട്ടുകാരുടെ ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ ശേഷം വരന്റെ വീട്ടിലേക്ക് വരുന്നതിനിടെ വിജനമായ സ്ഥലത്തുവെച്ച് കാമുകനും കൂട്ടുകാരും കാർ തടയുകയായിരുന്നു. തുടർന്ന് താലിമാല ഭർത്താവിന് ഊരി നൽകി വധു കാമുകന്റെ കൂടെപോയി.
ഭർത്താവിന്റെ പരാതിയെ തുടർന്ന് ചെറുതുരുത്തി പൊലീസ് യുവതിയെയും കാമുകനെയും സ്റ്റേഷനിൽ വിളിച്ചുവരുത്തി.ബന്ധുക്കളുടെ നേതൃത്വത്തിൽ നടന്ന ചർച്ചയെ തുടർന്ന് ആഭരണങ്ങൾ ഊരി വാങ്ങിയ ശേഷം യുവതിയെ കാമുകന്റെ വീട്ടുകാരുടെ കൂടെ പറഞ്ഞയച്ചു. ഭർത്താവിന്റെ വീട്ടുകാർക്ക് കല്യാണ ചെലവിന് നഷ്ടപരിഹാരമായി രണ്ടര ലക്ഷം രൂപ വധുവിന്റെ പിതാവ് നൽകിയ ശേഷമാണ് പൊലീസ് കേസ് പിൻവലിച്ചത്.
വർഷങ്ങളായി പെൺകുട്ടിയും കാമുകനും പ്രണയത്തിലായിരുന്നു. വിവാഹം ആലോചിച്ച് കാമുകൻ പല തവണ പെൺകട്ടിയുടെ വീട്ടിലെത്തിയിരുന്നെങ്കിലും വീട്ടുകാർ സമ്മതിച്ചില്ല. കാർ ഡ്രൈവറായ കാമുകന് മകളെ കെട്ടിച്ചു കൊടുക്കില്ലെന്ന വാശിയിലായിരുന്നു മാതാപിതാക്കൾ. പെൺകുട്ടി പരമാവധി പരിശ്രമിച്ചെങ്കിലും വീട്ടുകാർ വിട്ടു വീഴ്ചയ്ക്ക് തയ്യാറായില്ല. തുടർന്നാണ് പുതുശ്ശേരിയിലുള്ള യുവാവുമായി വിവാഹം ആലോചിച്ചത്. പെൺകുട്ടിക്ക് വിവാഹത്തിന് സമ്മതമല്ലായിരുന്നെങ്കിലും വീട്ടുകാരുടെ സമ്മർദ്ദത്തിൽ സമ്മതിക്കുകയായിരുന്നു.
വിവാഹം കഴിഞ്ഞ് ഭർതൃ വീട്ടിലേക്ക് പോകുമ്പോഴാണ് കാമുകൻ സുഹൃത്തുക്കളുമായെത്തി കാർ തടഞ്ഞത്. താനുമായി പെൺകുട്ടി ഇഷ്ടത്തിലാണെന്നും അവളുടെ സമ്മതമില്ലാതെയാണ് വിവാഹം നടത്തിയതെന്നും കാമുകൻ വരനോട് പറഞ്ഞു. തുടർന്ന് പെൺകുട്ടി കാറിൽ നിന്നും ഇറങ്ങി താലിമാല ഊരി വന് നൽകി കാമുകനൊപ്പം പോകുകയായിരുന്നു. സംഭവിക്കുന്നതെന്താണെന്ന് വരന് ഒട്ടും മനസ്സിലായില്ല. അപ്പോഴേക്കും ഇരുവരും പോയിക്കഴിഞ്ഞു. തുടർന്ന് ചെറുതുരുത്തി പൊലീസിൽ പരാതി നൽകുകയായിരുന്നു.
പെൺകുട്ടിയെ വിവാഹം കഴിച്ച യുവാവ് ഗൾഫിലാണ്. വർഷങ്ങളോളം നാട്ടിലേക്ക് വരാതെ സമ്പാദ്യം സ്വരുക്കൂട്ടിയതിന് ശേഷമാണ് വിവാഹം കഴിക്കാൻ തീരുമാനിച്ചത്. നിരവധി വിവാഹങ്ങൾ ആലോചിച്ചെങ്കിലും ഒന്നും നടന്നില്ല. അവസാനം കടുകശ്ശേരിയിലെ പെൺകുട്ടിയുമായി വിവാഹം ഉറപ്പിക്കുകയായിരുന്നു. ഏറെ സന്തോഷത്തിലായിരുന്ന യുവാവ് ഇപ്പോൾ മാനസ്സികമായി ഏറെ തളർന്നിരിക്കുകയാണ്.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.