ന്യൂഡൽഹി: 2030 ആകുമ്പോഴേക്കും ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകാൻ ഒരുങ്ങുന്ന ഇന്ത്യയ്ക്ക് കടുത്ത സാമ്പത്തിക സഹായം നൽകാനുള്ള തെരേസ മേയുടെ തീരുമാനം കടുത്ത വിമർശനങ്ങൾക്ക് വിധേയമാകുന്നുവെന്ന് റിപ്പോർട്ട്. തങ്ങൾക്ക് ബ്രിട്ടന്റെ സാമ്പത്തിക സഹായം മേലാൽ വേണ്ടെന്ന് ഇന്ത്യ ആവർത്തിച്ച് പറഞ്ഞിട്ടും ഇന്ത്യയെ സഹായിക്കാൻ ബഡ്ജറ്റിൽ 98 മില്യൺ പൗണ്ട് വകയിരുത്തിയ തെരേസക്കെതിരെയാണ് ബ്രിട്ടീഷ് മാധ്യമങ്ങളും രാജ്യത്തെ നിരവധി രാഷ്ട്രീയ നേതാക്കളും രംഗത്തിറങ്ങിയിരിക്കുന്നത്.ലോകത്തിലെ മൂന്നാമത്തെ സമ്പന്ന രാജ്യമാകാൻ പോകുന്ന ഇന്ത്യയ്ക്ക് എന്തിനാണ് ബ്രിട്ടൻ സാമ്പത്തിക സഹായമേകുന്നതെന്നാണ് അവർ ആവർത്തിച്ച് ചോദിക്കുന്നത്.

മറ്റൊരു വിധത്തിൽ പറഞ്ഞാൽ വിദേശസാഹയം വേണ്ടെന്ന നിലപാടെടുത്തിട്ടും ഇന്ത്യയെ അപമാനിക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് ചില പാശ്ചാത്യ മാധ്യമങ്ങൾ. തെരേസ ഭരണകൂടം എടുത്ത പുതിയ തീരുമാനമനുസരിച്ച് 98 മില്യൺ പൗണ്ട് ധനസഹായത്തിൽ 2018-19ൽ ഇന്ത്യയ്ക്ക് 52 മില്യൺ പൗണ്ടും 2019-2020ൽ 46 മില്യൺ പൗണ്ടുമാണ് ബ്രിട്ടൻ അനുവദിക്കുന്നത്. ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ 2ന് വേണ്ടി ഇന്ത്യ 94. 5 മില്യൺ പൗണ്ട് പൊടിക്കുമ്പോഴാണ് ബ്രിട്ടൻ സഹായമേകുന്നതെന്നതെന്നും വിമർശകർ എടുത്ത് കാട്ടുന്നു. ചാന്ദ്രയാൻ 2 പുതുവർഷത്തിൽ ലോഞ്ച് ചെയ്യാൻ ഇന്ത്യ ഒരുങ്ങുകയാണ്.

ഇന്ത്യൻ രൂപ ദുർബലമാണെങ്കിലും യുകെയെയും ഫ്രാൻസിനെയും പുറകിലാക്കി ഇന്ത്യ 2019ൽ ഏറ്റവും വലിയ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്നാണ് ദി സെന്റർ ഫോർ എക്കണോമിക്സ് ആൻഡ് ബിസിനസ് റിസർച്ച് (സിഇബിആർ) പറയുന്നത്. ഇന്ത്യ 2025ൽ ജർമനിയെയും 2030ൽ ജപ്പാനെയും മറികടന്ന് മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്നും സിഇബിആർ പ്രവചിക്കുന്നു. ബ്രിട്ടനേക്കാൾ സമ്പന്നമായ രാജ്യങ്ങൾക്ക് ബ്രിട്ടൻ ഇപ്പോഴും സാമ്പത്തിക സഹായം നൽകുന്നുവെന്നത് തീർത്തും പരിഹാസ്യമായ കാര്യമാണെന്നാണ് കടുത്ത ബ്രെക്സിറ്ററായ ഫിലിപ്പ് ഡേവീസ് വിമർശിച്ചിരിക്കുന്നത്. ഇതിന് പകരം ബ്രിട്ടനിലെ പൊതു സർവീസുകൾക്ക് വേണ്ടിയും രാജ്യത്തെ ദരിദ്രർക്ക് വേണ്ടിയുമാണ് ബ്രിട്ടൻ ചെലവിടേണ്ടതെന്നും അദ്ദേഹം നിർദ്ദേശിക്കുന്നു.

മാർക്കറ്റ് എക്സേഞ്ച് നിരക്കിലെ ജിഡിപിയെ അടിസ്ഥാനമാക്കിയാണ് സിഇബിആർ ഓരോ രാജ്യത്തിന്റെയും റാങ്കിങ് നിർവഹിച്ചിരിക്കുന്നത്. ഇത് പ്രകാരം മറ്റേത് സമ്പദ് വ്യവസ്ഥയേക്കാളും ഇരട്ടി വലുപ്പത്തിലുള്ള പർച്ചേസിങ് പവർ പാരിറ്റിയാണ് ഇന്ത്യയ്ക്കുള്ളത്. വർധിച്ച് വരുന്ന ജനസംഖ്യ, പുതിയ ഇൻഫ്രാസ്ട്രക്ചർ, റെയിൽ, ടെലികമ്മ്യൂണിക്കേഷനുകൾ, എയർപോർട്ടുകൾ, തുറമുഖങ്ങൾ, എന്നിവയ്ക്ക് മേലുള്ള ചെലവിടൽ എന്നിയവയാണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ മുന്നേറ്റത്തിന് കാരണമെന്നും സിഇബിആർ എടുത്ത് കാട്ടുന്നു.