ന്യൂഡൽഹി: ബ്രെക്‌സിറ്റിനുശേഷമുള്ള ബ്രിട്ടന്റെ ഭാവി സുരക്ഷിതമാക്കുന്നതിനുള്ള സുപ്രധാന ചർച്ചകൾക്കായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്‌ ന്യൂഡൽഹിയിലെത്തി. വ്യാപാര-വാണിജ്യ മേഖലകളിൽ ഇന്ത്യയുടെ പിന്തുണ ഉറപ്പാക്കുന്നതിനാണ് തെരേസയുടെ വരവ്. ഇന്നലെ രാത്രി വൈകി ഡൽഹിയിലെത്തിയ അവർ ഇന്നുച്ചയ്ക്ക് 12-ന് ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്്ച നടത്തും. രാത്രി 7.45ന് രാഷ്ട്രപതി പ്രണബ് മുഖർജിയെയും തെരേസ കാണുന്നുണ്ട്.

പ്രതിരോധം, വ്യാപാരം എന്നീ മേഖലകളിൽ ഇന്ത്യയുമായുള്ള സഹകരണം ഉറപ്പാക്കുന്നതിനാണ് തെരേസയുടെ വരവ്. വൻസംഘമാണ് അവർക്കൊപ്പമുള്ളത്. 33 കമ്പനികളുട പ്രതിനിധികൾ ഉൾപ്പെടെ 40 അംഗ സംഘം തെരേസയ്‌ക്കൊപ്പമുണ്ട്. വലിയ മാദ്ധ്യമ സംഘവും ബ്രിട്ടീഷ് പ്രധാനമന്ത്രിയെ പിന്തുടരുന്നു. യൂറോപ്യൻ യൂണിയനിൽനിന്ന് വിടുതൽ നേടാൻ തീരുമാനിച്ചശേഷമുള്ള ആദ്യ പ്രധാന വിദേശ രാജ്യ സന്ദർശനമെന്ന നിലയ്ക്ക് ഏറെ പ്രാധാന്യമാണ് ഇന്ത്യ സന്ദർശനത്തിന് ബ്രിട്ടനിൽ ലഭിച്ചിട്ടുള്ളത്.

ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ സന്ദർനം ഇന്ത്യക്ക് എത്രത്തോളം പ്രയോജനപ്പെടുമെന്നാണ് ഇന്ത്യ ഉറ്റുനോക്കുന്ന കാര്യം. വിസ നടപടികൾ ലഘൂകരിക്കാനും വിദ്യാർത്ഥികൾക്കും തൊഴിലന്വേഷകർക്കും ബ്രിട്ടനിലേക്കുള്ള യാത്ര സുഗമമാക്കാുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ബ്രെക്‌സിറ്റിനുശേഷം വിസ നിയമങ്ങളിൽ ബ്രിട്ടൻ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തുമെന്ന കാര്യം ഉറപ്പായിരിക്കെ, അതിൽ ഇന്ത്യൻ പൗരന്മാർക്ക് ആവുന്നത്ര സൗകര്യങ്ങൾ ലഭ്യമാക്കാനും ചർച്ചയിലൂടെ ലക്ഷ്യമിടുന്നു.

ഇന്ത്യയുമായുള്ള വ്യാപാര കരാറുകൾ കൂടുതൽ ഫലപ്രാപ്തിയിലെത്തിക്കുക എന്നതാണ് തെരേസയുടെ ലക്ഷ്യം. ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടുന്നതോടെ, യൂറോപ്യൻ രാജ്യങ്ങൾക്ക് കിട്ടിയിരുന്ന സ്വീകാര്യത അവർക്ക് നഷ്ടമാകാനിടയുണ്ട്. അതൊഴിവാക്കാനും വാണിജ്യമേഖലയിൽ നിലനിൽക്കുന്ന തടസ്സങ്ങൾ കൂടി ഒഴിവാക്കാനും ബ്രിട്ടീഷ് പ്രധാനമന്ത്രി ലക്ഷ്യമിടുന്നു. പഴക്കം ചെന്ന ബന്ധത്തെ ഇപ്പോഴത്തെ തലമുറയ്ക്ക് അനുസൃതമായി പുതുക്കുകയാണ് തന്റെ ലക്ഷ്യമെന്നും തെരേസ വ്യക്തമാക്കുന്നു.

ചൊവ്വാഴ്ച ബെംഗളൂരുവിലെത്തുന്ന തെരേസ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെയും കാണുന്നുണ്ട്. ഇന്ത്യയുടെ വാണിജ്യകേന്ദ്രം എന്ന നിലയ്ക്കാണ് ബെംഗളൂരു സന്ദർശിക്കുന്നത്. ന്യൂഡൽഹിയിലും ബെംഗളൂരുവിലും വ്യവസായ പ്രമുഖരുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ചർച്ച നടത്തും. ബ്രെക്‌സിറ്റിന് ശേഷമുള്ള വാണിജ്യകരാറിന് രൂപം നൽകുകയാണ് ഈ ചർച്ചകളിലൂടെ അവർ ലക്ഷ്യമിടുന്നത്.

ബ്രെക്‌സിറ്റിനുശേഷമുള്ള ബ്രിട്ടനുവേണ്ടി തെരേസ ചർച്ചയ്ക്കിരിക്കുമ്പോൾ, ഇന്ത്യ അത് മുതലാക്കാനുള്ള ശ്രമവും നടത്തും. ഇന്ത്യൻ തൊഴിലാളികൾക്കും വിദ്യാർത്ഥികൾക്കും ബ്രിട്ടനിലേക്കുള്ള യാത്ര എളുപ്പമാക്കുന്ന നയങ്ങൾ പ്രഖ്യാപിക്കാൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയെ പ്രേരിപ്പിക്കുകയാവും അതിൽ പ്രധാനം. ബ്രിട്ടനിലെയും ഇന്ത്യയിലെയും നഗരങ്ങൾ തമ്മിലുള്ള പങ്കാളിത്തവും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ഈ ചർച്ചകളിൽ പ്രധാന വിഷയമാകും.

ലോകത്തെ ഏറ്റവും പഴക്കം ചെന്ന ജനാധിപത്യ രാജ്യവും ഏറ്റവും വലിയ ജനാധിപത്യ രാജ്യവും തമ്മിലുള്ള പങ്കാളിത്തമാണ് ബ്രിട്ടനും ഇന്ത്യയുമായുള്ളതെന്ന് തെരേസ മെയ്‌ പറയുന്നു. ഒരുമിച്ചുനിന്നാൽ ഇരുരാജ്യങ്ങൾക്കും ഒട്ടേറെ നേട്ടങ്ങൾ കൈവരിക്കാനാകും. ഭീകരതയെ ചെറുക്കുന്നതുൾപ്പെടെയുള്ള കാര്യത്തിൽ ഇരുരാജ്യങ്ങളും തമ്മിൽ സഹകരണമുണ്ടാവണമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി പറയുന്നു. ബ്രെക്‌സിറ്റ് അനന്തര ബ്രിട്ടന്റെ നിലനിൽപ്പിന് ഏറ്റവും സഹായകമായ പങ്കാളിയായാണ് ഇന്ത്യയെ തെരേസ കാണുന്നത്. അതിനുള്ള വഴികൾ തുറക്കുകയാവും മൂന്നുദിവസത്തെ സന്ദർശനത്തിലൂടെ അവർ ചെയ്യുന്നതും.