ഓർച്ച: സെൽഫിയെടുക്കാൻ അപകടകരമായ സാഹചര്യങ്ങളിൽ സെൽഫിയെടുക്കുമ്പോൾ അപകടമുണ്ടാവുന്നതും മരണം സഭവിക്കുന്നതും നിത്യവും വാർത്തകളിൽ നിറയുന്നു. ഇപ്പോഴിതാ ലോകസഞ്ചാരത്തിന് ഇറങ്ങിയ ബ്രിട്ടീഷ് പൗരനും സെൽഫിയെടുക്കുമ്പോൾ വീണ് ജീവൻ നഷ്ടപ്പെട്ട വാർത്തയാണ് പുറത്തുവരുന്നത്.

മധ്യപ്രദേശിലെ പ്രശസ്തമായ ഓർച്ച ലക്ഷ്മി നാരായണ ക്ഷേത്രത്തിൽ സെൽഫി എടുക്കുന്നതിനിടെയാണ് വിദേശ സഞ്ചാരി മരിച്ചത്. ബ്രിട്ടിഷ് പൗരൻ റോജർ സ്റ്റോറ്റസ്ബറി (58) ആണ് മരിച്ചത്. ഭാര്യ ഹിലാരിക്കൊപ്പം ഒരു വർഷത്തെ ലോക സഞ്ചാരത്തിന് ഇറങ്ങിയതായിരുന്നു ഇദ്ദേഹം.

നിരവധി പേർ കണ്ടുനിൽക്കെയാണ് അപകടം ഉണ്ടായത്. 30 അടി ഉയരത്തിൽ കയറി സെൽഫി എടുക്കാൻ ശ്രമിക്കുമ്പോൾ കാൽ തെറ്റി താഴേക്കു വീഴുകയായിരുന്നെന്നു ദൃക്‌സാക്ഷികൾ പറഞ്ഞു.

2016 നവംബറിലാണ് ഇവർ ലോകയാത്ര ആരംഭിച്ചത്. ഇരുപതിലധികം രാജ്യങ്ങൾ സന്ദർശിച്ച ശേഷമാണ് ഇന്ത്യയിൽ എത്തിയത്. ഇന്ത്യയിൽനിന്ന് ഉടൻ മടങ്ങാനിരിക്കെയാണു അപകടം. താഴെ വീണ് ഗുരുതരമായി പരുക്കേറ്റ റോജറിനെ ആംബുലൻസിൽ ഉടൻ രാമരാജ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഡോക്യുമെന്ററി സംവിധായകനാണ് റോജർ. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്. ആവശ്യമായ നിയമനടപടികളും കുടുംബത്തിന് സഹായവും ലഭ്യമാക്കുമെന്ന് യുകെ വിദേശകാര്യ വക്താവ് അറിയിച്ചു.