ലണ്ടൻ: തുടർച്ചയായ രണ്ടാം ദിവസവും എല്ലാ മേഖലകളിലും കോവിഡ് പ്രഭാവം താഴോട്ട് വന്നിരിക്കുകയാണ്. കോവിഡ് വ്യാപനത്തിന്റെ ഗൗരവം കണക്കാക്കുന്നതിന് അടിസ്ഥാനമാക്കുന്ന കോവിഡ് വ്യാപന നിരക്ക്, കോവിഡ് മരണനിരക്ക്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന കോവിഡ് രോഗികളുടെ എണ്ണം എന്നീ മൂന്ന് കാര്യങ്ങളും താഴോട്ട് തന്നെ പോവുകയാണ്. ഇന്നലെ 84,053 പേർക്കാണ് ബ്രിട്ടനിൽ കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞയാഴ്‌ച്ചയിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 5.7 ശതമാനത്തിന്റെ കുറവാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്.

ഇന്നലെ ഔദ്യോഗിക രേഖകൾ പ്രകാരം ബ്രിട്ടനിൽ 254 പേരാണ് കോവിഡിന്കീഴടങ്ങി മരണം വരിച്ചത്. കഴിഞ്ഞയാഴ്‌ച്ചയിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 8.3 ശതമാനത്തിന്റെ കുറവ് ഇക്കാര്യത്തിൽ ദൃശ്യമാണ് അതേസമയം, രോഗം മൂർച്ഛിച്ച് ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്ന കോവിഡ് രോഗികളുടെ എണ്ണത്തിലും 8.2 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. കോവിഡ് ഒരു സാധാരണ ഫ്ളൂവിന്റെ തലത്തിലേക്കെത്താൻ കുറഞ്ഞത് ഒരു ദശാബ്ദമെങ്കിലും എടുക്കുമെന്ന് സർക്കാർ ശാസ്ത്രോപദേശക സമിതി അംഗങ്ങൾ ഇന്നലെ പറഞ്ഞിരുന്നെങ്കിലും, ഇപ്പോൾ നടക്കുന്നത് തികച്ചും അനുകൂലവും പ്രതീക്ഷകൾ നൽകുന്നതുമായ സാഹചര്യമാണ്.

ഓമിക്രോൺ താരതമ്യേന ദുർബലമായതും ഒപ്പം ബ്രിട്ടനിലെ വാക്സിൻ പദ്ധതിയുടെ വിജയവുമാണ് കോവിഡിനെ നിയന്ത്രിക്കാൻ ബ്രിട്ടന് തുണയായത്. അതു തന്നെയാണ് ബ്രിട്ടീഷ് ജനതയ്ക്ക് കോവിഡിനൊപ്പം ജീവിക്കാൻ കഴിയുമെന്ന ആത്മവിശ്വാസവും ധൈര്യവും പകരുന്നതും. അതേസമയം അമിതമായ ആത്മവിശ്വാസം നല്ലതല്ലെന്നാണ് ശാസ്ത്രോപദേശക സമിതി മുന്നറിയിപ്പ് നൽകുന്നത്. മറ്റൊരു മ്യുട്ടേഷൻ നടന്നുകൂടായ്കയില്ല എന്ന് അവർ ഓർമ്മിപ്പിക്കുന്നു. പുതിയൊരു വകഭേദം അവതരിച്ചാൽ അത് എത്തരത്തിലുള്ളതായിരിക്കും എന്നത് ഇപ്പോൾ പറയാൻ ആവില്ലെന്നും അവർ പറയുന്നു.

മാത്രമല്ല, വ്യാപനത്തിന്റെ ശക്തി അളക്കുന്ന ആർ നിരക്ക് രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ഇപ്പോഴും 1.3 യിൽ നിൽക്കുന്നു എന്ന് യു കെ ഹെൽത്ത് സെക്യുരിറ്റി ഏജൻസിയും ചൂണ്ടിക്കാട്ടുന്നു. അതേസമയം ഭൂരിഭാഗം ഭാഗങ്ങളിലും ഇത് 0.8 നും 1.1 നും ഇടയിലാണ്. കഴിഞ്ഞയാഴ്‌ച്ച ഇത് ഇവിടങ്ങളിൽ 0.7 നും 0.8 നും ഇടയിലായിരുന്നു എന്നും അവർ ചൂണ്ടിക്കാണിക്കുന്നു. രോഗവ്യാപനം പൂർണ്ണമായും ചെറുക്കാൻ ആയിട്ടില്ല എന്നുതന്നെയാണ് ഈ കണക്കുകൾ കാണിക്കുന്നത്.

ഇപ്പോൾ പ്രധാനമായും കോവിഡ് ബാധിക്കുന്നത് കുട്ടികളിലാണ്. സ്വാഭാവിക പ്രതിരോധ ശേഷി കൂടുതലുള്ള കുട്ടികളിൽ പലപ്പോഴും ദുർബലമായ ഓമിക്രോൺ വകഭേദം കാര്യമായ ലക്ഷണങ്ങൾ പോലും പ്രകടിപ്പിക്കാറില്ല. എന്നാൽ, കുട്ടികളിൽ നിന്നും വീടുകളിലെ പ്രായമായവരിലേക്കും മറ്റു തരത്തിൽ അവശതകൾ അനുഭവിക്കുന്നവരിലേക്കും പടർന്നാൽ രോഗം ഗുരുതരമാകാൻ സാധ്യതയുണ്ട്. എന്നാൽ, വ്യാപകമായി നടത്തിയ വാക്സിൻ പദ്ധതിയിലൂടെ അങ്ങനെയൊരു സാഹചര്യത്തെ തടയാം എന്നുതന്നെയാണ് സർക്കാർ പറയുന്നത്.