ലണ്ടൻ: ലോകത്തെ ഏറ്റവും മികച്ച ആരോഗ്യ പരിപാലന ശൃംഖലയാണ് ബ്രിട്ടനിൽ ഉള്ളത്. നാഷണൽ ഹെൽത്ത്‌കെയർ സർവീസ്(എൻഎച്ച്എസ്) എന്ന കീഴിലുള്ള ആശുപത്രികൾ ഏറ്റവും മികച്ചവയാണ്. എന്നാൽ, ഇക്കാര്യത്തിൽ ഇന്ത്യയുടെ സ്ഥിതി അതിന്റെ നേർ വിപരീതമാണ്. ഏറ്റവും മോശം ആരോഗ്യമ മേഖലയായാണ് ഉത്തരേന്ത്യയിലെ അടക്കം ആശുപത്രികളെ കണക്കാക്കുന്നത്. എന്നാൽ, ഈ പേരുദോഷം നീക്കിക്കിട്ടാൻ ഇന്ത്യയ്ക്ക് ബ്രിട്ടീഷ് സഹായം വരുന്നു. ഇന്ത്യൻ ആരോഗ്യ മേഖലയെ പരിഷ്‌ക്കരിക്കുന്നതിനുള്ള തുടക്കം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബ്രിട്ടീഷ് സന്ദർശന വേളയിൽ ഉണ്ടായി.

ഇന്ത്യയുടെ ആരോഗ്യ മേഖലയെ പാടേ പരിഷ്‌കരിക്കുന്ന 10, 000 കോടിയുടെ ഇൻഡോ - ബ്രിട്ടീഷ് കരാറാണ് ഇരു രാജ്യങ്ങൾക്കിടയിൽ ഒരുങ്ങുന്നത്. ഇന്ത്യയുടെ 11 തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാനങ്ങളിൽ എൻഎച്ച്എസ് മോഡൽ മെഡിക്കൽ കോളജുകളും നഴ്‌സിങ് കോളജുകളും അടങ്ങിയ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികൾ തുറക്കുന്ന പദ്ധതിക്കാണ് കരാറായത്. ഒരു ആശുപത്രിക്ക് ചെലവ് വരുന്നത് 1000 കോടിയാണ്. പരിഷ്‌കാരത്തിൽ ആദ്യം ആരംഭിക്കുക ചണ്ഡീഗഡിലായിരിക്കും.

ഇൻഡോ-യുകെ ഹെൽത്ത്‌കെയർ എന്നത് ഇൻഡോ ബ്രിട്ടീഷ് പ്രമോട്ടർമാരുടെ ഒരു കൺസോർഷ്യമാണ്.അവരാണീ ബൃഹത്തായ പദ്ധതി നടപ്പിലാക്കുന്നത്. ഇവർ ഇതിനായി 10,000 കോടി നിക്ഷേപിക്കാമെന്നും സമ്മതിച്ചിട്ടുണ്ട്. ഇതു പ്രകാരം ഇംഗ്ലീഷ് വിദ്യാഭ്യാസ സ്ഥാപനങ്ങളും യൂണിവേഴ്‌സിറ്റികളും രാജ്യത്തെത്തുകയും ചെയ്യും. ഈ സംരംഭത്തിനെ ബ്രിട്ടീഷ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്ത്, യുകെ ട്രേഡ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ്, നാഷണൽ ഹെൽത്ത്‌കെയർ സർവീസ്(എൻഎച്ച്എസ്) ഇംഗ്ലണ്ട് എന്നിവയുടെ സംയുക്ത സംരംഭമായ ഹെൽത്ത്‌കെയർ യുകെ പിന്തുണയ്ക്കുന്നുമുണ്ട്. ഈയടുത്ത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബ്രിട്ടീഷ് സന്ദർശനത്തിനിടെ അദ്ദേഹം ഈ പദ്ധതിയുമായി ബന്ധപ്പെട്ട കരാറിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ഡേവിഡ് കാമറോണുമായി ഒപ്പു വച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇതിനെത്തുടർന്ന് ഇംഗ്ലണ്ടിലെ കിംങ്‌സ് കോളജ് ഹോസ്പിറ്റൽ ന്യൂ ചണ്ഡീഗഡിൽ 100 മില്യൺ പൗണ്ട് അഥവാ 1000 കോടി രൂപ മുതൽമുടക്കിൽ പ്രവർത്തനമാരംഭിക്കും.

എന്നാൽ ആദ്യ ഹോസ്പിറ്റൽ എന്നാണ് പ്രവർത്തനമാരംഭിക്കുകയെന്ന് വ്യക്തമായിട്ടില്ല. ഹെൽത്ത് കെയർ ഡെലിവറി, ക്ലിനിക്കൽ സപ്പോർട്ട് സർവീസുകൾ, എൻഎഎച്ച്എസ് ഇഹെൽത്ത്, സ്റ്റാഫ് അക്കമഡേഷൻ, മെഡിക്കൽ കോളജ്, നഴ്‌സിങ് കോളജ്, ആർ ആൻഡ് ഡി സൗകര്യങ്ങൾ, മെഡിക്കൽ മാനുഫാക്ചറിങ് സൗകര്യങ്ങൾ, മെഡിക്കൽ മാൾ എന്നീ സൗകര്യങ്ങൾ അടങ്ങിയ പദ്ധതിയായിരിക്കും ഓരോ സംസ്ഥാനത്തും നടപ്പിലാക്കുന്നതെന്ന് ഇത് സംബന്ധിച്ചുള്ള പ്രസ്താവന വെളിപ്പെടുത്തുന്നു. ഈ പ്രൊജക്ട് പൂർത്തിയായാൽ 5000 ഡോക്ടർമാർ, 25,000 നഴ്‌സുമാർ, മറ്റ് ഹെൽത്ത് സ്‌പെഷ്യലിസ്റ്റുകൾ തുടങ്ങിയവർക്ക് ഓരോ പ്രൊജക്ടിലും ജോലി ല ഭിക്കും.ഓരോന്നിലും 11,000 ബെഡുകളുമുണ്ടാകും. ഈ പ്രൊജക്ടിലൂടെ മൊത്തത്തിൽ ഒരു ലക്ഷം തൊഴിലുകളാണ് സൃഷ്ടിക്കപ്പെടുക.

മെഡിക്കൽനഴ്‌സിങ് കോളജുകളിൽ 15,000 പുതിയ എംബിബിഎസ് ഡോക്ടർമാർക്കും 20,000 നഴ്‌സുമാർക്കും പരിശീലനം നൽകാൻ ശേഷിയുണ്ടാകും.കൺസോർഷ്യം ബാങ്കുകളിൽ നിന്നും കടമായും ഓഹരിയുടെ രൂപത്തിലുമായിരിക്കും ഇതിനായുള്ള ഫണ്ടു കൾ സ്വരൂപിക്കുക. യുകെ എക്‌സ്‌പോർട്ട് ഫിനാൻസും എലാര കാപിറ്റലക്കമുള്ള പ്രമുഖ സ്വകാര്യ ഇക്യൂറ്റി പ്ലേയർമാരും ഇതിൽ പ്രധാന പങ്ക് വഹിക്കുന്നതാണ്. എലാര കാപിറ്റൽ ഇതിന്റെ മുഖ്യ ഉപദേശകരായി നിലകൊള്ളും.ഈ 11 ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടുകൾ നിർമ്മിക്കാനായുള്ള അണ്ടർസ്റ്റാൻഡിങ് മെമോറാണ്ടത്തിൽ ഇൻഡോയുകെ ഹെൽത്ത്‌കെയറും ഷപൂർജി പല്ലോൻജിയും ഒപ്പു വച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

ഈ പദ്ധതികളിൽ നിന്നുള്ള ഗുണം ഇരുരാജ്യങ്ങളും പങ്കിട്ടെടുക്കാനാണ് കരാർ വ്യവസ്ഥ ചെയ്യുന്നത്. ഇതിനായി ഇരു സർക്കാരുകളും തോളോട് തോൾ ചേർന്ന് നിന്ന് പ്രവർത്തിക്കുകയും ചെയ്യും. ബ്രിട്ടീഷ് ഹെൽത്ത്‌കെയറിലെ എല്ലാ നല്ല വശങ്ങളും ഈ പദ്ധതിയിലൂടെ ഇന്ത്യയിലെത്താൻ വഴിയൊരുങ്ങുമെന്നാണ് ഇൻഡോ യുകെ ഇൻസ്റ്റിറ്റ്യൂട്ട്‌സ് ഓഫ് ഹെൽത്ത് (ഐയുഐഎച്ച്) എംഡിയും സിഇഒയുമായ ഡോ. ഗുപ്ത പറയുന്നത്.സാധാരണക്കാർക്ക് പോലും താങ്ങാനാവുന്ന വിധത്തിലായിരിക്കും ഇത് സജ്ജീകരിക്കുകയെന്നും അദ്ദേഹം പറയുന്നു. ആംഗ്ലോ ഇന്ത്യൻ ഗവേഷണ സമന്വയത്തിലൂടെ മികച്ച ആരോഗ്യ പരിചരണം ഇതിലൂടെ ലഭ്യമാകുമെന്നും അദ്ദേഹം ഉറപ്പ് നൽകുന്നു.