- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടനിലെ മികച്ച പൗരനുള്ള അവാർഡ് മലയാളിക്കും; കോവിഡ് ദുരിതത്തിൽ ഒരു പുഞ്ചിരിയുമായി ആശുപത്രികളിൽ എത്തിയ തീക്കോയിക്കാരൻ മാക്സ് മാത്യു ഇപ്പോൾ വെയിൽസിലെ താരം; മികച്ച പൗരനുള്ള അവാർഡ് ലഭിക്കുന്ന ആദ്യ യുകെ മലയാളി
കവൻട്രി: യുകെയിൽ എത്തിയിട്ട് രണ്ടു പതിറ്റാണ്ടായിട്ടും മലയാളി ചൊവ കൈവിട്ടു കളയാത്തവരാണ് നല്ല പങ്കു കുടിയേറ്റ മലയാളികളും. അതിൽ തെറ്റൊന്നുമില്ല എന്ന് പറയുമ്പോൾ തന്നെ ഇത്രകാലമായിട്ടും ബ്രിട്ടീഷ് ജീവിതത്തിന്റെ ചെറിയൊരു അംശം പോലും അടുത്തറിയാൻ സാധിച്ചവർ എത്രയെന്നു ചോദിച്ചാൽ അധികം പേരുടെ കാര്യമൊന്നും ചൂണ്ടിക്കാണിക്കാനും കഴിയില്ല. അതിനുള്ള കാരണവും പലതാണ് . യുവത്വത്തിൽ തന്നെ ഒരു അന്യ നാട്ടിൽ എത്തി വിവാഹവും കുട്ടികളും കുടുംബവുമായി വേരുപിടിക്കാൻ ശ്രമിക്കുന്നതിനിടയിൽ മിക്കവർക്കും ജീവിത ആസ്വാദനം പോലും ഒരു കിട്ടാക്കനിയെന്നു പറയുമ്പോൾ കുടിയേറിയ നാടിന്റെ ജീവിത മധുരങ്ങൾ ആസ്വദിക്കാൻ വേണ്ടത്ര അവസരം ലഭിച്ചെന്നു വരില്ല . പലരും ആത്മ വിശ്വാസത്തോടെ കൂടെ ജോലി ചെയ്യുന്ന ബ്രിട്ടീഷ് വംശജരോട് മിണ്ടാൻ തന്നെ ധൈര്യം കാട്ടിയതും പത്തു വര്ഷം കഴിഞ്ഞാകണം . കാരണം ഭാഷയും സംസ്കാരവും ജീവിത രീതിയുമെല്ലാം അത്രയേറെ യുകെ മലയാളിയെ വേർപ്പെടുത്തി നിർത്തിയിരുന്നു .
എന്നാൽ ഈ പറഞ്ഞ കാരണങ്ങൾ ഒക്കെ കാർഡിഫിലെ ബാറിയിൽ താമസിക്കുന്ന മാക്സ് മാത്യൂസ് എന്ന കോട്ടയം തീക്കോയികാരനിൽ കാണാനാകില്ല . കാരണം അദ്ദേഹം ജോലി ചെയുന്ന അസ്ദയിൽ എത്തിയാൽ സദാ സമയം മുഖത്തെ പുഞ്ചിരി കളയാതെ സൂക്ഷിക്കുന്നു എന്നത് തന്നെ പ്രധാനം . സൗമ്യനായ ഒരു ചെറുപ്പക്കാരൻ എന്ന നിലയിലാണ് കൂടെ ജോലി ചെയ്യുന്നവർ അദ്ദേഹത്തെ കാണുന്നതും . അതിനാൽ നിങ്ങൾക്കേറ്റവും ഇഷ്ടമായ ഒരാളെ തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടപ്പോൾ രണ്ടാമതൊന്നു ആലോചിക്കാതെയാണ് മാക്സിന്റെ പേര് ബ്രിട്ടീഷ് സിറ്റിസൺ അവാർഡിനായി നാമനിർദ്ദേശം നൽകിയത് . രാജ്യത്തെ ഒരു പ്രധാനപ്പെട്ട സംഘടനാ നൽകുന്ന ആദരവ് ഒരു കുടിയേറ്റക്കാരനിലേക്കു പോകേണ്ട എന്ന കുരുട്ടു ബുദ്ധി ഒന്നും കാട്ടാതെ തങ്ങളിൽ ഒരുവനായി അംഗീകരിക്കാൻ ഉള്ള ബ്രിട്ടീഷ് സാംസ്‌കാരിക വൈവിധ്യത്തിന്റെ തികഞ്ഞ ഉദാഹരണം കൂടിയായി മാറുകയാണ് ഈ ചെറുപ്പക്കാരന് ലഭിച്ച ദേശീയ പുരസ്‌കാരം .
അവാർഡിന് അർഹരാകുന്നവരുടെ പ്രവർത്തനമെല്ലാം വിശദമായ കുറിപ്പായി ദി ബ്രിട്ടീഷ് സിറ്റിസൺ അവാർഡ് എന്ന വെബ്‌സൈറ്റിൽ പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ് . രണ്ടാഴ്ച മുൻപ് കൈയിൽ എത്തിയ അവാർഡ്നെ കുറിച്ചുള്ള വിശദംശങ്ങൾ മാക്സ് കണ്ടെത്തി വരുന്നതേയുള്ളൂ . സമൂഹത്തിൽ നിന്നും നോമിനേറ്റ് ചെയ്തു കിട്ടുന്ന പേരുകൾ ചേർത്താണ് ഈ സംഘടനാ അവാർഡ് നൽകുന്നത് . ഒരർത്ഥത്തിൽ നല്ല ശമര്യക്കാരൻ എന്നർത്ഥം വരുന്ന യഥാർത്ഥ ജനസേവകരെ കണ്ടെത്തുക കൂടിയാണ് ഈ അവാർഡിലൂടെ . അവാർഡ് ലഭിക്കാൻ വേണ്ട നാമനിർദ്ദേശം എത്തുന്നത് യഥാർത്ഥ വഴികളിൽ കൂടി തന്നെ ആയിരിക്കണം എന്നതും നിര്ബന്ധമാണ് . ഈ അവാർഡിനായി ആർക്കും ആരെയും നോമിനേറ്റ് ചെയ്യാം എന്ന പ്രത്യേകതയുമുണ്ട് . വിവിധ പാനലുകൾ ചേർന്ന സമിതി നടത്തുന്ന വിശദമായ വിവര ശേഖരത്തിലൂടെയാണ് യഥാർത്ഥ വിജയികളെ കണ്ടെത്തുന്നത് . രാജ്ഞിയുടെ ഔദ്യോഗിക അംഗീകാരം ലഭിച്ചവർക്ക് മാത്രമാണ് ഈ പുരസ്കാരത്തിന് അപേക്ഷിക്കാൻ അയോഗ്യതയുള്ളതു . ഇതോടെ രാജ്യത്തെ ഔദ്യോഗിക പുരസ്‌കാരത്തിന് പാരലൽ ആയി നൽകപ്പെടുന്ന അംഗീകാരം എന്ന ബഹുമതിയും ദി ബ്രിട്ടീഷ് സിറ്റിസൺ അവാർഡിന് ഒപ്പം ചേർന്നുനിൽക്കുകയാണ് . പ്രധാനമായും ഒൻപതു മേഖലകൾ കേന്ദ്രീകരിച്ചാണ് അവാർഡ് നൽകുന്നത് . ( കമ്മ്യൂണിറ്റി, ഇൻഡസ്ട്രി, ആർട്സ്, എജ്യുക്കേഷൻ, ആരോഗ്യം, ബിസിനസ്, വോളണ്ടറിയിംഗ്, അന്താരാഷ്ട്ര നേട്ടങ്ങൾ, 18 വയസിൽ താഴെയുള്ളവർ)
അസ്ദ പ്രാദേശികമായി ആശുപത്രികൾക്ക് നൽകിയ ചോക്ലേറ്റ് അടങ്ങിയ സമ്മാന പൊതികൾ വിതരണം ചെയ്യുന്ന ടീമിന് നെത്ര്വതം നൽകിയതാണ് ഈ പുരസ്കാരത്തിലേക്കു മാക്സിനെ കൈപിടിച്ച് എത്തിച്ചത് . പുരസ്‌കാരം കയ്യിലെത്തും വരെ ഇതേക്കുറിച്ചു ഇദ്ദേഹത്തിന് യാതൊരു അറിവും ഉണ്ടായിരുന്നില്ല എന്നതാണ് ഏറ്റവും പ്രധാനം . കയ്യിലെ പണം മുടക്കി ഇന്ധനം നിറച്ചു ബാരിയിലെയും ലാൻഡോക്കിലെയും ആശുപത്രികളിൽ സമ്മാനങ്ങൾ എത്തിക്കാൻ കാണിച്ച സേവന സന്നദ്ധതയാകും മാക്സിനെ ദുരിതകാലത്തെ ഹീറോ ആയി തിരഞ്ഞെടുക്കപ്പെടാൻ കാരണം എന്നും കരുതപ്പെടുന്നു . ഒരു നയാ പൈസ എങ്കിലും ബ്രിട്ടനിലെ പൊതുജീവിതത്തിൽ ഒന്നും പ്രതീക്ഷിക്കാതെ മുടക്കുന്നവരെ തേടി ഇത്തരം അത്ഭുതങ്ങൾ എത്തികൊണ്ടിരിക്കും എന്നതുകൂടിയാണ് മാക്സിനു ലഭിച്ച അംഗീകാരം തെളിയിക്കുന്നത് . സമ്മാന വിതരണത്തിന് അദ്ദേഹം കണ്ടെത്തിയ സമയവും പണവും ഒക്കെ യഥാർത്ഥ ജീവകാരുണ്യത്തിന്റെ കണക്കിൽ പെടുത്തിയാകും അസ്ദ ദേശീയ പുരസ്‌കാരത്തിനായി നാമനിർദ്ദേശം ചെയ്തത് എന്ന് കരുതാൻ മാത്രമേ ഇപ്പോൾ കഴിയൂ .
ഒഴിവു വേളകൾ ജീവകാരുണ്യ പ്രവർത്തനത്തിന് മാറ്റിവയ്ക്കുന്ന മാക്സ് കോവിഡ് ദുരിതത്തിൽ പെട്ടവർക്കും രോഗികൾക്കിടയിൽ പ്രവർത്തിച്ചവർക്കും വേണ്ടി എത്തിയതാണ് പ്രശസ്തമായ ദി ബ്രിട്ടീഷ് സിറ്റിസൺ അവാർഡിൽ എത്തിച്ചത് . അംഗീകരവും പുരസ്കാരവും ഒന്നും ആഗ്രഹിക്കാതെ നടത്തിയ പ്രവർത്തനത്തിൽ പൊടുന്നനെ ലോക്കൽ ഹീറോ ആയി മാറിയ അത്ഭുതം ഇപ്പോഴും മാക്സിനെ വിട്ടുമാറുന്നില്ല . പ്രാദേശികമായി ലഭിച്ച പിന്തുണ ജീവിതത്തിലും ഇദ്ദേഹത്തിന് തുണയായി മാറുമെന്നാണ് അടുത്തറിയുന്നവർ പറയുന്നത് . കേരളീയ മാതൃകയിൽ വെയ്ൽസിൽ മാക്സ് തുടക്കമിടാൻ ലക്ഷ്യമിടുന്ന ആയുർവേദ സ്ഥാപനത്തിനും നാട്ടുകാരുടെ സ്നേഹവും പിന്തുണയും ലഭിക്കുമെന്നാണ് അടുത്തറിയുന്നവർ പറയുന്നത് . കേരളത്തിൽ ആയുർവേദ രംഗത്ത് ഏറെക്കാലം പ്രവർത്തിച്ച ശേഷമാണു മാക്സ് യുകെയിൽ എത്തുന്നത് .
ലാൻഡ്‌ലോക് ഹോസ്പിറ്റലിൽ സ്റ്റാഫ് നേഴ്സായ സിമി മാക്‌സാണ് ഇദ്ദേഹത്തിന്റെ പത്നി . വിദ്യാർത്ഥികളായ ഡേവിഡ് , ദീപക് എന്നിവരാണ് മക്കൾ . പീറ്റേർബറോയിൽ താമസിക്കുന്ന ഡാന്സി ഏക സഹോദരിയാണ് .