യുർവേദത്തിലെ അമൂല്യ സംഹിതകൾക്കും ഇന്ത്യയിലെ പാരമ്പര്യ അറിവുകൾക്കും പകരം വയ്ക്കാൻ ലോകത്തിൽ മറ്റൊന്നുമില്ലെന്ന് പാശ്ചാത്യർക്കാണ് മറ്റാരെക്കാളും നന്നായറിയുക. ഇതിന്റെ ഭാഗമായായിരുന്നു ഹെൽബൽ മെഡിസിന് പേറ്റന്റ് എടുക്കാൻ കോൾഗേറ്റ് ദിവസങ്ങൾക്ക് മുമ്പ് ശ്രമിച്ചിരുന്നത്.

വിദഗ്ധമായ ഇടപെടലിലുടെ അത് പൊളിക്കാൻ നമുക്ക് സാധിച്ചു. എന്നാൽ ഇപ്പോഴിതാ മഞ്ഞളും ഗ്രീൻടീയും ചേർത്ത് തലമുടി കൊഴിച്ചിൽ തടയാമെന്ന് പറഞ്ഞ് പേറ്റന്റ് എടുക്കാൻ ബ്രിട്ടൻ നടത്തിയ രണ്ടാമത് ശ്രമത്തിനും തടയിടാൻ നമുക്ക് സാധിച്ചിരിക്കുകയാണ്. ഇതിനെ പ്രതിരോധിക്കാൻ ഇന്ത്യൻ പേറ്റന്റ് ഓഫീസ് ഇപ്പോൾ സദാജാഗരൂകതയിലാണ്.

മഞ്ഞളും ദേവദാരു തൊലിയും ഗ്രീൻടീയും കൂട്ടിക്കലർത്തി മുടികൊഴിച്ചിൽ തടയാനുള്ള ഉൽപന്നം നിർമ്മിക്കുന്നതിന് യുകെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലബോറട്ടറി നടത്തിയ പുതിയ ശ്രമത്തിന് തടയിടുന്നതിലാണ് ഇന്ത്യ ഇപ്പോൾ വിജയിച്ചിരിക്കുന്നത്. യുഎസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കൺസ്യൂമർ ഗുഡ്‌സ് ഭീമനായ കോൾഗേറ്റ്-പാൽമൊലീവ് ഹെർബൽ മെഡിസിന് പേറ്റന്റ് എടുക്കാനുള്ള ശ്രമം ഇന്ത്യ പൊളിച്ച് ദിവസങ്ങൾ കഴിയുന്നതിന് മുമ്പെയാണ് മറ്റൊരു പേറ്റന്റ് യുദ്ധത്തിന് കളമൊരുങ്ങിയിരുന്നത്.

കൗൺസിൽ ഓഫ് സയന്റിഫിക്ക് ആൻഡ് ഇന്റസ്ട്രിയൽ റിസർച്ചി(സിഎസ്‌ഐആർ)ന്റെ ട്രെഡീഷണൽ നോളജ് ഡിജിറ്റൽ ലൈബ്രറി(ടികെഡിഎൽ) വിജിലൻസാണ് ഇന്ത്യൻ ചേരുവകളെ സംരക്ഷിക്കാൻ സഹായവുമായി രംഗത്തെത്തിയത്. ബ്രിട്ടീഷ് ലബോറട്ടറിയുടെ നീക്കത്തിനെതിരെ കൗൺസിൽ യൂറോപ്യൻ പേറ്റന്റ് ഓഫീസിൽ സബ്മിഷൻ സമർപ്പിക്കുകയായിരുന്നു. ദേവദാരു തൊലിയും ഗ്രീൻടീയും മഞ്ഞളും ചേർത്തുള്ള ഔഷധം ആയുർവേദം, യുനാനി പോലുള്ള ഇന്ത്യൻ ചികിത്സാവിധികളിൽ പൗരാണിക കാലം മുതൽക്കുതന്നെ മുടികൊഴിച്ചിൽ തടയാനായി ഉപയോഗിക്കുന്നുണ്ടെന്നായിരുന്നു പ്രസ്തുത സബ്മിഷനിലൂടെ കൗൺസിൽ വാദിച്ചത്.

2011 ഫെബ്രുവരിയിലാണ് യുകെ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കമ്പനിയായ പാൻഗയ ലബോറട്ടറീസ് ലിമിറ്റഡ് ഇതുസംബന്ധിച്ച പേറ്റന്റ് അപ്ലിക്കേഷൻ സമർപ്പിച്ചിരുന്നത്. എന്നാൽ സിഎസ്‌ഐആർടികെഡിഎൽ യൂണിറ്റ് ഇതിനെതിരെ ശക്തമായി രംഗത്തെത്തുകയായിരുന്നു. ഇതിനെതിരെയുള്ള തെളിവുകളുമായി കഴിഞ്ഞ വർഷം ജനുവരി 13ന് ഇവർ കേസ് ഫയൽ ചെയ്യുകയുമുണ്ടായി. യൂറോപ്യൻ പേറ്റന്റ് ഓഫീസ് വെബ്‌സൈറ്റിൽ യുകെ കമ്പനിയുടെ അപേക്ഷ പ്രസിദ്ധീകരിച്ചതിനെ തുടർന്നായിരുന്നു ഇന്ത്യ ഇതിനെതിരെ രംഗത്തെത്തിയത്. ഇന്ത്യ ഇതിനെതിരെ സമർപ്പിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ കമ്പനിയുടെ പേറ്റന്റ് അപേക്ഷ ഇക്കഴിഞ്ഞ ജൂൺ 29ന് തള്ളുകയും ചെയ്തു.

തുടർച്ചയായി ഇത്തരം പേറ്റന്റ് കേസുകളിൽ വിജയം നേടുന്നത് ടികെഡിഎല്ലിന്റെ തൊപ്പിയിൽ ഏറെ പൊൻതൂവലുകൾ ചാർത്തപ്പെടുകയാണ് ചെയ്യുന്നത്. പൊതുഖജനാവിൽ നിന്നും യാതൊരു ചെലവുമില്ലാതെ ഇവർ അടുത്തിടെ 200ഓള കേസുകളിലാണ് വിജയിച്ചിട്ടുള്ളത്. ജാതിക്കായയിൽ നിന്നും വേർതിരിച്ചെടുക്കുന്ന മരുന്നുപയോഗിച്ച് മൗത്ത് വാഷ് നിർമ്മിച്ച് അതിന് പേറ്റന്റ് എടുക്കാനായിരുന്നു കോൾഗേറ്റ്പാൽമൊലീവ് അടുത്തിടെ ശ്രമിച്ച് പരാജയപ്പെട്ടത്. മുതിർന്ന ശാസ്ത്രജ്ഞ അർച്ചന ശർമയാണ് ടികെഡിഎല്ലിന്റെ നേതൃത്വസ്ഥാനത്തുള്ളത്. കോൾഗേറ്റിന്റെ ഈ നീക്കത്തിനെതിരെ അവർ പൗരാണിക ഇന്ത്യൻ ഗ്രന്ഥങ്ങളിൽ നിന്നുള്ള തെളിവുകളുമായി രംഗത്തെത്തുകയായിരുന്നു. പൗരാണിക കാലം മുതൽക്കു തന്നെ വായയിലെ രോഗങ്ങൾക്ക് ഇവിടെ ഈ ഔഷധം ഉപയോഗിച്ചിരുന്നുവെന്നാണ് ഇതിനെതിരായി സമർപ്പിച്ച കേസിൽ ഇന്ത്യ സമർത്ഥിച്ചിരുന്നത്. ഭാരതത്തിന്റെ പാരമ്പര്യ അറിവുകൾ സംരക്ഷിക്കുന്നതിൽ ടികെഡിഎൽ നിർണായകമായ പങ്കാണ് വഹിച്ച് കൊണ്ടിരിക്കുന്നത്.