ബ്രിട്ടീഷ് നാവികസേനയിൽ ചേരുന്ന വനിതാ മറൈനുകൾ പുരുഷ റോയൽ മറൈൻ കമാൻഡോകൾക്കൊപ്പം ഒരേ മുറിയിൽ അന്തിയുറങ്ങണമെന്ന നിർദ്ദേശം വിവാദമാകുന്നു. ടീം സ്പിരിറ്റ് കൂട്ടാനുള്ള ഈ നിർദ്ദേശത്തിൽ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണിപ്പോൾ വനിതാ മറൈനുകൾ. ഈ നടപടി ടീംസ്പിരിറ്റും സമത്വവും വളർത്തുമെന്നാണ് ദി ഫസ്റ്റ് സീലോർഡ്, അഡ്‌മിറൽ സർ ഫിലിപ്പ് ജോൺസ് അവകാശപ്പെടുന്നത്.നേവി ഉദ്യോഗസ്ഥന്മാരെ ചുറ്റിപ്പറ്റി സമീപകാലത്ത് പീഡനത്തിന്റെയും ലൈംഗിക ചൂഷണത്തിന്റെയും വാർത്തകൾ പുറത്ത് വന്നതിന്റെ പശ്ചാത്തലത്തിൽ ഇത്തരത്തിൽ ഒരുമുറിയിൽ ശയിക്കുന്നതിനെ വനിതാ മറൈനുകൾ ഭീതിയോടെയാണ് ഉൾക്കൊള്ളുന്നത്. ഇത്തരത്തിൽ സ്ത്രീകളെയും പുരുഷന്മാരെയും ഒരു ഡോർമിറ്ററിയിൽ നിർബന്ധിപ്പിച്ച് താമസിപ്പിക്കുന്നത് നാവികസേനയിൽ ലൈംഗിക അരാജകത്വത്തിന് സാധ്യത വർധിപ്പിക്കുമെന്നാണ് മുൻ സൈനിക തലവന്മാർ മുന്നറിയിപ്പേകിയിരിക്കുന്നത്.

ഫ്രന്റ്ലൈനിൽ സ്ത്രീകൾ പോരാടുന്നതിനുള്ള നിരോധനം ഈ വർഷം ആദ്യം മുൻ പ്രധാനമന്ത്രി ഡേവിഡ് കാമറോൺ എടുത്ത് മാറ്റിയതിനെ തുടർന്നാണ് വിവാദപരമായ നിർദ്ദേശം ഉയർന്ന് വന്നിരുന്നത്.മിനിസ്ട്രി ഓഫ് ഡിഫെൻസ് മാർഗനിർദ്ദേശങ്ങളനുസരിച്ച് മറൈനുകൾക്ക് സ്ത്രീകളെയും ഇപ്പോൾ റിക്രൂട്ട് ചെയ്യാവുന്നതാണ്. എന്നാൽ അവർക്ക് 2019 ജനുവരിക്ക് മുമ്പ് ഫസ്റ്റ് ട്രെയിനിങ് കോഴ്സ് തുടങ്ങാൻ പാടില്ല. നിലവിലുള്ള നയമനുസരിച്ച് യാതൊരു സർവീസിലുമുള്ള സ്ത്രീകളും പുരുഷന്മാരും ഒരേ ബ്ലോക്കിലാണ് താമസിക്കുന്നതെങ്കിലും അവർക്ക് പരസ്പരം മുറി പങ്ക് വയ്ക്കാൻ അനുവാദമില്ല.

എന്നാൽ നേവിയുടെ പദ്ധതിയനുസരിച്ച് എലൈറ്റ് ഫോഴ്സിൽ ചേരുന്ന സ്ത്രീകൾ ഡേവനിലെ ലിംപ്സ്റ്റോണിൽ വച്ച് ചെയ്യുന്ന ട്രെയിനിംഗിന്റെ ഭാഗമായി പുരുഷന്മാരുമായി മുറി പങ്ക് വയ്ക്കേണ്ടതാണ്. ഇവിടേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നവരെ ആദ്യം 65 ബെഡ് ഡോർമിറ്ററിയിലേക്കും പിന്നീട് എട്ട് പുരുഷന്മാർ താമസിക്കുന്ന മുറിയിലേക്ക് മാറ്റാനുമാണ് പദ്ധതിയിട്ടിരിക്കുന്നത്.കമാൻഡോ ട്രെയിനിങ് സെന്റർ റോയൽ മറൈൻസിലെ ഒരേ മുറികളിൽ പുരുഷന്മാരെയും സ്ത്രീകളെയും താമസിപ്പിക്കുന്നതിനുള്ള നീക്കം പുരോഗമിക്കുകയാണെന്നാണ് നേവിചീഫ് മറൈനുകൾക്ക് അയച്ച കത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.ഓപ്പറേഷനൽ യൂണിറ്റുകളിൽ സ്ത്രീകളെ വേറെ താമസിപ്പിക്കുമെന്നും എന്നാൽ ഫീൽഡിൽ സ്ത്രീകളെയും പുരുഷന്മാരെയും ഒരുമിച്ചാണ് താമസിപ്പിക്കാൻ ഉദ്ദേശിക്കുന്നതെന്നുമാണ് ഹെഡ് ഓഫ് മറൈൻസായ മേജർ ജനറൽ റോബർട്ട് മാഗോവൻ വെളിപ്പെടുത്തുന്നത്.

നിരവധി നേവി ഓഫീസർമാർ നേവി തലവന്മാരുടെ പുതിയ നിർദ്ദേശം കേട്ട് നെറ്റി ചുളിക്കുന്നുണ്ട്. യുവ മറൈനുകൾ താമസിക്കുന്ന ഒരു മുറിയിൽ ഏതാനും യുവതികളായ മറൈനുകളും താമസിക്കുന്നത് കടുത്ത അപകടത്തിന് വഴിയൊരുക്കുമെന്നാണ് ട്രെയിനിങ് ബേസിലെ ഒരു മുതിർന്ന ഇൻസ്ട്രക്ടർ മുന്നറിയിപ്പേകുന്നത്. 2014ൽ രാജ്യത്തെ ആദ്യത്തെ വനിതാ വാർഷിപ്പ് കാപ്റ്റനായ കമാൻഡർ സാറാ വെസ്റ്റിനെ കമാൻഡ് ഓഫ് എച്ച്എംഎസ് പോർട്ട്ലാൻഡിൽ നിന്നും നീക്കം ചെയ്തിരുന്നു. കപ്പലിലെ വിവാഹിതനായ ഒരു ജൂനിയർ ഓഫീസറുമായി ഇവർക്ക് ബന്ധമുണ്ടെന്ന ആരോപണത്തെ തുടർന്നായിരുന്നു ഇത്. ആംഡ് ഫോഴ്സിന്റെ കർശനമായ കോഡ് ഓഫ് സോഷ്യൽ കണ്ടക്ട് സർട്ടിഫിക്കറ്റ് ലംഘിച്ചുവെന്നായിരുന്നു ഇവരുടെ മേൽ ചുമത്തപ്പെട്ട കുറ്റം. ടീം സ്പിരിറ്റിന് വേണ്ടി പുരുഷന്മാരെയും സ്ത്രീകളെയും ഒരു മുറിയിൽ താമസിപ്പിക്കുന്നത് തികച്ചും വിപരീതമായ ഫലമാണുണ്ടാക്കുകയെന്നാണണ് മുൻ മിലിട്ടറി ചീഫായ മേജർ ജനറൽ പട്രിക് കോർഡിങ്ലെ മുന്നറിയിപ്പേകുന്നത്. ഗൾഫ് യുദ്ധ കാലത്തെ കമാൻഡറാണ് അദ്ദേഹം. നേവിയുടെ മുൻ തലവനായ അഡ്‌മിറൽ ലോർഡ് വെസ്റ്റും ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.