ലണ്ടൻ: ഇന്ത്യ ബ്രിട്ടനെ മറികടന്ന് ലോക സമ്പദ് വ്യവസ്ഥയിൽ ആറാം സ്ഥാനം കരസ്ഥമാക്കിയതിൽ ബ്രിട്ടീഷ് പത്രങ്ങൾ കനത്ത അസ്വസ്ഥതയാണ് പ്രകടിപ്പിച്ചിരിക്കുന്നത്. ഇന്ത്യ ബ്രിട്ടനെ മറികടന്നിട്ടും നമ്മുടെ സാമ്പത്തിക പുരോഗതിയെ നല്ല രീതിയിൽ വിലയിരുത്താതെ തെണ്ടികളെന്ന് വിളിച്ച് ആക്ഷേപിക്കാൻ പോലും ബ്രിട്ടീഷ് പത്രങ്ങൾ ധൈര്യം കാട്ടിയിരിക്കുകയാണ്. ഈ ഒരു സാഹചര്യത്തിൽ ബ്രിട്ടൻ ഇന്ത്യക്ക് സഹായമെന്ന നിലയിൽ നൽകുന്ന നക്കാപ്പിച്ച വേണ്ടെന്ന് മുഖത്ത് നോക്കി പറയാൻ നാം ആരെയാണ് ഭയക്കുന്നതെന്ന ചോദ്യം പലതുറകളിൽ നിന്നും ശക്തമാകുന്നുണ്ട്. ഇക്കാര്യത്തിൽ മന്മോഹനില്ലാതിരുന്ന നട്ടെല്ല് മോദിയെങ്കിലും കാണിക്കുമോയെന്ന ചോദ്യവും നിരവധി ഇന്ത്യക്കാരുടെ മനസിൽ ഉയരുന്നുണ്ട്. ഇന്ത്യയ്ക്ക് ആവശ്യമായിട്ടല്ല ഈ സഹായം വാങ്ങുന്നതെന്നും വ്യാപാരബന്ധം നിലനിർത്തുന്നതിന്റെ ഭാഗമായി അവർ തരുന്നതാണെന്നും അപ്പോൾ പിന്നെബ്രിട്ടീഷ് പത്രങ്ങൾ ഇക്കാര്യത്തിൽ ഇന്ത്യയെ കുറ്റപ്പെടുത്തുന്നതെന്തിനാണെന്നും ചോദ്യമുയരുന്നുണ്ട്.

ഇന്ത്യ സാമ്പത്തികമായി ഇ്ത്രയ്ക്ക് പുരോഗതി പ്രാപിച്ചെങ്കിൽ 2018 ഓടെ ഇന്ത്യയ്ക്ക ബ്രിട്ടൻ കൊടുക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്ന സഹായധനമായ 130 മില്യൺ പൗണ്ട് ഇനി എന്തിനാണ് കൊടുക്കുന്നതെന്നും ബ്രിട്ടീഷ് പത്രങ്ങൾ ക്രോധത്തോടെ ചോദ്യമുയർത്തിയിരിക്കുന്നു. ഇക്കാര്യത്തിൽ പുനപരിശോധന നടത്തണമെന്നും അവ തെരേസ മെയ്‌ സർക്കാരിനോട് ശക്തിയായി ആവശ്യപ്പെടുന്നുണ്ട്. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ അടുത്ത 12 മാസങ്ങൾക്കുള്ളിൽ 7.5 ശതമാനം വളർച്ചാ നിരക്ക് പ്രകടമാക്കുമെന്നും ജി 20ലെ ഏത് രാജ്യത്തിലുമുള്ളതിനേക്കാൾ വേഗതയിലുള്ള വളർച്ചാനിരക്കാണിതെന്നും ഒഇസിഡി പ്രവചിക്കുന്നു. ഇതാണ് ബ്രിട്ടീഷ് പത്രങ്ങളുടെ ഹാലിളക്കത്തിനുള്ള കാരണം.

ഇന്ത്യക്ക് നൽകിക്കൊണ്ടിരിക്കുന്ന വിദേശസഹായം 2015ൽ വെട്ടിക്കുറയ്ക്കുമെന്ന് ഗവൺമെന്റ് മുമ്പ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ വൈറ്റ് ഹാൾ ഡിപ്പാർട്ട്‌മെന്റുകളിൽ നിന്നുള്ള സമ്മർദം മൂലം ഇത് 2018 വരെ ദീർഘിപ്പിക്കുകയായിരുന്നു. ഇതിൽ ബ്രിട്ടനിലെ വിവിധ തുറകളിൽ നിന്നും കടുത്ത എതിർപ്പ് ഉയരുകയും ചെയ്തിരുന്നു. ഈ വർഷത്തിന്റെ തുടക്കത്തിൽ ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സമ്പദ് വ്യവസ്ഥ ബ്രിട്ടനായിരുന്നു. എന്നാൽ ഇപ്പോൾ ഫ്രാൻസും ഇന്ത്യയും ബ്രിട്ടനെ ഇക്കാര്യത്തിൽ മറികടന്നുവെന്നാണ് സൂചന.

ബ്രെക്‌സിറ്റിനെ തുടർന്ന് പൗണ്ട് വിലയിലുണ്ടായ കനത്ത ഇടിവാണ് ബ്രിട്ടന് വിനയായിത്തീർന്നിരിക്കുന്നത്. 2020ൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ ബ്രിട്ടനെ മറികടക്കുമെന്ന് സാമ്പത്തിക ശാസ്ത്രജ്ഞന്മാർ നേരത്തെ പ്രവചിച്ചിരുന്നു.എന്നാൽ ഇപ്പോൾ പ്രതീക്ഷിച്ചതിനേക്കാൾ നാല് വർഷങ്ങൾക്ക് മുമ്പ് ഇന്ത്യ ബ്രിട്ടനെ മറികടന്നിരിക്കുന്നുവെന്നാണ് ഏറ്റവും പുതിയ കണക്കുകൾ വെളിപ്പെടുത്തുന്നത്.

പുതിയ കണക്ക് പ്രകാരം യുഎസാണ് ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥ.ഇതിനെ തുടർന്ന് ചൈന, ജപ്പാൻ, ജർമനി, ഫ്രാൻസ് , ഇന്ത്യ തുടങ്ങിയവ നിലകൊള്ളുന്നു. ബ്രെക്‌സിറ്റിനെ തുടർന്ന് ബ്രിട്ടനിലുണ്ടായ അനിശ്ചിത്വം, പൗണ്ടിന്റെ വിലയിടിവ്, ഇന്ത്യയിലെ വ്യവസായ അഭിവയോധികി തുടങ്ങിയവ ഒന്ന് ചേർന്ന് പ്രവർത്തിച്ചപ്പോൾ അത് ബ്രിട്ടൻ സാ്മ്പത്തികമായി പിന്നോട്ട് പോകാനും ഇന്ത്യ മുന്നേറാനും വഴിയൊരുക്കുകയായിരുന്നുവെന്നാണ് വ്യക്തമായിരിക്കുന്നത്. ഫോറിൻ പോളിസിയുടെ അഭിപ്രായപ്രകാരം 2017ൽ ഇന്ത്യയുടെ ജിഡിപിയിൽ 7.6 ശതമാനം വളർച്ചയുണ്ടാകും. എന്നാൽ ബ്രിട്ടീഷ് സാമ്പത്തിക വ്യവസ്ഥയ്ക്ക് ഈ സമയത്ത് 1.1 ശതമാനം വളർച്ച മാത്രമേയുണ്ടാവുകയുള്ളൂ.