ലണ്ടൻ: ഇന്തോ-ബ്രിട്ടീഷ് സമുദ്രാതിർത്തി ലംഘിച്ച് മീൻപിടിത്തം നടത്തിയതിന് 32 ദിവസം ഡിയഗോഗ്രേഷ്യ ദ്വീപിൽ തടവിൽ കഴിഞ്ഞ ഒമ്പത് മലയാളികളടക്കം 23 മീൻപിടിത്തക്കാർ മോചിതരായി. പിഴയടക്കാതെ തന്നെ ഇവരെ വിട്ടയ്ക്കുകയായിരുന്നു. വിദേശ കാര്യമന്ത്രാലയത്തിന്റേയും തമിഴ്‌നാട്ടിൽനിന്നുള്ള സന്നദ്ധ പ്രവർത്തകരുടെയും നിരന്തര ഇടപെടലിനെത്തുടർന്നാണ് ഇത്.

എന്നാൽ തുടരെയുള്ള അതിർത്തിലംഘനം അനുവദിക്കാനാകില്ലെന്നും ഇനിയുള്ള സംഭവങ്ങളിൽ കനത്ത പിഴ ചുമത്തുകയും ബോട്ടുകൾ പിടിച്ചെടുത്തശേഷം, പിഴയടച്ച തൊഴിലാളികളെ നാട്ടിലേക്ക് അയക്കുമെന്നും അല്ലാത്തവരെ തടവിലിടുമെന്നും ബ്രിട്ടീഷ് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്. സെപ്റ്റംബർ 27ന് കന്യാകുമാരിയിൽനിന്ന് 'വിസ്ഡം', 'സേക്രഡ് ഹാർട്ട്' എന്നീ ബോട്ടുകളിൽ മത്സ്യബന്ധനത്തിന് പോയവരാണ് അതിർത്തികടന്ന് മീൻപിടിച്ചതിെന്റ പേരിൽ ബ്രിട്ടീഷ് സൈന്യത്തിെന്റ പിടിയിലായത്. സന്നദ്ധ സംഘടനയ്‌ക്കൊപ്പം ഇവരെ വിട്ടയ്ക്കാൻ വിദേശകാര്യമന്ത്രാലയവും ഇടപെടൽ നടത്തിയിരുന്നു.

'വിസ്ഡം' ബോട്ടിൽ മീൻപിടിത്തത്തിന് പോയ തിരുവനന്തപുരം പൂവാർ സ്വദേശികളായ ബോസ്‌കോ (45), കിച്ചു (25), പൊഴിയൂർ സ്വദേശികളായ രഞ്ജിത് (20), അനിൽ (18), റിനു (19), മനു (21), കന്യാകുമാരി പൂത്തുറൈ സ്വദേശി അരുളപ്പൻ (40), ഇ.പി തുറൈ സ്വദേശികളായ സ്റ്റീഫൻ (45), മൈക്കിൾ രാജ് (29), ലോറൻസ് (45), റോഷൻ ആേന്റാ (27), ജോസഫ് ദാസ് (29) എന്നിവരെയും 'സേക്രഡ് ഹാർട്ട്' ബോട്ടിൽ മീൻപിടിത്തത്തിന് പോയ തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശികളായ ഗിൽബർട്ട് (28), വിനീഷ് (27), ജോയ് (26), കന്യാകുമാറി സ്വദേശി ജസ്റ്റിൻ (29), ഇ.പി തുറൈ സ്വദേശികളായ പിനയടിമൈ (59), പോസ്‌കർ (65), ക്രിസ്തുരാജ് (29), ചിന്നു (18), കാർലോസ് (65), ന്യൂട്ടൺ (26) എന്നിവരെയുമാണ് ബ്രിട്ടീഷ് സൈന്യം തടഞ്ഞുവച്ചിരുന്നത്.

ദക്ഷിണേന്ത്യയിൽനിന്നുള്ളവർ നേരത്തേയും തന്ത്രപ്രധാനമായ ഇന്തോ-ബ്രിട്ടൻ സമുദ്രാതിർത്തി കടന്ന് മീൻപിടിച്ച സംഭവങ്ങൾ ഉണ്ടായിരുന്നു. സാധാരണഗതിയിൽ ഇങ്ങനെ പിടിയിലാകുന്നവരെ ഏതാനും ദിവസം തടവിൽ പാർപ്പിച്ചശേഷം വിട്ടയക്കുകയാണ് പതിവ്. എന്നാൽ, അതിർത്തിലംഘനം പതിവായതോടെ ബ്രിട്ടീഷ് സൈന്യം ഇവരെ പിടികൂടി കോടതി മുമ്പാകെ ഹാജരാക്കുകയായിരുന്നു. മജിസ്‌ട്രേറ്റ് ഇവർക്ക് പിഴ വിധിക്കുകയും ഒപ്പം ഇവരുടെ ബോട്ടുകൾ പിടിച്ചെടുക്കാൻ ഉത്തരവിടുകയും ചെയ്തു. തുടർന്ന് തമിഴ്‌നാട് ആസ്ഥാനമായ ഇന്റർനാഷനൽ ഫിഷർമെൻസ് ഡെവലപ്‌മെന്റ് ട്രസ്റ്റ് പ്രസിഡന്റ് പി. ജസ്റ്റിൻ ആന്റണി ബ്രിട്ടീഷ് പ്രധാനമന്ത്രി, ഫോറിൻ സെക്രട്ടറി എന്നിവർക്ക് ദയാഹരജി സമർപ്പിക്കുകയായിരുന്നു. ഇതോടെയാണ് മോചനം സാധ്യമായത്.

ഇന്ധനം തീർന്നതിനെ തുടർന്ന് കൊച്ചി കടലിൽ നിന്നും ഒഴുകി പോയ ബോട്ട് ബ്രിട്ടീഷ് നാവികസേനയുടെ അധികാര പരിധിയിൽ ചെന്നതാണ് അറസ്റ്റിനും തടവിനും കാരണമായത്. ഏതാണ്ട് ഒരു മാസമായി ഇവർക്ക് എന്ത് പറ്റി എന്നു പോലും വിവരം ഇല്ലാതിരിക്കവെയാണ് കഴിഞ്ഞ ദിവസം ഇവർ ഇംഗ്ലണ്ടിലെ ഏതോ ഒരു ജയിലിൽ ഉണ്ടെന്ന വിവരം ലഭിച്ചത്. ഇവരെ വിട്ടയയ്ക്കാൻ 40,000 പൗണ്ട് കണ്ടെത്തണമെന്നാണ് വീട്ടുകാർക്ക് ലഭിച്ച സന്ദേശമാണ് കാണാതായവരെക്കുറിച്ചുള്ള ദുരൂഹതകൾക്ക് അന്ത്യം കുറിച്ചത്. തമിഴ്‌നാട് തൂത്തൂർ സ്വദേശിയുടേതായിരുന്നു ബോട്ട്.

ഇന്ത്യൻ മഹാസമുദ്രത്തിലെ ബ്രിട്ടീഷ് നാവികസേനയുടെ അധീനതയിലുള്ള ഇംഗ്ലണ്ടിന്റെ തന്ത്രപ്രധാന ദ്വീപായ ഡിഗോഗാർഷ്യക്കടുത്ത് ബോട്ട് എത്തിയതിനാലാണ് ബ്രിട്ടീഷ് നാവിക സേന ഇവരെ തീവ്രവാദികൾ എന്ന് മുദ്രകുത്തി പിടികൂടിയത്. കഴിഞ്ഞ മാസം പതിമൂന്നിനാണ് കൊച്ചിയിൽ നിന്നും രണ്ടു ബോട്ടുകളിലായി അമ്പതോളം പേരടങ്ങിയ മത്സ്യത്തൊഴിലാളി സംഘം പുറംകടലിൽ മീൻപിടുത്തത്തിനായി യാത്ര തിരിച്ചത്. മത്സ്യബന്ധനത്തിനിടെ ഇന്ധനം തീർന്നതിനാൽ ഒരു ബോട്ട് കടലിൽ നങ്കൂരമിട്ടു ഇന്ധനം കൊണ്ടുവരാനായി മറ്റൊരു ബോട്ട് കരയിലേയ്ക്ക് തിരിച്ചു. കാലാവസ്ഥാ മോശമായതിനാൽ ഇന്ധനം തീർന്ന ബോട്ട് ഒഴുകി ഡിഗോഗാർഷ്യക്കടുത്ത് എത്തുകയായിരുന്നു.

നാവിക സേന ഇവരെ പിടികൂടിയ വിവരം മത്സ്യത്തൊഴിലാളികളിൽ ഒരാൾ വീട്ടിലേക്ക് വിളിക്കുന്നത് വരെ വീട്ടുകാർ അറിഞ്ഞിരുന്നില്ല. ഇവരെ കാണാതായി എന്നതിൽ വിഷമിച്ചിരുന്ന വീട്ടുകാർക്ക് ഫോൺ കോൾ ആശ്വാസമായി മാറുകയായിരുന്നു. അഞ്ചുതെങ്ങ് സ്വദേശിയായ ബിനീഷിന്റെ വീട്ടിലേയ്ക്കാണ് കഴിഞ്ഞ മാസം 30ന് ഇംഗ്ലണ്ടിൽ നിന്നും ഫോൺ വന്നത്. ഏഴ് ദിവസത്തിനുള്ളിൽ തങ്ങളെ വിട്ടയയ്ക്കുമെന്നാണ് ഫോണിലൂടെ ബിനീഷ് വീട്ടുകാരെ അറിയിച്ചത്. പിന്നീട് രണ്ടുപ്രാവശ്യം വിളിച്ചിട്ടും വിട്ടയയ്ക്കാനുള്ള നടപടികൾ ആയില്ല എന്നാണ് ബിനീഷ് പറഞ്ഞത്. ഇവരെ നാവികസേന വിട്ടയക്കുമെന്ന് ഓർത്ത് ആശ്വസിച്ചിരുന്ന വീട്ടുകാരെ തേടി ബിനീഷിന്റെ അടുത്ത ഫോൺ കാൾ എത്തിയതോടെ വീട്ടുകാർ ആകെ തളർന്നു.

ഏറ്റവും ഒടുവിൽ കഴിഞ്ഞ മൂന്നാം തീയതി വിളിച്ച ബിനീഷ് വീട്ടുകാരോട് പറഞ്ഞത് 42 ലക്ഷം രൂപ പിഴയടച്ചാൽ മാത്രമെ തങ്ങളെ നാവിക സേന വിട്ടയക്കൂ എന്നാണ്. തുടർന്ന് ഇംഗ്ലണ്ടിൽ നിന്നുള്ള അറിയിപ്പനുസരിച്ച് മത്സ്യ തൊഴിലാളികളുടെ തിരിച്ചറിയൽ രേഖകൾ തമിഴ്‌നാട്ടിൽ നിന്നും ബോട്ടുടമ അയച്ചുനൽകി. ഇതോടെയാണ് ഇവരെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയതും ലക്ഷ്യം കണ്ടതും.