ബെയ്ജിങ്: ചൈനയിൽ നവവധുവിനു നേർക്ക് വിവാഹത്തിനെത്തിയ അതിഥികളുടെ ലൈംഗികാതിക്രമം. ഒരു മുറിയിൽ നടക്കുന്ന സംഭവം കണ്ട് മറ്റുള്ള അതിഥികൾ ആർത്തു ചിരിക്കുന്നതല്ലാതെ പെൺകുട്ടിയെ രക്ഷപ്പെടുത്താനോ അക്രമികളെ പിന്തിരിപ്പിക്കാനോ ആരും ശ്രമിക്കുന്നില്ല. മുറിയിലുണ്ടായിരുന്ന ഒരാൾതന്നെ സംഭവത്തിന്റെ വീഡിയോയും ചിത്രീകരിച്ചു.

ഏഴ് ആണുങ്ങൾ ചേർന്ന് വധുവിനെ കിടക്കയിലേക്കു തള്ളിയിട്ട് ശരീരമാസകലം പിടിക്കാൻ ശ്രമിക്കുന്നതു വീഡിയോയിൽ ദൃശ്യമാണ്. വധു പിടച്ചുകൊണ്ട് എഴുന്നേൽക്കാൻ ശ്രമിക്കുമ്പോൾ ഒരാൾ അവളുടെ മുഖം കൈകൊണ്ട് താഴേയ്ക്ക് അമർത്തിപ്പിടിക്കുന്നു. തന്റെ മാറിടം മറയ്ക്കാനുള്ള യുവതിയുടെ ശ്രമങ്ങളും മറ്റൊരാൾ വിഫലമാക്കുന്നു.

യുവതിക്കു നേർക്ക് ലൈംഗികാക്രമണം നടത്തുന്ന സമയത്തൊക്കെ എല്ലവരും ആർത്തു ചിരിക്കുകയാണ്. അക്രമം നടത്തിയ ഏഴു പേർക്കു പുറമേ ഒരു ഡസനോളം ആളുകൾക്കൂടി മുറിയിലുണ്ടായിരുന്നു. ഇവരിലാരുംതന്നെ പെൺകുട്ടിയെ സഹായിക്കാനെത്തുന്നില്ല. പകരം പലരും മൊബൈലുകൾ എടുത്ത് രംഗം ചിത്രീകരിക്കാനാണു ശ്രമിച്ചത്.

ചൈനയിൽ പ്രചാരത്തിലുള്ള വീഡിയോ ഷെയറിങ് ആപ് ആയ മിയാവോപായിൽ 19നു പോസ്റ്റ് ചെയ്യപ്പെട്ട വീഡിയോ ഇതുവരെ 17 ലക്ഷം ആൾക്കാരാണു കണ്ടിരിക്കുന്നത്. എവിടെവച്ച്, എപ്പോൾ സംഭവം നടന്നുവെന്നകാര്യം പറയുന്നില്ല.