ലണ്ടൻ: വിവാദങ്ങൾക്കും അനിശ്ചിതത്വത്തിനും ആശങ്കകൾക്കുമൊടുവിൽ ആ കാര്യത്തിലൊരു തീരുമാനമുണ്ടായിരിക്കുകയാണ്. ഐസിസിസ് എന്ന വിഷവിത്തിനെ ഭൂമിയിൽ നിന്ന് വേരോട പിഴുതെറിയാനുള്ള ശുദ്ധകലശത്തിൽ സജീവമായി പങ്കെടുക്കാൻ ബ്രിട്ടനും ഉറച്ച തീരുമാനമെടുത്തിരിക്കുകയാണ്. ഈ ഒരു വിഷയത്തിൽ പ്രധാനമന്ത്രി ഡേവിഡ് കാമറോണിനൊപ്പം നിൽക്കാൻ 66 ലേബർ എംപിമാർ ഉൾപ്പടെ 397 എംപിമാർ തീരുമാനിക്കുകയായിരുന്നു. ഇപ്രകാരം സിറിയയിൽ ഐസിസിനെതിരെയുള്ള വ്യോമാക്രമണത്തിന് പാർലിമെന്റ് പച്ചക്കൊടി കാട്ടി മണിക്കൂറുകൾക്കകം ബ്രിട്ടന്റെ ടൊർണാഡോ യുദ്ധ വിമാനങ്ങൾ സിറിയയിലേക്ക് കുതിച്ച് പറക്കുകയും ഇസ്ലാമിക് സ്റ്റേറ്റിന് മുകളിൽ കനത്ത നാശം വിതച്ച് കൊണ്ട് ബോംബിങ് ആരംഭിക്കുകയും ചെയ്തു. ഇനി വിനാശകാരികളായ ഐസിസ് ജിഹാദികളെ തുടച്ച് നീക്കാൻ റഷ്യയ്ക്കും ഫ്രാൻസിനുമൊപ്പം തോളോട് തോൾ ചേർന്ന് പൊരുതാൻ ബ്രിട്ടനും യുദ്ധഭൂമിയിലുണ്ടാകും.

397 എംപിമാർ തുറന്ന യുദ്ധത്തെ അനുകൂലിച്ചപ്പോൾ 223 എംപിമാർ എതിർക്കുകയും ചെയ്തു. അതായത് ഇക്കാര്യത്തിൽ കാമറോണിന് 174 എംപിമാരുടെ ഭൂരിപക്ഷമുണ്ടെന്ന് സാരം. ബ്രിട്ടൻ ഐസിസിനെ ആക്രമിക്കുക...അല്ലെങ്കിൽ അവർ ബ്രിട്ടനെ ആക്രമിക്കുന്നതിന് കാത്തിരിക്കുക..എന്ന കാമറോണിന്റെ മുന്നറിയിപ്പിനെ മാനിച്ചാണ് 66 ലേബർ എംപിമാർ തങ്ങളുടെ നേതാവ് ജെറമി കോർബിനെ ധിക്കരിച്ച് ബോംബിംഗിന് അനുകൂലമായി വോട്ട് ചെയ്തിരിക്കുന്നത്.ഇതിന് പുറമെ ലിബറൽ ഡെമോക്രാറ്റുകളും ഡിയുപിയും ബോംബിംഗിനെ പിന്തുണച്ചിട്ടുണ്ട്. എന്നാൽ സർക്കാർ യുദ്ധത്തിനിറങ്ങരുതെന്ന മുന്നറിയിപ്പാണ് സ്‌കോട്ടിഷ് നാഷണൽ പാർട്ടി പുറപ്പെടുവിച്ചിരുന്നത്.

ഇക്കാര്യത്തിൽ എംപിമാർക്കിടയിൽ അഭിപ്രായവോട്ടെടുപ്പ് നടത്താൻ ഏതാനും ആഴ്ചകൾക്ക് മുമ്പാണ് പ്രധാനമന്ത്രി കാമറോൺ പദ്ധതിയിട്ടത്. യുകെയെ സംരക്ഷിക്കാൻ എംപിമാർ ഉചിതമായ തീരുമാനമെടുക്കുമെന്നാണ് താൻ വിശ്വസിക്കുന്നതെന്ന് കാമറോൺ ട്വിറ്ററിൽ കുറിച്ചിരുന്നു.എന്നാൽ തുടക്കം മുതലേ സൈനിക ആക്രമണത്തെ ശക്തമായി എതിർത്ത ലേബർ നേതാവ് കോർബിൻ ഇന്നലെയും തന്റെ തീരുമാനത്തിൽ ഉറച്ച് നിന്നു. ലേബർ എംപിമാർ ഇതിനെതിരായി വോട്ട് ചെയ്യണമെന്നായിരുന്നു ആദ്യം അദ്ദേഹം കർക്കശനിർദ്ദേശം നൽകിയിരുന്നത്. ഇതിനെ തുടർന്ന് പാർട്ടിയിൽ കടുത്ത ചേരിതിരിവും ആശയക്കുഴപ്പങ്ങളുമാണ് നിലനിന്നിരുന്നത്. തുടർന്ന് നിരവധി അംഗങ്ങൾ കോർബിനെ ശക്തമായി എതിർക്കുകയും രാജിഭീഷണി വരെ മുഴക്കുകയും ചെയ്തതിനെ തുടർന്ന് എംപിമാരെ ഫ്രീ വോട്ട് ചെയ്യാൻ അദ്ദേഹം അനുവദിക്കുകയായിരുന്നു.

വോട്ടെടുപ്പിന് മുമ്പ് തന്നെ സിറിയയെ ലക്ഷ്യം വച്ച് ബ്രിട്ടന്റെ ടൊർണാഡോകൾ സജ്ജമാക്കി നിർത്തിയിരുന്നു. അനുകൂലമായ തീരുമാനമെടുത്ത് മണിക്കൂറുകൾക്കം രണ്ട് ടൊർണാഡോകൾ സിറിയയിലേക്ക് കുതിക്കുകയും ചെയ്തു. സൈപ്രസിലെ ആർഎഎഫ് അക്രോടിരിയിൽ നിന്നാണിവ അയച്ചത്. മറ്റ് രണ്ട് ടൊർണാഡകൾ രാത്രിയിൽ പുറപ്പെടുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ആറ് ടൈഫൂൺ അറ്റാക്ക് എയർക്രാഫ്റ്റുകളും രണ്ട് ടൊർണാഡോ ജിആർ4 ഫൈറ്റർജെറ്റുകളും സിറിയയിലേക്ക് പുറപ്പെട്ടിട്ടുമുണ്ട്. വിവിധ റേഞ്ചിലുള്ള പടക്കോപ്പുകൾ വഹിക്കാൻ ശേഷിയുള്ളതാണ് ആർഎഎഫ് ജിആർ4 വിമാനങ്ങൾ. പേവ് വേ കഢ ഗൈഡജ് ബോംബുകൾ, പ്രെസിഷൻ ഗൈഡഡ് ബ്രിംസ്റ്റോൺ മിസൈലുകൾ തുടങ്ങിയവ ഇതിന് വഹിക്കാൻ ശേഷിയുണ്ട്. ആർഎഎഫിന്റെ സൈപ്രസിലെ അക്രോടിരി ബേസിൽ നിന്നുള്ള വിമാനങ്ങളായിരിക്കും ഐസിന് ബ്രിട്ടന്റെ വക ആദ്യ പ്രഹരം സമ്മാനിച്ചതെന്നാണ് കരുതുന്നത്.

വോട്ടെടുപ്പിന് മുമ്പ് തികച്ചും നിർവികാരനായിട്ടായിരുന്ന ലേബർ നേതാവ് കോർബിൻ പാർലിമെന്റിലിരുന്നത്. എന്നാൽ നാം ശത്രുവിനെ ഇപ്പോൾ നിർബന്ധമായും നേരിട്ടേ മതിയാകൂ..എന്ന ആവേശം നിറഞ്ഞ പ്രസംഗം നടത്തി കൈയടി നേടുകയായിരുന്നു അതേ സമയം കോർബിന്റെ ഷാഡോ ഫോറിൻ സെക്രട്ടറി ഹില്ലാരി ബെൻ ചെയ്തതെന്നതും ശ്രദ്ധേയമാണ്. വോട്ടടുപ്പിന് മുമ്പ് 11 മണിക്കൂറോളം നീണ്ട മാരത്തോൺ ചർച്ചകൾ ഇതിന്റെ പേരിൽ പാർലമെന്റിൽ അരങ്ങേറിയിരുന്നു. ആക്രമണത്തിൽ പങ്ക് ചേരണമെന്ന ഫ്രാൻസിന്റെയും യുഎസിന്റെയും അഭ്യർത്ഥനകൾക്ക് ബ്രിട്ടൻ മറുപടിയേകണമെന്നായിരുന്നു മിക്ക എംപിമാരും ആവശ്യപ്പെട്ടത്. ടുണീഷ്യൻ ബീച്ച് ആക്രമണം, റഷ്യൻ വിമാനം വെടിവച്ചിടൽ, പാരീസിലെ കൂട്ടക്കൊല, ബ്രിട്ടീഷുകാരടക്കം നിരവധി തടവുകാരുടെ ക്രൂരമായ കൊലപാതകം തുടങ്ങിയ നിരവധി പൈശാചിക കൃത്യങ്ങൾക്ക് ഉത്തരവാദികളായ നരാധമന്മാരായ ഐസിസ് ഭീകർക്കെതിരായ യുദ്ധത്തിൽ ബ്രിട്ടൻ നിർബന്ധമായും പങ്ക് ചേരണമെന്ന് എംപിമാർ നിർബന്ധം പിടിക്കുകയായിരുന്നു.

എന്നാൽ ഇക്കാര്യത്തിൽ ഗവൺമെന്റിന്റെ നിലപാടുകൾ പൂർണമായും ശരിയാണോയെന്ന് പരിശോധിക്കണമെന്നായിരുന്നു തന്റെ പ്രസംഗത്തിൽ ലേബർ നേതാവ് കോർബിൻ അഭിപ്രായപ്പെട്ടത്. ഐസിസിനെതിരെ പോരാടാൻ സജ്ജമായി നിലകൊള്ളുന്നുണ്ടെന്ന് പറയപ്പെടുന്ന 70,000ത്തോളം സിറിയൻ റിബലുകളുടെ കാര്യത്തിൽ അദ്ദേഹം സംശയം പ്രകടിപ്പിച്ചിരുന്നു. ബ്രിട്ടൻ സിറിയയിൽ ബോംബിങ് നടത്തുന്നതിനെ തുടർന്ന് നിഷ്‌ക്കളങ്കരായ ധാരാളം സിവിലിയന്മാർ മരിക്കാനിടയാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വളരെ ഗൗരവപരവും തങ്ങളുടെ ധാർമികതയെ വെല്ലുവിളിക്കുന്നതുമായ ഒരു തീരുമാനമാണ് എംപിമാർ ഇപ്പോൾ എടുക്കുന്നതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. ബ്രിട്ടൻ സിറിയയിൽ യുദ്ധം ചെയ്യുന്നതിനെ എതിർക്കുന്ന നല്ലൊരു വിഭാഗം ആളുകൾ രാജ്യത്തുണ്ടെന്നും അദ്ദേഹം പ്രധാനമന്ത്രിയെ ഓർമിപ്പിച്ചു. ഇതിനുള്ള തെളിവെന്നോണം ബോംബിംഗിനെ എതിർക്കുന്ന നിരവധി പേർ പ്ലേക്കാർഡുകളും മറ്റുമായി പാർലിമെന്റിന് പുറത്ത് തടിച്ച് കൂടുകയും ചെയ്തിരുന്നു.

ഇതിന് മുമ്പ് 2013ൽ ഇത്തരത്തിലൊരു ആക്രമണം സിറിയയിൽ നടത്തുന്നതുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് പാർലിമെൻരിൽ വോട്ടെടുപ്പ് നടന്നിരുന്നു. അന്ന് ഇതിനെ എംപിമാർ നിശിതമായി എതിർത്തതിനെ തുടർന്ന് ആ തീരുമാനം പരാജയപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് ഈ വിഷയത്തിൽ നിഷ്‌ക്രിയമായ നിലപാടായിരുന്നു കാമറോൺ സർക്കാർ പിന്തുടർന്ന് വന്നിരുന്നത്. എന്നാൽ സിറിയിലെ രക്തരൂക്ഷിതമായ അഭ്യന്തരയുദ്ധവും ഐസിസിന്റെ വിളയാട്ടവും അവസാനിപ്പിക്കാൻ ബ്രിട്ടീഷ് സർക്കാർ ഒന്നും ചെയ്യാത്തതിനെ വിമർശിച്ച് പിന്നീട് നിരവധി പേർരംഗത്തെത്തുകയും ചെയ്തിരുന്നു. ഐസിസിനെതിരെ പോരാടാൻ തയ്യാറായി സിറിയയിൽ നിലകൊള്ളുന്ന 70,000 സിറിയൻ റിബലുകൾക്ക് പിന്തുണയേകുന്ന തരത്തിൽ ബ്രിട്ടൻ നിലപാടെടുക്കണമെന്നും ചിലർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് കാമറോൺ ഇത്തരമൊരു യുദ്ധത്തിനായുള്ള വോട്ടെടുപ്പ് വീണ്ടും പാർലമെന്റിൽ നടത്തിയത്.

ഇത്തരമൊരു സൈനിക നീക്കത്തെ ചൊല്ലി ടോറി പാളയത്തിലും കടുത്ത അഭിപ്രായവ്യത്യാസമാണ് നിലനിന്നിരുന്നത്. മുൻ ലീഡർഷിപ്പ് കോണ്ടന്റർ ഡേവിഡ് ഡേവിസ്, ഫോറിൻ അഫയേർസ് കമ്മിറ്റി മെമ്പർ ജോൺ ബാരൻ അടക്കമുള്ള നിരവധി ടോറി എംപിമാർ ഇതിനെ എതിർത്തിരുന്നു. എന്നാൽ നൂറ് കണക്കിന് ടോറി എംപിമാർ ഇക്കാര്യത്തിൽ കാമറോണിന് പിന്തുണച്ചും രംഗത്തിറങ്ങിയിരുന്നു.ഏതായാലും ഇനി സിറിയയിൽ ഇനി മുതൽ ബ്രിട്ടന്റെ തുറന്ന പോരാട്ടത്തിന്റെ നാളുകളാണ്. ഇതിലൂടെ ഐസിസിനെ പൂർണമായും തുടച്ച് നീക്കാനാകുമെന്ന പ്രതീക്ഷയാണ് മിക്കവരും പുലർത്തുന്നത്.