ലണ്ടൻ: ബ്രിട്ടണിൽ തെരുവിലൂടെ നടക്കുന്ന ഒരാൾക്കും വിശ്വസിക്കാൻ കഴിയില്ല നാളെ അവിടെ നിർണ്ണായകമായ പൊതു തെരഞ്ഞെടുപ്പ് നടക്കുകയാണ് എന്ന്. ഒരൊറ്റ പോസ്റ്റർ നിങ്ങൾക്ക് വഴിയരികിൽ ഒരിടത്തും കണ്ടെത്താൻ കഴിയില്ല. മൈക് കെട്ടി പ്രചാരണവുമില്ല. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി വീട്ടിൽ കയറി ഇറങ്ങാനും ആരുമില്ല. നമ്മുടെ നാട്ടിൽ തെരഞ്ഞെടുപ്പ് എന്നു പറഞ്ഞ് നടക്കുന്ന യാതൊന്നും ഇവിടെ കാണാൻ ഇല്ല. ഏറ്റവും നിർണ്ണായകമായൊരു തെരഞ്ഞെടുപ്പിനാണ് ഈ സ്ഥിതിയെന്നോർക്കണം.

ജനങ്ങളെ ബുദ്ധിമുട്ടിപ്പിക്കുന്ന യതൊരു വിധ ഒരു പ്രചാരണ പരിപാടിയും ഇവിടെ കാണാനില്ല. നിരത്തുകളിൽ പൊതു യോഗങ്ങളുമില്ല . മൈക്ക് അനൗൺസ് മെന്റ് ഇല്ല. പോസ്റ്റർ കളോ കട്ട് ഔട്ടർ കളോ ഇല്ല. സ്ലിപ് വിതരണം ചെയ്യാനായി വീടുകൾ കയറാറില്ല . അപൂർവമയി മാത്രം ചില ഇടങ്ങളിൽ ചെറിയ പോസ്റ്റ റുകൾ മാത്രം കാണാം. പോസ്റ്റുകൾ വഴി സ്ഥാനാർത്ഥികളുടെ അഭ്യർത്ഥനകൾ വോട്ടർമാരിലെത്തുന്നു. മുഖ്യധാരാ മാദ്ധ്യമങ്ങളിലൂടെ ഉള്ള പ്രചരണങ്ങൾക്കാണ് മുൻതൂക്കം .അനൗണ്‌സ്‌മെന്റ് നടത്തിയ സ്ഥാനാർത്ഥികൾക്കെതിരെ ജനങ്ങളുടെ പരാതിയിൽ നടപടിയും വന്നു. വലിയ പിഴയാണ് നൽകേണ്ടത്. ഇന്ത്യാക്കാരനാണ് ഇത് ചെയ്തതെന്നതും ശ്രദ്ധേയം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കത്തി കുത്തോ, വെടിവേപ്പോ,ബൂത്ത് പിടുത്തമോ, കള്ള വോട്ടോ ഇല്ല. എല്ലാം സമാധാനപരം.

അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് ചെലവുകളും കുറവ്. കോർപ്പറേറ്റുകളിൽ നിന്ന് വൻതുക ഫണ്ട് വാങ്ങേണ്ടതുമില്ല. അതുകൊണ്ട് അധികാരത്തിലെത്തുന്നവർ ആർക്കും വിധേയരുമാകണ്ട. അഴിമിതിയും കുറയും. സ്ഥാനാർത്ഥികൾ തമ്മിലെ ടെലിവിഷൻ സംവാദവും പാർട്ടികൾ തമ്മിലെ ചർച്ചകളുമൊക്കെയാണ് തെരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള ഉപാധികൾ. സോഷ്യൽ മീഡിയയുടെ സാധ്യതകളും ഉപയോഗിക്കുന്നു. ഇന്ത്യൻ വംശജനായ കീത് വ്യാസാണ് പ്രചരണത്തിന് മൈക് ഉപയോഗിച്ചത്. തന്റെ കാറിൽ മൈക്ക് വച്ച് വോട്ട് അഭ്യർത്ഥിച്ചുവെന്നാണ് കണ്ടെത്തിയത്. 5000 പൗണ്ട് വരെ പിഴയായി കീത് വ്യാസ് അടയ്‌ക്കേണ്ടി വരുമെന്നാണ് സൂചന. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയായിരുന്നു. കീത്ത് വ്യാസിന്റെ പ്രചരണ കാറിന്റെ വിഡിയോ അധികാരികൾക്ക് കിട്ടിയിട്ടുണ്ട്. മൈക് പ്രചരണം നടക്കുമ്പോൾ സ്ഥാനാർത്ഥി കാറിലുണ്ടായിരുന്നോ എന്ന് പരിശോധിക്കുകയാണ് ഇപ്പോൾ.

നമ്മുടെ നാട്ടിൽ മാദ്ധ്യമങ്ങൾ ഏതെങ്കിലും ഒരു പാർട്ടിക്ക് വേണ്ടി നിലപാടെടുക്കാതെ മാറി നിൽക്കുകയാണ് പതിവെങ്കിൽ ഇവിടെ അങ്ങനെയല്ല. പരസ്യമായി നിലപാട് വ്യക്തമാക്കി തന്നെയാണ് ഇവിടുത്തെ മാദ്ധ്യമങ്ങൾ എക്കാലത്തും നിലയുറപ്പിക്കുക. യുകെയിലെ പ്രമുഖ പത്രങ്ങൾ എല്ലാംതന്നെ വലത്പക്ഷ ഭരണത്തിന്റെ സ്തുതിപാഠകരായി മാറുകയും സ്വന്തം നിലവിട്ട് ലേബർ പാർട്ടിയെ തോൽപ്പിക്കാൻ വ്യാജ വാർത്തകൾ ചമയ്ക്കുകയും ചെയ്യുന്ന ദയനീയമായ കാഴ്ച നമ്മൾ ഏതാനും മാസങ്ങളായി കണ്ട് വരികയാണ്. യുകെയിൽ ഏറ്റവും വായിക്കപ്പെടുന്ന ടാബ്ലോയ്ഡ് ആയ ഡെയ്‌ലി മെയിലും മറ്റും ഇക്കാര്യത്തിൽ നേതൃനിലപാട് തന്നെയാണ് എടുത്തത്. വ്യാജസർവ്വേ ഫലങ്ങളും മറ്റും നിരന്തരമായി പ്രസിദ്ധീകരിച്ച് ടോറികൾക്ക് നേരിയ മുൻതൂക്കം എന്നു പറഞ്ഞു കൊണ്ടിരുന്ന ഈ പത്രം ഇന്ന് പരസ്യമായി തന്നെ മിലിബാൻഡിനെ തോൽപ്പിക്കാൻ ആഹ്വാനം ചെയ്തു കഴിഞ്ഞു. ടെലിഗ്രാഫ് അടക്കമുള്ള എല്ലാ വലതുപക്ഷ മാദ്ധ്യമങ്ങളും ലേബർ പാർട്ടിയുടെ തോൽവിക്ക് വേണ്ടി പരസ്യമായ ആഹ്വാനം ചെയ്തിരിക്കുകയാണ്.

ലോകം മുഴുവൻ ഉറ്റു നോക്കുന്ന യുകെയിലെ തെരഞ്ഞെടുപ്പിനാണ് ഇത്തവണ ബ്രിട്ടൺ സാക്ഷിയാകുന്നത്. വ്യാഴാഴ്ച പൊതുതെരഞ്ഞെടുപ്പ് നടക്കുന്ന ബ്രിട്ടനിൽ പ്രചാരണം അന്തിമഘട്ടത്തിലേക്ക് കടന്നപ്പോഴും സമാധാനപരമാണ് കാര്യങ്ങൾ. ഇത്രയും നാളത്തെ കൺസർവേറ്റീവ് സർക്കാരിന്റെ ഭരണമാകും ഫലത്തെ സ്വാധീനിക്കുക. എട്ടാം തീയതി വൈകുന്നേരത്തോട് കൂടി ഫലങ്ങൾ വന്നു തുടങ്ങും. പതിനെട്ടാം തീയതിയാണ് ആദ്യ പാർലമെന്റ് സമ്മേളനം. ആദ്യപടി സ്പീക്കറെ തെരഞ്ഞെടുക്കുക എന്നതായിരിക്കും. 27 നു പുതിയ സർക്കാരിനെ സ്വാഗതം ചെയ്തു കൊണ്ട് രാജ്ഞിയുടെ പ്രസംഗം ഉണ്ടാവും. അതോടു കൂടി സർക്കാർ പൂർണ്ണമായും അധികാരത്തിൽ വരും.

പ്രധാനമന്ത്രി ഡേവിഡ് കാമറണിന്റെ കൺസർവേറ്റീവ് പാർട്ടിയും എഡ് മിലിബാൻഡിന്റെ നേതൃത്വത്തിലുള്ള ലേബർപാർട്ടിയും ഇഞ്ചോടിഞ്ച് മത്സരത്തിലാണ്. 650 അംഗ പാർലമെന്റിൽ ആർക്കും നിർണായക ഭൂരിപക്ഷം നേടാനാകാത്ത സാഹചര്യമുണ്ടാകുമെന്നാണ് ഏറ്റവും ഒടുവിലത്തെ സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്. ഒന്നിലധികം പാർട്ടികളുടെ കൂട്ടുകക്ഷി സർക്കാരിനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ന്യൂനപക്ഷ സർക്കാർ അധികാരമേൽക്കുന്ന പക്ഷം രാജ്യം ഉടൻതന്നെ വീണ്ടും തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമെന്നാണ് വിലയിരുത്തൽ. ഈ വർഷം ആദ്യംമുതൽ നടന്ന സർവേകളിലെല്ലാം ഇരുപാർട്ടിയും ഇഞ്ചോടിഞ്ച് മത്സരത്തിലാണ്. രണ്ടു പ്രധാന പാർട്ടിയിൽ ഏതും അധികാരത്തിലെത്താൻ സാധ്യതയുണ്ടെന്നാണ് എല്ലാ അഭിപ്രായസർവേയും സൂചിപ്പിക്കുന്നത്.

ചെറുപാർട്ടിയായ സ്‌കോട്ടിഷ് നാഷണൽ പാർട്ടിയെ സ്വാധീനിച്ച് ഭൂരിപക്ഷം തികയ്ക്കാൻ ലേബർപാർട്ടി ശ്രമിക്കുന്നതായും സൂചനയുണ്ട്. നിക്കോളാസ് സ്റ്റർജിയോണിന്റെ നേതൃത്വത്തിലുള്ള സ്‌കോട്ടിഷ് നാഷണൽ പാർട്ടി ലിബറൽ ഡെമോക്രാറ്റുകളെ പിന്തള്ളി മൂന്നാംസ്ഥാനത്തെത്തുമെന്നാണ് പ്രവചനം. കാമറൺ സർക്കാരിന് നിലവിൽ പിന്തുണ നൽകുന്ന നിക്ക് ക്ലെഗ്ഗിന്റെ നേതൃത്വത്തിലുള്ള ലിബറൽ ഡെമോക്രാറ്റിക് പാർട്ടി ഏതുപക്ഷത്തേക്കും ചാടാനുള്ള സാധ്യതയുമുണ്ട്. ഏറ്റവും കൂടുതൽ ജനപിന്തുണ ലഭിക്കുന്ന പാർട്ടിക്കൊപ്പം നിൽക്കുമെന്ന് ക്ലെഗ്ഗ് പ്രഖ്യാപിച്ചു. രാജ്യത്തെ ട്രേഡ് യൂണിയനുകളുടെ ശക്തമായ പിന്തുണ ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് ലേബർ പാർട്ടി. കൺസർവേറ്റീവ് പാർട്ടി 34 ശതമാനവും ലേബർപാർട്ടി 33 ശതമാനവും വോട്ട് നേടുമെന്നാണ് അവസാന പ്രവചനം.

പത്തുലക്ഷത്തിലേറെ ഇന്ത്യൻ വംശജർ ബ്രിട്ടനിലുണ്ടെന്നാണു കണക്ക്. ഇവരുടെ വോട്ട് കൺസർവേറ്റീവ്(ടോറി), ലേബർ പാർട്ടികളെ സംബന്ധിച്ചിടത്തോളം നിർണായകമാണ്. ബ്രിട്ടനിൽ കറുത്ത വംശജനോ ഏഷ്യക്കാരനോ ആയ പ്രധാനമന്ത്രി ഉണ്ടാവുന്നെങ്കിൽ അതു കൺസർവേറ്റീവ് കക്ഷിയിൽനിന്നായിരിക്കുമെന്ന് പ്രചരണമാണ് പ്രധാനമന്ത്രി കാമറോൺ നടത്തുന്നത്. ന്യൂനപക്ഷ എംപിമാരുടെ എണ്ണം കൂട്ടുമെന്ന് അദ്ദേഹം പറഞ്ഞു. 2020 ആകുമ്പോഴേക്കും വംശീയ ന്യൂനപക്ഷങ്ങൾക്ക് പൊലീസിലും യൂണിവേഴ്‌സിറ്റികളിലും കൂടുതൽ പ്രാതിനിധ്യം കിട്ടും. 2010ൽ തെരഞ്ഞെടുക്കപ്പെട്ട 306 കൺസർവേറ്റീവ് എംപിമാരിൽ 11 പേർ കറുത്തവരോ ഏഷ്യക്കാരോ ആയിരുന്നു. ഇത്തവണ കൺസർവേറ്റീവുകൾ ഈ ഗ്രൂപ്പിലെ 56 പേർക്ക് ടിക്കറ്റ് നൽകിയിട്ടുണ്ട്. ലേബർ പാർട്ടി 52 പേർക്കാണു ടിക്കറ്റ് നൽകിയിരിക്കുന്നത്.

സൂര്യൻ അസ്തമിക്കാത്ത രാജ്യമെന്ന് അഭിമാനത്തോടെ പറഞ്ഞിരുന്ന ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ തെരഞ്ഞെടുപ്പാണ് നാളെ നടക്കുന്നത്. അതി തീവ്രവലത് പാർട്ടിയായ യുകിപിന്റെ സാന്നിധ്യം തന്നെയാണ് ഇതിനെ ഏറ്റവും നിർണ്ണായകമാക്കുന്ന പ്രധാന ഘടകം. സ്വാതന്ത്ര്യവാഞ്ചയോടെ നടന്ന കാമ്പയിനിൽ പരാജയപ്പെട്ടെങ്കിലും സ്‌കോട്ടിഷ് ദേശീയതയ്ക്ക് സ്‌കോട്ട്‌ലാന്റിൽ ഉണ്ടായ ഉണർവ്വാണ് രണ്ടാമത്തെ പ്രധാന ഘടകം. ഏതാണ്ട് 70,000 വോട്ടുകൾ മാത്രമാണ് ഒരു പാർലമെന്ററി മണ്ഡലത്തിൽ ആകെയുള്ളത് എന്നതുകൊണ്ടും കഷ്ടി 60 ശതമാനം വോട്ട് മാത്രമേ നടക്കൂ എന്നതുകൊണ്ടും ഓരോ വോട്ടും വളരെ പ്രധാനപ്പെട്ടതാണ്. എന്നുവച്ചാൽ ഏതാണ്ട് 40,000 പേർ മാത്രമാകും ഒരു എംപിക്ക് വേണ്ടി വോട്ട് ചെയ്യുക എന്നർത്ഥം. ഇത് ഇക്കുറി നാല് പാർട്ടികൾക്കായാണ് വീതിച്ച് പോകുന്നത്. ടോറികളും ലേബറും തന്നെയാണ് മുമ്പിൽ എങ്കിലും യുകിപിനെയും ലിബറൽ ഡെമോക്രാറ്റുകളേയും എന്തിനേറെ ഗ്രീൻ പാർട്ടിയേയും പോലും പാടെ വിസ്മരിക്കാൻ സാധ്യമല്ല.

ചുരുക്കിപ്പറഞ്ഞാൽ 15000 വോട്ട് നേടുന്ന ഒരാൾക്ക് ഇക്കുറി ബ്രിട്ടീഷ് പാർലമെന്റിൽ അംഗമാകാം എന്നർത്ഥം. അതുകൊണ്ട് തന്നെ ഓരോ മണ്ഡലത്തിലും മലയാളികളുടെ വോട്ട് അതിനിർണ്ണായകമാണ്. കുറഞ്ഞത് 50 വോട്ടെങ്കിലും ഇല്ലാത്ത ഒറ്റ മണ്ഡലം പോലും യുകെയിൽ ഉണ്ടാവില്ല. 1000 മലയാളി വോട്ടുകൾ വരെയുള്ള മണ്ഡലങ്ങൾ ഇവിടെയുണ്ട്. ലണ്ടനിലേയും ക്രോയ്‌ഡോണിലേയും കാര്യം പറയുകയേ വേണ്ട. വാസ്തവത്തിൽ ഒരുമിച്ച് നിന്നാൽ രാഷ്ട്രീയ പാർട്ടികൾക്കിടയിൽ നിർണ്ണായകമായ സ്ഥാനം നേടാൻ കഴിയുന്ന ഒരു സമൂഹം തന്നെയാണ് ബ്രിട്ടീഷ് മലയാളി സമൂഹം.