ഇടുക്കി: രണ്ട് മണിക്കൂർ മഴ നിർത്താതെ പെയ്തപ്പോൾ ഒരു കോടി രൂപ മുടക്കി നിർമ്മിച്ച പാലം വെള്ളത്തിലായി. ഒരു മാസം മുമ്പ് ഒരു കോടി രൂപ മുടക്കി പണിത പാലമാണ് ഒരൊറ്റ മഴയിൽ ഒലിച്ചു പോയത്. പ്രളയത്തിൽ പൊളിഞ്ഞു പോയ പാലത്തിന് പകരമായി ഇക്കഴിഞ്ഞ ഒക്ടോബറിൽ നിർമ്മിച്ച പാലമാണ് ഒരൊറ്റ മഴയിൽ പൊട്ടിപ്പൊളിഞ്ഞ് ഇല്ലാതായാത്. ഒക്ടോബർ ആദ്യവാരത്തോടെയാണ് മൂന്നാർ-ഉദുമൽപ്പെട്ട അന്തർ സംസ്ഥാന പാതയിലെ പെരിയവാരക്ക് സമീപം താൽക്കാലിക പാലം നിർമ്മിച്ചത്.

പ്രളയത്തിൽ തകർന്ന പാലത്തിന് സമീപത്താണ് മണ്ണും കല്ലും ഉപയോഗിച്ച് വാഹനങ്ങൾക്ക് കടന്നുപോകാൻ ഒരു മാസത്തിനുള്ളിൽ പാലം നിർമ്മിച്ചത്. എന്നാൽ പാലം പണി പൂർത്തിയായി ഒരു മാസം കഴിഞ്ഞപ്പോൾ തന്നെ പാലം പൊളിഞ്ഞു പോകുകയായിരുന്നു. ഇതോടെ ഒരു കോടി രൂപ ചെലവിട്ട് നിർമ്മിച്ച പാലം ഒരു മാസം കൊണ്ട് പൊളിഞ്ഞു പോയതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരിക്കുകയാണ്. യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പാലത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

ലക്ഷങ്ങൾ മാത്രം ചിലവഴിക്കേണ്ട താൽക്കാലിക പാലത്തിന് കോടികൾ ചെലവാക്കിയ എംഎ‍ൽഎ. എസ്.രാജേന്ദ്രനെതിരെയും, എംപി ജോയ്‌സിനെതിരെയും വിജിലൻസ് അന്വേഷണം നടത്തണമെന്നും ആവശ്യം ഉയർന്നു. ഒരു കോടി രൂപ ചെലവിട്ട പാലം ദേശീയ പാത അധികൃതരാണ് നിർമ്മാണം പൂർത്തിയാക്കിയത്. പട്ടാളത്തെ ഉപയോഗിച്ച് പാലം പണി പൂർത്തിയാക്കണമെന്ന് അന്ന് പ്രാദേശിക നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ നിർദ്ദേശം അവഗണിക്കുക ആയിരുന്നു.

നിർമ്മാണത്തിലെ അപാകത നേതാക്കൾ ചൂണ്ടിക്കാട്ടിയെങ്കിലും സർക്കാർ മുഖവിലയ്ക്കെടുത്തില്ല. ഇതിനിടെയാണ് വെള്ളിയാഴ്ച രണ്ട് മണിക്കൂർ പെയ്ത കനത്ത മഴയിൽ പാലം ഒലിച്ച് പോയത്. ഇതോടെ അന്തർസംസ്ഥാന പാതയിലൂടെയുള്ള ചരക്ക് നീക്കം പൂർണ്ണമായി നിലച്ചു. രാജമല സന്ദർശനത്തിന് പോകുന്ന സഞ്ചാരികളടക്കം കഴിഞ്ഞ പ്രളയത്തിൽ തകർന്ന പാലത്തിൽ സ്ഥാപിച്ചിരിക്കുന്ന പോസ്റ്റുകൾ വഴി നടന്ന് മറുകരയിലെത്തി മറ്റ് വാഹനങ്ങളെ അശ്രയിക്കുകയാണ്.

പാലത്തിന്റെ നിർമ്മാണം ഉടൻ പൂർത്തിയാക്കി ഗതാഗതം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ശനിയാഴ്ച പാലത്തിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. കെപിസിസി. വൈസ് പ്രസിഡന്റ് എ.കെ മണി, ഡി.സി. സി ജനറൽ സെക്രട്ടറി ജി. മുനിയാണ്ടി, നെൽസൻ തുടങ്ങിയവർ പങ്കെടുത്തു.