ലണ്ടൻ: ഇപ്പോൾ രാജ്ഞിയുടെ പേരു പറഞ്ഞ പണമുണ്ടാക്കാനുള്ള തത്രപ്പാടിലാണ് ഹാരിയെന്ന് ഒരു കൂട്ടം ബ്രിട്ടീഷുകാർ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം അമേരിക്കൻ ടി വി ചാനലിനു നൽകിയ അഭിമുഖത്തിൽ രാജ്ഞിയെ സംരക്ഷിക്കുവാൻ ശരിയായ ആളുകൾ അവർക്ക് ചുറ്റും വേണമെന്ന ഹാരിയുടെ വാക്കുകളാണ് ഇപ്പോൾ ബ്രിട്ടീഷ് ജനതയെ പ്രകോപിപ്പിച്ചിരിക്കുന്നത്. കുടുംബവുമായി വഴക്കിട്ട് പോയി വൃത്തികേടുകൾ വിളിച്ചു പറയുന്ന ഒരു അധമൻ എന്നാണ് പലരും ഇപ്പോൾ ഹാരിയെ വിശേഷിപ്പിക്കുന്നത്.

രാജ്ഞിയുടെ സുരക്ഷക്ക് പ്രശ്നമൊന്നും ഇല്ലെന്നും ഇപ്പോൾ രാജ്ഞിക്ക് ആവശ്യം ഹാരിയിൽ നിന്നുള്ള സംരക്ഷണമാണെന്നുമായിരുന്നു മറ്റൊരാൾ പ്രതികരിച്ചത്. രാജ്ഞിയെ, അമ്മ എന്ന നിലയിൽ ഒരു പരാജയം എന്നായിരുന്നു ഇതിനു മുൻപ് ഒരു പോഡ്കാസ്റ്റിൽ ഹാരി വിശേഷിപ്പിച്ചത്. വംശീയ വിദ്വേഷത്തെക്കുറിച്ച് പറഞ്ഞപല രാജകുടുംബാംഗങ്ങളേയും സംശയത്തിന്റെ കരിനിഴലിൽ നിർത്തി. അതിനെല്ലാം പുറമേ രാജ്ഞിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെ, സ്വന്തം സുരക്ഷയുടേ പേരിൽ നിയമനടപടികൾക്കും ഒരുങ്ങി.

ഇത്രയും ചെയ്തിട്ടും ഇപ്പോഴും നാണമില്ലാതെ ഓരോന്ന് വിളിച്ചുകൂവുന്നത് പ്രൊതുജന ശ്രദ്ധയാകർഷിക്കുവാനും അതുവഴി നെറ്റ്ഫ്ളിക്സുമായി ഉണ്ടാക്കിയ കരാറിൽ ലാഭമുണ്ടാക്കാനുമാണെന്നും ചിലർ പറയുന്നു. പുതിയ തലമുറയുടെ വിഢിത്തമാണ് ഹാരി പ്രകടിപ്പിക്കുന്നതെന്നാണ് മറ്റൊരാൾ പ്രതികരിച്ചത്. സ്വന്തം കുടുംബത്തെ ഇത്രയധികം തേജോവധം ചെയ്ത മറ്റൊരാൾ സമീപകാല ചരിത്രത്തിലൊന്നും തന്നെ ഉണ്ടായിട്ടില്ലെന്നും അയാൾ പറയുന്നു.

അമേരിക്കയിൽ സ്ഥിരതാമസമാക്കിയിരിക്കുന്ന ഹാരിക്കും മേഗനും എന്നും മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കാനുള്ള തന്ത്രം മാത്രമാണ് ഇടക്കിടെ സ്വന്തം കുടുംബത്തെ അപമാനിക്കൽ എന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു. കുടുംബത്തിന്റെ മുഖത്ത് കരിവാരിത്തേച്ച് മാധ്യമ ശ്രദ്ധപിടിച്ചുപറ്റുന്ന അധമ ശ്രമമാണ് ഹാരിയുടേതെന്ന കുറ്റപ്പെടുത്തലുകളും വരുന്നു. അതിനു പുറമെ ആവശ്യത്തിനും അനാവശ്യത്തിനും അമ്മ ഡയാനയുടെ പേരു വലിച്ചിഴച്ച് സഹാതാപം നേടിയെടുക്കാനുള്ള ഹാരിയുടെ ശ്രമത്തേയും ബ്രിട്ടീഷുകാർ അതിനിശിതമായി വിമർശിക്കുന്നുണ്ട്.

വില്യമിന്റെ വഞ്ചനയിൽ കുഴിമാടത്തിൽ കിടന്ന് അമ്മ കരയുന്നുണ്ടാകുമെന്ന് പറഞ്ഞ ഹാരി, കഴിഞ്ഞ രണ്ടു വർഷമായി തന്നെ കാത്തു രക്ഷിക്കുന്നത് അമ്മയാണെന്ന് പറഞ്ഞ് സഹതാപം നേടാനും ശ്രമിക്കുന്നുണ്ട്. ഇന്ന്, ബ്രിട്ടനിലെ രാജപദവി നിർത്തലാക്കണം എന്ന് വാദിക്കുന്ന റിപ്പബ്ലിക്കുകാരേക്കാൾ രാജകുടുംബത്തിന് ഭീഷണി ഹാരിയാണെന്നാണ് ചിലർ ചൂണ്ടിക്കാട്ടുന്നത്. രാജകുടുംബത്തിന്റെ അടിവേരുവരെ ഹാരി ഇളക്കുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു. തന്നെ മറ്റാരേക്കാളും അധികം മുത്തശ്ശി സ്നേഹിക്കുന്നു എന്നവകാശപ്പെടുന്ന ഹാരി മുത്തശ്ശിയുടെ പ്ലാറ്റിനം ജൂബിലിക്ക് നൽകിയ സമ്മാനമാണോ ഈ അപമാനിക്കൽ എന്നും ചിലർ ചോദിക്കുന്നുണ്ട്.