ലോകത്തെ ചൊൽപടിക്കു നിർത്തുന്ന വിദേശ നയമാണ് അമേരിക്കയെ ലോക പൊലീസ് എന്ന വിശേഷണത്തിലേക്കെത്തിച്ചത്. ഏറ്റവും സമ്പന്ന രാജ്യമാക്കി അമേരിക്കയെ നിലനിർത്തുന്നതും ഇതു തന്നെ. മറ്റു ചില രാജ്യങ്ങളും ഈ വഴിയിൽ കുറച്ചൊക്കെ വിജയിച്ചിട്ടുണ്ട്. ബ്രിട്ടനും ജർമനിയും ഫ്രാൻസുമൊക്കെ ഇങ്ങനെ കുറച്ചു രാജ്യങ്ങളെ കീശയിലിട്ടു നടക്കുന്നവരാണ്. നാലഞ്ചു വർഷമായി ചൈനയും ഇന്ത്യയുമാണ് ഈ രാജ്യങ്ങളുടെ ശ്രദ്ധാകേന്ദ്രം. ഇന്ത്യയിലെയും ചൈനയിലെയും സമ്പന്നരുടെയും ഉപഭോഗ പ്രിയരുടെയും എണ്ണ യൂറോപ്പിലെ മിക്ക രാജ്യങ്ങളുടെയും ആകെ ജനസംഖ്യയേക്കാൾ കൂടുതലാണ് എന്നതാണ് വികസിത രാജ്യങ്ങളുടെ നയരൂപീകരണത്തെ സ്വാധീനിച്ചത്. ഇന്ത്യയും ചൈനയും പ്രിയപ്പെട്ട രാജ്യങ്ങളായതിനു പിന്നിലും ഇതു തന്നെ കാരണം. ഇന്ത്യയോടും ചൈനയോടും കൃത്യമായ നയം രൂപീകരിക്കുന്നതിൽ ഏറെ നാളായി ബ്രിട്ടൻ വിജയിച്ചു വരികയും ചെയ്യുന്നു.


ഡേവിഡ് കാമറൂൺ സർക്കാർ ഇക്കാര്യത്തിൽ അമ്പേ പരാജയപ്പെട്ടിരിക്കുന്നു എന്നാണു വിലയിരുത്തൽ.രണ്ടു തവണ ഇന്ത്യ സന്ദർശിച്ചിട്ടും കാര്യമായ വ്യാപാരക്കരാറുകളിലൊന്നും ഏർപ്പെടാൻ സാധിക്കാത്തതിൽ കാമറൂണിനെതിരേ ബ്രിട്ടനിൽ വ്യാപകമായ എതിർപ്പാണു സൃഷ്ടിച്ചിരിക്കുന്നത്. ഫ്രാൻസിനും ജർമനിക്കും റഷ്യക്കുമൊക്കെയാണ് ഇന്ത്യ ബ്രിട്ടനേക്കാൾ സഹായം ചെയ്യുന്നതെന്നാണ് പ്രധാനകാര്യം. ഇന്ത്യക്ക് ഏർപ്പെടുത്തിയിരുന്ന സഹായം ആഭ്യന്തര എതിർപ്പിനെത്തുടർന്നു നിർത്തലാക്കിയത് ഇന്ത്യയുമായുള്ള ഇടപാടുകളിൽ ബ്രിട്ടന്റെ വിലപേശൽ ശേഷി ഇല്ലാതാക്കുകയായിരുന്നുവെന്നതാണ് യാഥാർഥ്യം. ഇന്ത്യക്കു പകരം പാക്കിസ്ഥാനെ സഹായിക്കാനുള്ള ശ്രമം പാളുകയും ചെയ്തു. പാക്കിസ്ഥാനെ സഹായിക്കാനുള്ള നീക്കത്തെ ഇന്ത്യ ശക്തമായി അപലപിക്കുകയും ചെയ്തു. ഇതാണ് കാമറൂണിന്റെ ഭാവിയെ ഇരുട്ടിലാക്കിയത്.
കാമറോൺ സർക്കാർ നിലവിൽ നല്കുന്ന സഹായ ധനത്തിൽ ഏറ്റവും ഉയർന്ന തുക പാക്കിസ്ഥാന് നൽകുന്നതിൽ ബ്രിട്ടീഷ് പാർലമെന്റിലും രാഷ്ട്രീയ കക്ഷികൾക്കിടയിലും ശക്തമായ എതിർപ്പിനു വഴി ഒരുക്കിയിരിക്കുകയാണ്. അതെ സമയം ബ്രിട്ടൻ സഹായം നല്കുന്നത് നിർത്തരുതെന്നു ഇന്ത്യ ആവശ്യപ്പെട്ടിട്ടില്ലെങ്കിലും ബ്രിട്ടന് ഭാവിയിൽ കൂടുതൽ വ്യാപാര കരാർ ലഭിക്കാതിരിക്കാൻ ഇതും ഒരു കാരണമായി വ്യാഖ്യാനിക്കപ്പെടുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ബന്ധം ശക്തിപ്പെടുത്താൻ എന്ന കാരണം ചൂണ്ടിക്കാട്ടി കാമറോൺ ഇന്ത്യയിൽ എത്തിയിരുന്നെങ്കിലും വ്യാപാര കരാറുകൾ ഇനിയും ബ്രിട്ടന് ലഭിക്കുന്ന കാര്യത്തിൽ ഇന്ത്യ ഇത് വരെ കാര്യമായ പരാമർശം പോലും നടത്തിയിട്ടില്ല എന്നത് ശ്രദ്ധേയമായി. കാമറോൺ എത്തുന്നതിനു ദിവസങ്ങൾക്ക് മുൻപ് ഇന്ത്യൻ സന്ദർശനം നടത്തി ഫ്രഞ്ച് പ്രസിഡന്റ് നേടിയ മേൽക്കൈ ഇല്ലാതാക്കാം എന്ന ധാരണയിൽ ആണ് വ്യക്തമായ പദ്ധതികൾ പോലും തയ്യാറാക്കാതെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യൻ യാത്ര സംഘടിപ്പിച്ചത്.

ഈ സാഹചര്യത്തിൽ ഇന്ത്യക്ക് കൂടുതൽ പ്രകോപനം ആകും എന്ന് ഉറപ്പുള്ളതിനാൽ ആണ് കാമരോൺ സർക്കാരിന്റെ പാക്കിസ്ഥാന് കൂടുതൽ സഹായം നല്കാൻ ഉള്ള തീരുമാനം ബ്രിട്ടനിൽ രാഷ്ട്രീയ എതിർപ്പ് നേരിടുന്നത്. ഇന്ത്യ കൂടുതൽ പുരോഗതി നേടുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് 2015 മുതൽ 200 മില്ല്യൻ പൗണ്ടിന്റെ സഹായ ധനം നിർത്തലാക്കാൻ ബ്രിട്ടൻ തീരുമാനിച്ചത്. ഈ തുക ഇന്ത്യയുടെ മൊത്തം ചിലവുമായി താരതമ്യം ചെയ്യുമ്പോൾ കടുകു മണിയുടെ വലിപ്പം പോലും ഇല്ലെന്നാണ് തീരുമാനത്തെ കുറിച്ച് അന്ന് ധനമന്ത്രി ആയിരുന്ന പ്രണബ് കുമാർ മുഖർജി പുച്ഛിച്ചു തള്ളിയത്. സാമ്പത്തിക മാന്ദ്യത്തിൽ ഉഴറുന്ന ബ്രിട്ടൻ ചെലവ് ചുരുക്കൽ നടപടിയുടെ പേരിൽ ആണ് ഇന്ത്യ സഹായ ഫണ്ട് നിർത്തലാക്കാൻ തീരുമാനിച്ചത്. എന്നാൽ ഇന്ത്യയുടെ പരമ്പരാഗത വൈരികളായ പാക്കിസ്ഥാന് തുടർന്നും കൂടുതൽ സഹായം നല്കാൻ ഉള്ള തീരുമാനം നയതന്ത്രപരമായി വൻ ക്ഷീണം ആകുമെന്ന് കഴിഞ്ഞ ആഴ്ച പ്രഭു സഭയിൽ അംഗങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. പാക്കിസ്ഥാനിൽ സമ്പന്നർ ഇപ്പഴും നികുതി വെട്ടിപ്പ് നടത്തുന്നതിനാൽ ഇത്തരം സഹായം തുടരുന്നതിൽ കാര്യമില്ലെന്നാണ് ബ്രിട്ടന്റെ പൊതു വികാരം. അതിനാൽ പാക്കിസ്ഥാൻ സർക്കാരിനോട് അടിയന്തിരമായി നികുതി പരിഷ്‌ക്കാരം നടപ്പിലാക്കാൻ നിർബന്ധിക്കുകയാണ് വേണ്ടതെന്നു ഒരു വിഭാഗം എം പി മാർ ചൂണ്ടിക്കാട്ടുന്നു.


അതെ സമയം ഇന്റർനാഷണൽ ഡെവലപ്‌മെന്റ് കമ്മറ്റി ചെയർമാൻ മാൽകം ബ്രുസ് ഉൾപ്പെടെയുള്ള നയ വിധഗ്ദ്ധർക്ക് പാക്കിസ്ഥാനുള്ള സഹായം തുടരണം എന്ന് അഭിപ്രായം ഉള്ളവരാണ്. ആ രാജ്യത്തെ ജനങ്ങളിൽ മൂന്നിലൊന്നിനും ഇന്നും ദിവസ വേതനം 30 പെൻസിൽ താഴെ ആണെന്ന് ചൂണ്ടിക്കാട്ടിയാണ് സഹായധനം തുടരണമെന്ന വാദക്കാർ നിലയുറപ്പിച്ചിട്ടുള്ളത്. എന്നാൽ ഇന്ത്യയിലും ഇതേ തരത്തിൽ കഷ്ട്ടപ്പെടുന്നവർ അനേക കോടികൾ ഉണ്ടെന്നു ഭരണകക്ഷിയിൽ തന്നെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അവരുടെ ശബ്ദം നേർത്ത് പോകുക ആയിരുന്നു. ടെലിഗ്രാഫ്, ഗാർഡിയൻ തുടങ്ങിയ പത്രങ്ങളും ഇന്ത്യൻ സഹായം നിർത്തുന്നത് ശരിയല്ല എന്ന് അഭിപ്രായപ്പെടുന്നവരുടെ കൂട്ടത്തിലാണ്. അതെ സമയം ബ്രിട്ടീഷ് ജനസംഖ്യയിൽ പത്ത് ലക്ഷത്തിലധികം പേർ പാക്കിസ്ഥാനിൽ നിന്നുള്ളവരാണെന്ന ''രാഷ്ട്രീയം'' മറന്നു നിലപാട് സ്വീകരിക്കാൻ കഴിയില്ലെന്ന ചിന്തക്ക് മുൻതൂക്കം കിട്ടിയതാണ് പാക്കിസ്ഥാനുള്ള സഹായ ധനം തുടരാൻ വഴി ഒരുക്കിയത് എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മില്ലീനിയം ഡെവലപ്‌മെന്റ് ഗോൾസ് എന്ന പദ്ധതിയുടെ ഭാഗമായി പാക്കിസ്ഥാനുമായി ദീർഘകാല പദ്ധതികൾ തയ്യാറാക്കി പ്രവർത്തിക്കുന്ന ബ്രിട്ടന് പൊടുന്നെനെ അതിൽ നിന്ന് പിന്തിരിയാനും വിഷമമുണ്ട്. മാത്രമല്ല, അഫ്ഗാൻ വിഷയത്തിൽ എക്കാലവും പാക്കിസ്ഥാൻ അനുകൂല നിലപാട് സ്വീകരിക്കുന്ന ബ്രിട്ടനെ സംശയ മുനയിൽ തന്നെ ആണ് ഇന്ത്യ വീക്ഷിക്കുന്നതും. അമേരിക്കാൻ വിദേശ നിക്ഷേപവും ആയി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിൽ ബ്രിട്ടനിൽ നിന്നുള്ള വിദേശ നിക്ഷേപം തുലോം ചെറുതാണെന്നതും ഇരു രാജ്യങ്ങള തമ്മിലുള്ള ഉഭയ കക്ഷി ബന്ധം ഒരു തലം വിട്ടു വളരാൻ അനുവദിക്കുന്നില്ല എന്നതും വസ്തുതയാണ്.
എല്ലാ വിഭാഗം രാഷ്ട്രീയ പാർട്ടി പ്രതിനിധികളും അടങ്ങിയ ഇന്റർനാഷണൽ ഡെവലപ്‌മെന്റ് കമ്മറ്റി കഴിഞ്ഞ വ്യാഴാഴ്ചയാണ് പാക്കിസ്ഥാനുള്ള സഹായം തുടരാൻ അനുമതി നല്കിയത്. പ്രധാനമായും ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ ആകും ബ്രിട്ടീഷ് ധനസഹായം പാക്കിസ്ഥാന് പ്രയോജനപ്പെടുക. അഴിമതി, നിയമ വാഴ്ച, നികുതി പിരിക്കൽ തുടങ്ങിയ കാര്യങ്ങളിൽ പാക്കിസ്ഥാൻ ബ്രിട്ടീഷ് സർക്കാരിനോപ്പം ചേർന്ന് പ്രവർത്തിക്കണം എന്ന ധാരണയുടെ അടിസ്ഥാനത്തിൽ ആണ് സഹായധനം തുടരുന്നതെന്ന് പറയപ്പെടുന്നു. ഗോൾടെൻ ത്രെഡ് എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഡേവിഡ് കാമറണിന്റെ ഭരണ നടപടികളുടെ ഭാഗമായാണ് പാക്കിസ്ഥാൻ സഹായം എന്നും വിലയിരുത്തുന്നവരുണ്ട്. നിലവിൽ പാക്കിസ്ഥാനിലെ വലിയൊരു സമ്പന്ന വിഭാഗം യാതൊരു വിധ നികുതിയും സർക്കാരിൽ അടക്കുന്നില്ല എന്നതാണ് സത്യം. ഇവരാകട്ടെ പൊതു ആരോഗ്യ സംവിധാനമോ വിദ്യാഭ്യാസ സംവിധാനമോ സ്വീകരിക്കുന്നില്ല എന്നതും വസ്തുതയാണ്. ബ്രിട്ടനിലെ സാധാരണക്കാരൻ നല്കുന്ന നികുതിയിൽ നിന്ന് എടുത്തു സഹായധനം എന്നാ പേരിൽ കൊടുക്കുന്ന പണത്തോട് നീതി പുലർത്തുക എന്ന ലക്ഷ്യം മുന്നില് കണ്ടാണ് പാക്കിസ്ഥാനിലെ സമ്പന്ന വിഭാഗത്തിനും നികുതി ഏർപ്പെടുത്തണം എന്ന് ബ്രിട്ടീഷ് സർക്കാര് നിഷ്‌ക്കർഷിക്കാൻ കാരണം. പാക്കിസ്ഥാനിൽ വരാനിരിക്കുന്ന സർക്കാരിനെ കൊണ്ട് ഇക്കാര്യങ്ങൾ നടപ്പാക്കാൻ സമ്മർദം ചെലുത്താൻ ബ്രിട്ടന് കഴിയണം എന്നും ഇന്റർനാഷണൽ ഡെവലപ്‌മെന്റ് കമ്മറ്റി നല്കിയ റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.


നിലവിൽ 446 മില്ല്യൻ പൗണ്ട് ധനസഹായം നല്കുന്ന ബ്രിട്ടൻ ഒരു കാരണവശാലും കൂടുതൽ പണം നല്കുന്ന കാര്യം ചിന്തിക്കുകയേ ചെയ്യരുതെന്നാണ് ഇന്റർനാഷണൽ ഡെവലപ്‌മെന്റ് കമ്മറ്റി റിപ്പോർട്ട് വ്യക്തമായി നിഷ്‌ക്കർഷിചിട്ടുള്ളത്. പുതിയ സർക്കാർ വരാനിരിക്കുകയും അഴിമതി ഒരു തടസ്സവും ഇല്ലാതെ നടക്കുകയും ചെയ്യുന്ന് സാഹചര്യത്തിൽ സഹായധനം നല്കുന്നത് നീതികരിക്കാൻ കഴിയില്ലെന്ന് ഭിന്ന അഭിപ്രായവും ഇന്റർനാഷണൽ ഡെവലപ്‌മെന്റ് കമ്മറ്റി റിപ്പോർട്ട് പങ്കു വെക്കുന്നുണ്ട്. ഐ എം എഫ് പോലുള്ള അന്താരാഷ്ട്ര ഏജന്‌സികളെ ഉപയോഗിച്ച് നികുതി പരിഷ്‌ക്കരണത്തിന് പാക്കിസ്ഥാനെ പ്രേരിപ്പിക്കുകയാണ് ഏറ്റവും നല്ല നടപടി എന്നും ഐഡിസി റിപ്പോർട്ട് പറയുന്നു. രാഷ്ട്രീയവും നയതന്ത്ര പരവും ആയ കാരണങ്ങളാൽ പാശ്ചാത്യ ലോകം പാക്കിസ്ഥാനിലെ അശാസ്ത്രീയ നികുതി സമ്പ്രദായം കണ്ടില്ലെന്നു നടിക്കുക ആയിരുന്നെ്നു ഐ ഡി സി അംഗങ്ങൾ കുറ്റപ്പെടുത്തി. ഇത് ഒരു കാരണവശാലും തുടരാൻ പാക്കിസ്ഥാനെ അനുവദിക്കരുതെന്നും ഇന്റർനാഷണൽ ഡെവലപ്‌മെന്റ് കമ്മറ്റിആവശ്യപ്പെടുന്നു. അതെ സമയം ഇക്കാര്യങ്ങൾ എങ്ങന നടപ്പിലാക്കാം എന്നതിൽ അവസാന തീരുമാനം എടുക്കേണ്ടത് പാക്കിസ്ഥാൻ സർക്കാർ ആണെങ്കിലും മാറ്റം ഉണ്ടായേ തീരൂ എന്നും ഇന്റർനാഷണൽ ഡെവലപ്‌മെന്റ് കമ്മറ്റി അഭിപ്രായപ്പെടുന്നു. കഴിഞ്ഞ 25 വർഷത്തിനിടയിൽ ഒരാൾ പോലും പാക്കിസ്ഥാനിൽ ആദായ നികുതി വെട്ടിപ്പിന്റെ പേരില് വിചാരണ നേരിട്ടിട്ടില്ല.