ലണ്ടൻ: ബ്രിട്ടീഷ് പാർലിമെന്റ് കാന്റീനിൽ ചായ കുടിക്കാൻ വരുന്ന എംപിമാരിൽ പരിചയക്കാരനായ ഒരാൾ ഒരു ഷാളും പ്ലാസ്റ്റിക്കിലോ തടിയിലോ നിർമ്മിച്ച ഒരു മൊമന്റോയോ നൽകിയാൽ അത് ബ്രിട്ടീഷ് പാർലമെന്റിന്റെ അംഗീകാരമാകുമോ? ബ്രിട്ടീഷ് സന്ദർശനത്തിന് എത്തുന്ന മലയാളി വിഐപികൾ നാട്ടിലെത്തി പ്രാഞ്ചിയേട്ടന്മാരാകാൻ മനഃപൂർവം വേദിയാക്കി ബ്രിട്ടീഷ് പാർലമെന്റ്. ഇരയാകുന്നതോ മലയാളത്തിലെ പ്രമുഖരും. അവാർഡ് തട്ടിപ്പ് പുറത്ത് വന്നതോടെ ആദരിക്കപ്പെട്ട കെഎം മാണി മുതൽ എംജി ശ്രീകുമാർ വരെയുള്ള പ്രമുഖർക്ക് സോഷ്യൽ മീഡിയയിൽ പൊങ്കാലയാണ്. എന്നാൽ ഈ തട്ടിപ്പിൽ വീഴാതെ സത്യം വിളിച്ച് പറഞ്ഞത് പൂഞ്ഞാർ എംഎൽഎ പിസി ജോർജ് മാത്രം.

നാലു വർഷം മുൻപ് അന്നത്തെ ധനമന്ത്രി കെഎം മാണി മുതൽ ആരംഭിച്ച ബ്രിട്ടീഷ് പാർലമെന്റിലെ ഈ നടയ്ക്കിരുത്തൽ പരിപാടിയിൽ ഏറ്റവും ഒടുവിലത്തെ ഇരയായി മാറിയിരിക്കുന്നത് മലയാളികളുടെ പ്രിയ ഗായകൻ എംജി ശ്രീകുമാറാണ്. മാണിക്ക് ബ്രിട്ടീഷ് പാർലമെന്റിന്റെ അംഗീകാരം എന്നത് തൊണ്ട വിഴുങ്ങാതെ മാധ്യമങ്ങളും ഏറ്റെടുത്തതോടെയാണ് ഈ തട്ടിപ്പിന് സാമൂഹ്യ അംഗീകാരം എന്ന നിലയിൽ പ്രശസ്തി ലഭിക്കുന്നത്.

ഷാളും മൊമന്റോയും ലഭിക്കുന്നവർ ഇത് തങ്ങളുടെ ജീവിതത്തിലെ ഏറ്റവും അസുലഭ ഭാഗ്യമായി വ്യാഖ്യാനിക്കുമ്പോൾ അതിനു പിന്നിൽ സാമ്പത്തിക ഇടപാട് പോലും ഉണ്ടെന്ന ആരോപണമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. സമൂഹത്തിലെ പണസ്വാധീനമുള്ളവർ മുതൽ പ്രധാനമായും രാഷ്ട്രീയക്കാരും ഈ തട്ടിപ്പ് ബഹുമതി ഒരു വലിയ ചതിക്കായി ഉപയോഗിക്കുന്നു. ഈ ഇടപാടിൽ സമൂഹത്തിലെ ഉന്നതരെന്നു സ്വയം കരുതുന്നവർ തന്നെ നേതൃത്വം നൽകുന്നുവെന്നാണ് ആക്ഷേപം. ഇതിനായി ബ്രിട്ടീഷ് പാർലമെന്റ് എത്തിക്‌സ് കമ്മിറ്റിക്കു പരാതി നൽകാൻ ഉള്ള ഒരുക്കത്തിലാണ് സാമൂഹ്യ പ്രവർത്തകരുടെ കൂട്ടായ്മ.

കേരളീയ സമൂഹം ആദരിക്കുന്നവരെ ബ്രിട്ടനിൽ എത്തിച്ചു കളിയാക്കി വിടുന്ന ഈ ഏർപ്പാട് യുകെയിലെ മുഴുവൻ മലയാളികൾക്കും അവമതിയായി മാറുന്ന സാഹചര്യത്തിൽ ഇതവസാനിപ്പിക്കാൻ ഉറച്ച നിലപാടുമായാണ് പലരും സോഷ്യൽ മീഡിയയിൽ പ്രതികരിക്കുമ്മുമുണ്ട്. ബ്രിട്ടീഷ് പാർലിമെന്റ് അംഗങ്ങളായ വീരേന്ദ്ര ശർമ്മ, കീത് വ്യാസ്, സ്റ്റീഫൻ ടിംസ് തുടങ്ങിയവരെ സ്വാധീനിച്ചു തയ്യാറാകുന്ന താൽക്കാലിക വേദികളിൽ എത്തപ്പെടുന്ന മലയാളി വിഐപികൾ മഹാഭാരത കഥയിലെ മായാസഭയിൽ എത്തപ്പെടുന്ന പ്രതീതിയിൽ തങ്ങൾക്കു ലഭിക്കുന്ന ഷാളും മോമെന്റോയും ബ്രിട്ടീഷ് പാർലമെന്റിന്റെ അംഗീകാരമാണെന്ന് തെറ്റിദ്ധരിക്കപ്പെടുകയാണ്. ഇതിൽ അറിഞ്ഞുകൊണ്ട് വന്ന് പെടുന്നവരുമുണ്ട്.

കഴിഞ്ഞ ദിവസം എം.ജി ശ്രീകുമാറിന് ലഭിച്ച ബഹുമതിയെ പാർലമെന്റിന്റെ അംഗീകാരം എന്ന് വിശേഷിപ്പിച്ചു ഭാര്യ ലേഖ ഫേസ്‌ബുക്കിൽ ചിത്രമടക്കം പോസ്റ്റ് ചെയ്തിരുന്നു. ഇതേ അബദ്ധം മാണിക്കും ഒരിക്കൽ സംഭവിച്ചിരുന്നു. മാണിക്ക് ലഭിക്കുന്നത് തട്ടിപ്പു അംഗീകാരം ആണെന്ന് മുന്നറിയിപ്പ് നൽകാൻ എത്തിയ കേരള കോൺഗ്രസിലെ സമുന്നതനായ നേതാവിന് പിന്നീട മാണിയുടെ ഈർഷ്യയും സമ്പാദിക്കേണ്ടി വന്നു എന്നത് കേരള കോൺഗ്രസുകാർക്കിടയിൽ പാട്ടാണ്. ഇതേ രീതിയിൽ പുരസ്‌കാരം ലഭിച്ച ശാന്തിഗിരി ആശ്രമത്തിലെ സന്യാസിമാർ തങ്ങളുടെ ആഘോഷത്തിന്റെ ഭാഗമായി നൽകേണ്ട പുരസ്‌കാരങ്ങൾ അവർ തന്നെ നാട്ടിൽ നിന്ന് എത്തിക്കുകയായിരുന്നുവെന്നും ആക്ഷേപമുണ്ട്.

ഇനി പുരസ്‌ക്കാരങ്ങൾ ലഭിക്കാൻ നാട്ടിൽ നിന്ന് വന്നാലോ, അവർ യുകെയിൽ എത്തിയ ശേഷം പുരസ്‌കാരം തരുന്നവരെ തപ്പി നടക്കുന്ന കഥയും പതിവാണ്. ബിസിനസുകാരനായ വി കെ എൽ ഹോൾഡിങ്‌സ് ഉടമ വർഗീസ് കുര്യൻ, മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ എന്നിവരൊക്കെ ഇങ്ങനെ അവാർഡ് വാങ്ങിയവരുടെ കൂട്ടത്തിൽ ഉള്ളവരാണ്. ശാന്തിഗിരി ആശ്രമം ഓർഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്‌ന അടക്കമുള്ളവരാണ് കേരളത്തിൽ നിന്നും ഏതാനും മാസം മുൻപ് നടന്ന അവാർഡ് ദാനത്തിനു സാക്ഷ്യം വഹിക്കാൻ എത്തിയത്. സ്വാമിയുടെ അവസ്ഥയും വ്യത്യസ്ഥമായിരുന്നില്ലസ

എരുമേലി വിമാനത്താവള പദ്ധതിയുടെ ആസൂത്രകൻ എന്നഭിമാനിക്കുന്ന രാജീവ് ജോസഫിന് ലഭിക്കുന്ന അവാർഡുകളും. ലോകത്തെ ഏത് അവാർഡും തന്നെ തേടിയെത്തുന്ന മഹാത്ഭുതം അദ്ദേഹത്തിന്റെ കാര്യത്തിൽ ലണ്ടനിലും സംഭവിച്ചു. എന്നാൽ ഈ കെണിയിൽ വീഴാതെ രക്ഷപെട്ട ഒരേയൊരു നേതാവ് പിസി ജോർജ് മാത്രമാണ്. യുകെയിൽ തന്റെ ജനപക്ഷം പരിപാടിയുടെ പ്രചാരകനായി എത്തിയ പിസി ജോർജിനെ അവാർഡ് നൽകി ആദരിക്കാൻ ഗൂഢ സംഘം കിണഞ്ഞു പരിശ്രമിച്ചെങ്കിലും മാണിക്ക് പറ്റിയ അബദ്ധം ഓർമയിൽ ഉണ്ടായിരുന്ന പിസി അവാർഡ് പരിപാടി തട്ടിക്കളയുക മാത്രമല്ല, പാർലിമെന്റിൽ ലഭിക്കുന്ന വാടക ഹാളിൽ എത്തി ഈ തട്ടിക്കൂട്ട് പരിപാടിക്ക് എതിരെ രൂക്ഷമായി വീഡിയോ പ്രതികരണം നടത്തിയാണ് മടങ്ങിയത്.

ഗായകൻ എംജി ശ്രീകുമാറിന്റെ കാര്യത്തിൽ കുറച്ചു കൂടി ആസൂത്രിതമായ നീക്കമാണ് നടന്നിരിക്കുന്നത്. അദ്ദേഹത്തിന്റെ സംഗീത ജീവിതത്തിന്റെ മൂന്നര പതിറ്റാണ്ട് ആഘോഷം എന്ന പേരിൽ സംഘടിപ്പിച്ച സ്റ്റേജ് ഷോയ്‌ക്കൊപ്പം ചില ബിസിനസ് താൽപ്പര്യങ്ങളും സജീവമാക്കുന്നതിനുള്ള നീക്കമാണ് ലണ്ടനിൽ അരങ്ങേറിയത്. ഇക്കാര്യത്തിൽ ശ്രീകുമാറിന് വ്യക്തമായ ധാരണ ഇല്ലെന്നാണ് സൂചന. കൂടെ സൂര്യ കൃഷ്ണമൂർത്തിയെയും എത്തിച്ച പരിപാടിയിൽ ഉമ്മൻ ചാണ്ടി മന്ത്രി സഭയിലെ പ്രമുഖൻ ആയിരുന്ന കൊല്ലത്തെ രാഷ്ട്രീയ നേതാവിന്റെയും ബിസിനസ് പ്രമുഖരുടെ അടക്കമുള്ള സാന്നിധ്യവുമാണ് സംശയകരമായി മാറിയിരുന്നു. ഉമ്മൻ ചാണ്ടി ഭരണകാലത്തു ലണ്ടൻ ഔദ്യോഗികമായി സന്ദർശിക്കുകയും ചില ബിസിനസ് സാദ്ധ്യതകൾ തേടുകയും ചെയ്ത സാഹചര്യത്തിലാണ് ഈ നേതാവിന്റെ ഇപ്പോഴത്തെ സന്ദർശനം സംശയ നിഴലിൽ ആകുന്നത്. ഇത്തരത്തിൽ യുകെ മലയാളികൾ മൊത്തം കബളിപ്പിക്കപ്പെടുന്ന രംഗമായി സ്റ്റേജ് ഷോകൾ ദുരുപയോഗം ചെയ്യപ്പെടുമ്പോൾ പ്രശസ്തരായ കലാകാരന്മാരും സംശയ നിഴലിൽ ഉൾപ്പെടുകയാണ്.

ശ്രീകുമാർ ഷോയുടെ ഒരു സ്റ്റേജ് സമുദായ സംഘടനക്ക് വിൽക്കുകയും രണ്ടു സ്റ്റേജുകൾ മാത്രം സംഘാടകർ ഏറ്റെടുത്തു നടത്തുന്ന തന്ത്രമാണ് ശ്രീരാഗം പരിപാടിയിൽ അരങ്ങേറിയത്. പരിപാടിക്കൊടുവിൽ ശ്രീകുമാറിനെ പ്രീതിപ്പെടുത്താൻ വേണ്ടിയാണു പാർലിമെന്റ് അംഗീകാരം എന്ന പേരിൽ തട്ടിക്കൂട്ട് പരിപാടി ആസൂത്രണം ചെയ്തത്. ഇതുവഴി സ്റ്റേജ് ഷോക്ക് പറഞ്ഞുറപ്പിച്ച തുകയിൽ വ്യ്ത്യാസം വരുത്താൻ സാധിക്കും എന്ന കണക്ക്കൂട്ടലും ഇതിന് പിന്നിലുണ്ട്. ആദരിക്കൽ പരിപാടി കഴിഞ്ഞ ഉടനെ ചിത്രങ്ങളും മറ്റും സംഘാടകർ യുകെയിലെ ഓൺലൈൻ മാധ്യമങ്ങളിൽ വരുത്താൻ ശ്രമിച്ചിരുന്നെകിലും മുൻ പരിപാടികളുടെ നിജസ്ഥിതി അറിയാവുന്നതിനാൽ ഒരൊറ്റ മാധ്യമവും ശ്രീകുമാർ ''ആദരിക്കപ്പെട്ട'' വാർത്ത നൽകാൻ തയ്യാറായില്ല.

നാട്ടിലെ മാധ്യമങ്ങളിൽ വാർത്ത വരുത്താൻ നടത്തിയ ശ്രമത്തിൽ അകപ്പെട്ടത് ഒരു ചാനലിന്റെ ഓൺലൈൻ വിഭാഗം മാത്രമാണ്. വാർത്തയ്ക്ക് പൊലിമ നൽകാൻ സന്തോഷ സൂചകമായി ശ്രീകുമാർ പിന്നണി പോലും ഇല്ലാതെ മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു എന്ന ചിത്രത്തിലെ ഓർമ്മകൾ ഓടി കളിക്കുവാൻ എത്തുന്ന മുറ്റത്തെ ചക്കര മാവിൻ ചുവട്ടിൽ എന്ന പാട്ടും ആലപിച്ചതായി റിപ്പോർട്ടുണ്ട്. എന്നാൽ വ്യാജ അവാർഡിനെ കുറിച്ച് അറിയുന്ന ശ്രീകുമാർ ഇപ്പോൾ താൻ തന്നെ ഗോഡ്ഫാദറിന് വേണ്ടി പാടിയ നീർപ്പളുങ്കുകൾ ഇടറി വീഴുമീ നിമിഷ സാഗരം ശാന്തമാകുമോ എന്ന ഗാനം ആലപിക്കേണ്ട ഗതികേടിൽ ആണെന്നും സോഷ്യൽ മീഡിയ പരിഹാസം ഉയർത്തുന്നു. ശ്രീകുമാർ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ ഹാസ്യ താരം പിഷാരടിയെയും അവാർഡ് വിവാദത്തിന്റെ പേരിൽ ട്രോളർമാർ വെറുതെ വിടുന്നില്ല.

ഈ വാർത്ത പുറത്തു വന്നതോടെ ലണ്ടനിൽ താമസിക്കുന്ന സിനിമ പ്രവർത്തകനായ ജിൻസൺ ഇരിട്ടിയാണ് സംഭവം സോഷ്യൽ മീഡിയയിൽ ചർച്ചയ്ക്കു എത്തിച്ചത്. ഇതോടെ നിരവധി പേര് ബ്രിട്ടീഷ് പാർലമെന്റിന്റെ പേരിൽ നടക്കുന്ന തട്ടിപ്പിനെതിരെ ശബ്ദം ഉയർത്തണം എന്നാവശ്യപ്പെടുകയാണ്.