ലണ്ടൻ: മാധ്യമ പ്രവർത്തനം എന്നാൽ വാർത്തകൾ നൽകുന്നത് മാത്രമല്ല സാധാരണക്കാരായ മനുഷ്യർക്ക് സഹായം നൽകുന്നതു കൂടിയാണ് എന്നുറച്ചു വിശ്വസിക്കുന്നവരാണ് ടീം മറുനാടൻ. മറുനാടന്റെ സഹോദര സ്ഥാപനമായ യുകെയിലെ ബ്രിട്ടീഷ് മലയാളി രൂപീകരിച്ച ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ഇടപെടൽ അതു എപ്പോഴും ശരി വയ്ക്കുകയാണ് പതിവ്. ഏറ്റവും ഒടുവിൽ യുകെയിൽ എത്തി കടം കയറി മുടിഞ്ഞ ഒരു കുടുംബത്തിന്റെ നാഥൻ അകാലത്തിൽ പൊലിഞ്ഞതോടെ 20 ലക്ഷത്തിലധികം രൂപയാണ് വായനക്കാരിൽ നിന്നും ശേഖരിച്ചു നൽകിയത്.

കോട്ടയം തലയോലപ്പറമ്പ് കീഴൂർ സ്വദേശിയായ തോമസ് ജോസഫ് എന്ന ബൈജുവിന്റെ കുടുംബത്തിനാണ് സഹായം നൽകിയത്. സമാഹരിച്ച 20 ലക്ഷം രൂപയിൽ നിന്നും ഫ്യൂണറൽ സർവ്വീസ് ചാർജ്ജായ നാലു ലക്ഷം രൂപ നൽകിയശേഷം ബാക്കിയുള്ള 16 ലക്ഷം രൂപയാണ് ബൈജുവിന്റെ രണ്ടു പെൺമക്കൾക്കായി ഫിക്സഡ് ഡിപ്പോസിറ്റ് ഇട്ടു വീതിച്ചു നൽകിയത്.

കടം വാങ്ങിയും ലോൺ എടുത്തും നല്ലൊരു ജോലി കരുപ്പിടിപ്പിക്കാനാണ് ബൈജുവും കുടുംബവും യുകെയിൽ എത്തിയത്. എന്നാൽ കടത്തിനു മുകളിൽ കടം പെരുകി ഈ കുടുംബത്തിന്റെ മുന്നോട്ടുള്ള പോക്ക് അനിശ്ചിതത്വത്തിലായ സമയത്താണ് ബൈജുവിന്റെ മരണം എത്തിയത്.

കഴിഞ്ഞ വെള്ളിയാഴ്ച ലണ്ടനിലെ ലീയിലുള്ള ഔർ ലേഡി ഓഫ് ലൂർദ് ചർച്ചിൽ നടന്ന സംസ്‌ക്കാര ശ്രുശ്രൂഷ ചടങ്ങുകൾക്കും പൊതുദർശനത്തിനും ഇടയിലാണ് മക്കൾക്കുള്ള ചെക്ക് കൈമാറിയത്. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ പ്രതിനിധികളെ അൾത്താരയിലേക്ക് ക്ഷണിച്ച് സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൺ രൂപതാ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലാണ് കുട്ടികൾക്ക് ചെക്ക് കൈമാറിയത്. മാർ ജോസഫ് സ്രാമ്പിക്കൽ ഇതു രണ്ടാം തവണയാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റിയുടെ ഫണ്ട് കൈമാറ്റം നടത്തുന്നത്. വായനക്കാരിൽ നിന്നും ബാങ്ക് അക്കൗണ്ട് വഴിയ ശേഖരിച്ച 120668 രൂപയ്ക്കൊപ്പം വിർജിൻ മണിയിൽ നിന്നും ഗിഫ്റ്റ് എയ്ഡ് അടക്കം ലഭിച്ച 1939018 രൂപ കൂടി ചേർക്കുകയും വിർജിൻ മണിക്ക് കമ്മീഷനായി നൽകിയ 55201 രൂപ കുറയ്ക്കുകയും ചെയ്ത ശേഷം ലഭിച്ച ബാക്കി തുകയായ 2004,485 രൂപയാണ് ഫ്യൂണറൽ സർവ്വീസിനും കുട്ടികൾക്കുമായി നൽകിയത്.

518872 രൂപ ആദ്യം തന്നെ ഫ്യൂണറൽ സർവ്വീസിനു കൈമാറിയിരുന്നു. ബാക്കിയുള്ള തുകയ്ക്കൊപ്പം ജനറൽ ചാരിറ്റി ഫൗണ്ടേഷന്റെ ജനറൽ ഫണ്ടിൽ നിന്നും ഒരു തുക കൂടി ചേർത്ത് 16 ലക്ഷമാക്കി രണ്ടു കുട്ടികൾക്കുമായി വീതിച്ചു നൽകുകയായിരുന്നു. ബൈജുവിനും ഭാര്യ നിഷയ്ക്കും യുകെയിൽ ഉണ്ടായ കടങ്ങൾ വീട്ടാനുള്ള പണം പരിചയക്കാരും സുഹൃത്തുക്കളും അടങ്ങിയ മലയാളികൾ നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് നൽകിയിരുന്നതു കൊണ്ടാണ് മക്കളുടെ പേരിൽ നിക്ഷേപിക്കാൻ തീരുമാനിച്ചത്. ഇക്കാര്യം ഇടവക വികാരിയായ ഫാ: ഹാൻസ് പുതിയകുളങ്ങര പ്രത്യേകം എടുത്തു പറഞ്ഞു അഭിനന്ദിച്ചു. ഫാ: ഹാൻസിന്റെ നേതൃത്വത്തിൽ ശേഖരിച്ച 253042 രൂപയും ചാരിറ്റി ഫൗണ്ടേഷനിൽ ഇട്ട ഗിഫ്റ്റ് എയിഡ് കൂടി ചേർത്തിട്ടു 289558 രൂപയായും നൽകിയിരുന്നു.

ചാരിറ്റി ഫൗണ്ടേഷൻ ചെയർമാൻ ടാമിച്ചൻ കൊഴുവനാൽ, സെക്രട്ടറി സൈമി ജോർജ്, ഫാദർ ഹാൻസ് പുതിയകുളങ്ങര, ഫാദർ റോയ് മുത്തുമാക്കൽ, ബിഷപ്പിന്റെ സെക്രട്ടറി ഫാ: ഫാൻസുവാ പത്തിൽ, ഫാ: ബിനോയ് നിലയാറ്റിങ്ങൽ, ഫാ: ഷിജോ ആലപ്പാട്ട്, കെസിഡബ്ല്യുഎയുടെ വെൽഫെയർ ഓഫീസർ മംഗളവദനൻ വിദ്യസാഗർ എന്നിവരുടെ സാന്നിധ്യത്തിലാണ് ചെക്ക് കൈമാറിയത്. പിതാവിന്റെ വിയോഗത്തിൽ ദുഃഖിതരായ എയ്ഞ്ചലും അലോണയും നിറ മിഴികളോടെയാണ് ചെക്കുകൾ ഏറ്റുവാങ്ങിയത്. ഫ്യൂണറൽ ഡയറക്ടേഴ്‌സിന് ആവശ്യമായ പണം നൽകിയ ശേഷം ബാക്കി വന്ന തുക മക്കളുടെ പേരിൽ നിക്ഷേപിക്കാനുള്ള തീരുമാനത്തെ അവിടെ എത്തിയ ഒരുപാടു പേർ ഒരേ പോലെ അഭിനന്ദിച്ചു.

അപ്പാപ്പ എന്ന ഒരു വ്യക്തി 49978 രൂപ നൽകിയപ്പോൾ ടോർബി മലയാളികൾ 50878 രൂപയും പൂളിലെ പ്രയർ ഗ്രൂപ്പ് 33769 രൂപയും ചെസ്റ്റർഫീൽഡിലെ സീറോ മലബാർ കമ്മ്യൂണിറ്റി 120397 രൂപയും ക്രോയ്ഡോണിലെ സീറോ മലബാർ കമ്മ്യൂണിറ്റി 316258 രൂപയും നൽകിയതോടെയാണ് ആകെ തുക 20 ലക്ഷം രൂപയോളമായി ഉയർന്നത്. നാട്ടിൽ നിന്നും വന്ന ബൈജുവിന്റെ കസിൻ ബ്രദർ കെ. എം. ജോൺ നടത്തിയ ഹ്രസ്വ പ്രസംഗത്തിൽ ബൈജുവിന്റെ വിയോഗത്തിൽ നിഷയെയും കുട്ടികളെയും മാനസികമായും സാമ്പത്തികമായും സഹായിച്ച യുകെയിലെ നല്ലവരായ എല്ലാ മലയാളികൾക്കും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനും പ്രത്യേകം നന്ദി പറഞ്ഞു.

പാൻക്രിയാറ്റിക് നേക്രിട്ടിസിങ് എന്ന രോഗം ബാധിച്ച് കഴിഞ്ഞ മാസം ഫെബ്രുവരി 14നാണ് ബൈജു മരണത്തിന് കീഴടങ്ങിയത്. അന്ന് രാവിലെ മുതൽക്കു തന്നെ ബൈജുവിന്റെ സ്ഥിതി മോശമാണെന്ന റിപ്പോർട്ടുകൾ വന്നിരുന്നുവെങ്കിലും സ്നേഹിതരുടെ പ്രാർത്ഥനകളെല്ലാം വിഫലമാക്കി മരണ വാർത്ത എത്തുകയായിരുന്നു. കോട്ടയം തലയോലപ്പറമ്പ് കീഴൂർ കലയത്തും കുന്ന് ഇടവകയിലെ കിണറ്റുകരയിൽ കുടുംബാംഗമാണ്. വെറും 42 വയസ് മാത്രമായിരുന്നു പ്രായം. മക്കളുടെ ബാല്യത്തിന്റെ കൊഞ്ചലും ചിണുങ്ങലും മുഴുവൻ കൊതി തീരെ കണ്ടു തീരും മുന്നെയാണ് ബൈജു പത്‌നി നിഷയുടെ കൈകളിൽ ഏൽപ്പിച്ച് മടങ്ങിയത്. സ്വന്തം പിതാവിന് പകരം മറ്റൊന്നുമില്ലെങ്കിലും ആപത്തിൽ ഒരു സമൂഹം കൈത്താങ്ങൊരുക്കിയതിന്റെ നന്ദി ഈ കുട്ടികളുടെ മുഖത്ത് വ്യക്തമായിരുന്നു.

ഒന്നര വർഷം കൂടി കഴിഞ്ഞാൽ പി ആർ ലഭിക്കും എന്ന ആശ്വാസത്തിനിടയിലായിരുന്നു ദുരന്തം ഈ കുടുംബത്തെ വിഴുങ്ങിയത്. അതിനിടയിൽ വിധവയായ നിഷയുടെ നഴ്സിങ് ഹോമിന്റെ സ്പോൺസർ ലൈസൻസ് കൂടി റദ്ദാക്കി എന്ന സ്ഥിതിഗതി സംജാതമായി. ഇതോടെ വിധിക്കു മുന്നിൽ പകച്ചു നിന്ന നിഷയ്ക്കും കുട്ടികൾക്കും മുന്നിൽ യുകെ മലയാളികൾ ഒഴുക്കിയ സ്നേഹമാണ് ഇന്ന് അവരുടെ ജീവിതത്തിന്റെ നട്ടെല്ലായി മാറിയിരിക്കുന്നത്.

ഞങ്ങൾ നന്ദി പറയേണ്ടത് വായനക്കാരോട് മാത്രമാണ്. വ്യക്തികൾ എന്ന നിലയിൽ ട്രസ്റ്റിമാരിൽ ചിലർ കുറച്ച് പണം നൽകിയെങ്കിലും ആപത്തിൽ പെട്ട ഒരു അപരിചിതനെ സഹായിക്കാൻ വായനക്കാർ എടുത്ത ധീരമായ തീരുമാനം ആണ് ഈ നന്മയുടെ കാതൽ. ഞങ്ങളിൽ വായനക്കാൻ അർപ്പിച്ച വിശ്വാസം അതേപടി പാലിച്ചുകൊണ്ട് പൂർണ്ണമായും സുതാര്യമായും ഗിഫ്റ്റ് എയിഡ് വരെ മുഴുവൻ ഉൾപ്പെടുത്തിയുമാണ് ഞങ്ങൾ പണം കൈമാറിയത്. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ഒരു പണം പോലും ചെലവിനത്തിൽ വായനക്കാരുടെ സംഭാവനയിൽ നിന്നും എടുക്കാറില്ലെന്നതാണ് സത്യം.

അഞ്ചു വർഷം മുൻപ് രൂപീകൃതമായ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ഈ ചുരുങ്ങിയ കാലയളവ് കൊണ്ട് 457,150 പൗണ്ട് ( ഏതാണ്ട് നാലു കോടിയിലധികം രൂപഃ വായനക്കാർക്കിടയിൽ നിന്നും ശേഖരിച്ച ചാരിറ്റി ഫൗണ്ടേഷൻ 229 ഓളം ആളുകൾക്കോ പ്രസ്ഥാനങ്ങൾക്കോ ആണ് ഇതുവരെ ആശ്വാസം പകർന്നത്. കേരളത്തിലെ രോഗബാധിതരായി കഴിയുന്ന അനേകം പേർക്കാണ് യുകെ മലയാളികളുടെ കരുണ ഫൗണ്ടേഷൻ വഴി ലഭിച്ചത്.

ഇപ്പോൾ ചെയർമാൻ സ്ഥാനം വഹിക്കുന്ന ടോമിച്ചൻ കൊഴുവനാലും സെക്രട്ടറി സ്ഥാനം വഹിക്കുന്ന സൈമി ജോർജും അടക്കം 11 അംഗങ്ങളാണ് ചാരിറ്റി ഫൗണ്ടേഷനിൽ പ്രവർത്തിക്കുന്നത്. 

ഫോട്ടോ കടപ്പാട്: ഡിജു സെബാസ്റ്റ്യൻ

ബാങ്ക് അക്കൗണ്ട് വഴി ലഭിച്ച തുകയുടെ സ്റ്റേറ്റ്‌മെന്റ് ചുവടെ: