ലണ്ടൻ: ബ്രിട്ടീഷുകാർ ഇന്ന് നിർണ്ണായക ജനവിധി രേഖപ്പെടുത്തും. ബ്രിട്ടനിൽ ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പ് ഒരു തൂക്കു പാർലമെന്റിനെയാവും വീണ്ടും സൃഷ്ടിക്കുകയെന്നാണ് വിലയിരുത്തൽ. ഭരണത്തിലുള്ള കൺസർവേറ്റീവുകൾ എന്ന ടോറികൾ(യാഥാസ്ഥിതിക പാർട്ടി) വലിയ കക്ഷിയായി തിരഞ്ഞെടുക്കപ്പെട്ടേക്കാം, പക്ഷെ അവർക്ക് ഭൂരിപക്ഷം ലഭിക്കില്ല. തൊട്ടടുത്ത് ലേബർ പാർട്ടിയാണ്. ലേബർ പാർട്ടിയുടെ നേതൃത്വത്തിൽ ഉള്ള യാഥാസ്ഥിതിക പാർട്ടി വിരുദ്ധ സീറ്റുകൾക്കാണ് ഈ പാർലമെന്റിൽ ഭൂരിപക്ഷം നേടാൻ കഴിയുക എന്നതാണ് ഈ അഭിപ്രായ വോട്ടെടുപ്പുകൾ നൽകുന്ന പ്രധാന സൂചന.

എന്നാൽ കൺസർവേറ്റികൾ ജയിക്കുമെന്ന തരത്തിലാണ് ബ്രിട്ടണിലെ മിക്കവാറും മാദ്ധ്യമങ്ങളും രംഗത്തുള്ളത്. മാദ്ധ്യമങ്ങളുടെ പിന്തുണയിൽ വീണ്ടും അധികാരത്തിലെത്താമെന്നാണ് ജെയിംസ് കാമറൂണിന്റെ പ്രതീക്ഷ. ലേബർ പാർട്ടിയെ എങ്ങനേയും അധികാരത്തിൽ മാറ്റി നിർത്താനുള്ള തന്ത്രങ്ങളാണ് മുഖ്യധാര മാദ്ധ്യങ്ങൾ നടത്തുന്നത്. ഇത് വിജയിച്ചില്ലെങ്കിൽ എഡ് മിലിബാൻഡിന്റെ നേതൃത്വത്തിൽ ലേബർ പാർട്ടി വീണ്ടും ബ്രിട്ടണിൽ അധികാരത്തിലെത്തും. മത്സരം കടക്കുമ്പോൾ ചെറുപാർട്ടികളെ കൂട്ടുപിടിച്ച് അധികാരത്തിലെത്താൻ ബ്രിട്ടണിലെ പ്രധാന രണ്ട് പാർട്ടികളും ശ്രമം തുടങ്ങിയിട്ടുണ്ട്.

കേവല ഭൂരിപക്ഷത്തിന് 326 സീറ്റുകൾ വേണ്ടിടത്ത് ഭരണകക്ഷിയായ കൺസർവേറ്റിവുകൾ 283 വരെ സീറ്റ് നേടിയേക്കാമെന്നാണ് പ്രവചനങ്ങൾ. എന്നാൽ ഇതിനെ മറികടക്കാനുള്ള കരുത്ത് എഡ് മിലിബാൻഡിനുണ്ട്. ചിട്ടയായ പ്രവർത്തനമാണ് അവർ നടത്തുന്നത്. ഏഴു പ്രമുഖ കക്ഷികളാണ് തെരഞ്ഞെടുപ്പ് ഗോദയിലുള്ളതെങ്കിലും വലതുപക്ഷ ആഭിമുഖ്യമുള്ള കൺസർവേറ്റിവുകളും ഇടത് ആഭിമുഖ്യമുള്ള ലേബറും തമ്മിലാണ് പ്രധാന മത്സരം. 13 വർഷം നീണ്ട ലേബർ ഭരണത്തിനൊടുവിൽ 2010ൽ അധികാരം തിരിച്ചുപിടിച്ച കാമറൂൺ തന്നെയാണ് കൺസർവേറ്റിവുകളെ പ്രതിനിധാനം ചെയ്യുന്നതെങ്കിൽ പ്രതിപക്ഷ നേതാവ് എഡ് മിലിബാൻഡാണ് ലേബർ പ്രതിനിധി.

ടോണി ബ്‌ളെയറിന്റെ പിൻഗാമിയായി 2010ൽ രംഗത്തുവന്ന മിലിബാൻഡ് ജനകീയനാണെങ്കിലും പ്രധാനമന്ത്രി പദത്തിനു ചേരില്ലെന്ന തരത്തിലാണ് പ്രചാരണം. സ്‌കോട്ട്‌ലൻഡിൽ ശക്തിയാർജിച്ച സ്‌കോട്ടിഷ് നാഷനൽ പാർട്ടി (എസ്.എൻ.പി)യും ലേബർ കോട്ടകളിൽ വെല്ലുവിളി ഉയർത്തുന്നുണ്ട്. യൂറോപ്യൻ യൂനിയനോടും കുടിയേറ്റ അനുകൂല നയങ്ങളോടും കടുത്ത നിലപാടുകളുമായി അടുത്തിടെ രംഗത്തുവന്ന യുകിപ് കൺസർവേറ്റിവുകൾക്കും ഭീഷണിയാണ്. ഈ സാഹചര്യത്തിലാണ് തൂക്ക് പാർലമെന്റിനുള്ള സാധ്യത സജീവമാകുന്നത്.

ചെറുപാർട്ടിയായ സ്‌കോട്ടിഷ് നാഷണൽ പാർട്ടിയെ സ്വാധീനിച്ച് ഭൂരിപക്ഷം തികയ്ക്കാൻ ലേബർപാർട്ടി ശ്രമിക്കുന്നതായും സൂചനയുണ്ട്. നിക്കോളാസ് സ്റ്റർജിയോണിന്റെ നേതൃത്വത്തിലുള്ള സ്‌കോട്ടിഷ് നാഷണൽ പാർട്ടി ലിബറൽ ഡെമോക്രാറ്റുകളെ പിന്തള്ളി മൂന്നാംസ്ഥാനത്തെത്തുമെന്നാണ് പ്രവചനം. കാമറൺ സർക്കാരിന് നിലവിൽ പിന്തുണ നൽകുന്ന നിക്ക് ക്ലെഗ്ഗിന്റെ നേതൃത്വത്തിലുള്ള ലിബറൽ ഡെമോക്രാറ്റിക് പാർട്ടി ഏതുപക്ഷത്തേക്കും ചാടാനുള്ള സാധ്യതയുമുണ്ട്. ഏറ്റവും കൂടുതൽ ജനപിന്തുണ ലഭിക്കുന്ന പാർട്ടിക്കൊപ്പം നിൽക്കുമെന്ന് ക്ലെഗ്ഗ് പ്രഖ്യാപിച്ചു. രാജ്യത്തെ ട്രേഡ് യൂണിയനുകളുടെ ശക്തമായ പിന്തുണ ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് ലേബർ പാർട്ടി. കൺസർവേറ്റീവ് പാർട്ടി 34 ശതമാനവും ലേബർപാർട്ടി 33 ശതമാനവും വോട്ട് നേടുമെന്നാണ് അവസാന പ്രവചനം.

ലോകപ്രശസ്ത തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധനായ നേറ്റ് സിൽവറുടെ പ്രവചനം അനുസരിച്ച് കൺസർവേറ്റിവ് കക്ഷിയാകും മുന്നിൽ 283 സീറ്റുകൾ. രണ്ടാം സ്ഥാനത്തുള്ള ലേബറിന് 270 സീറ്റുകളുണ്ടാകും. എസ്.എൻ.പി 48, ലിബറൽ ഡെമോക്രാറ്റുകൾ 24, ഡി.യു.പി എട്ട്, യുകിപ് ഒന്ന്, മറ്റു കക്ഷികൾ 16 എന്നിങ്ങനെയാകും സീറ്റുകൾ. കമാറൂണിനെ എതിർക്കുന്നവരെ കൂട്ടുപിടിച്ച് ലേബർ നേതാവ് എഡ് മിലിബാൻഡിന്റെ നേതൃത്വത്തിൽ ന്യൂനപക്ഷ സർക്കാർ രാജ്യത്ത് അധികാരത്തിലത്തെുമെന്നും സിൽവർ പ്രവചിക്കുന്നു. ഏതായാലും നാളെ രാവിലെ തന്നെ ഫല പ്രഖ്യാപനം എത്തിതുടങ്ങും. ഇതോടുകൂടി ബ്രിട്ടണിലെ ഭരണം ആർക്കെന്ന ചർച്ചകൾക്കും വിരാമമാകും.

ഇന്ത്യയിലേതിനു സമാനമായ പാർലമെന്റ് തെരഞ്ഞെടുപ്പ് സംവിധാനമാണ് ബ്രിട്ടനിൽ. അധോസഭയായ ഹൗസ് ഓഫ് കോമൺസിലേക്കുള്ള പ്രതിനിധികളെയാണ് തെരഞ്ഞെടുക്കുക. 650 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. ഇംഗ്‌ളണ്ടിൽ 533, സ്‌കോട്ട്‌ലൻഡിൽ 59, വെയിൽസിൽ 40, വടക്കൻ അയർലൻഡിൽ 18. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 326 സീറ്റുകൾ. ഒരു കക്ഷിക്കും ഇത് നേടാനായില്‌ളെങ്കിൽ തൂക്കുസഭയാകും. തുടർന്ന്, സഖ്യകക്ഷി സർക്കാറിന് ശ്രമം തുടരും. രണ്ടാം ലോകയുദ്ധത്തിനുശേഷം രണ്ടു തവണ മാത്രമാണ് വലിയ ഒറ്റക്കക്ഷി കേവല ഭൂരിപക്ഷം നേടാതിരുന്നത്.

ബ്രിട്ടനിൽ വെള്ളക്കാരല്ലാത്ത ഏറ്റവും വലിയ സമൂഹമായ ഇന്ത്യൻ വംശജരുടെ വോട്ടുകൾ തെരഞ്ഞെടുപ്പിൽ ഏറെ നിർണായകമാണ്. 14 ലക്ഷം ഇന്ത്യൻ വംശജർ രാജ്യത്തുള്ളതിൽ 6,15,000 വോട്ടർമാരാണുള്ളത്. മൊത്തം വോട്ടർമാർ 4.5 കോടിയുണ്ടെങ്കിലും ഇന്ത്യൻ വംശജർ ചില മണ്ഡലത്തിൽ സുപ്രധാന സാന്നിധ്യമാണ്. ഇന്ത്യക്കാരെ സ്വാധീനിക്കുന്നതിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി സിഖ് ഗുരുദ്വാരകൾ സന്ദർശിച്ചിരുന്നു.ബ്രിട്ടീഷ് സന്ദർശനത്തിനത്തെിയ ബോളിവുഡ് നടൻ അഭിഷേക് ബച്ചനൊപ്പം ലേബർ സ്ഥാനാർത്ഥി തുറന്ന ജീപ്പിൽ നടത്തിയ യാത്രയും വാർത്തയായി.