ലണ്ടൻ: ലോകമെമ്പാടുമുള്ള ഇന്ത്യാക്കാർക്ക് അഭിമാന മുഹൂർത്തം നൽകി കൊണ്ട് ബ്രിട്ടീഷ് പ്രധാനമന്ത്രിയെ ആദരിച്ചത് ഒരു യുകെ മലയാളിയെ. മാഞ്ചസ്റ്ററിൽ താമസിക്കുന്ന മലയാളിയായ അനുസുദ്ധീൻ അസീസിന്റെ ഉമസ്ഥതയിലുള്ള ഏഷ്യൻ ലൈറ്റ് എന്ന പത്രത്തിന്റെ ഓഫീസിൽ എത്തി പ്രധാനമന്ത്രി നടത്തിയ സന്ദർശനം ഇന്ത്യക്ക് നൽകുന്ന പ്രാധാന്യത്തിന്റെ അംഗീകാരം മാത്രമല്ല യുകയിലെ ഇന്ത്യാക്കാർക്കുള്ള ആദരവിന്റെ അടയാളമായി മാറുകയായിരുന്നു.

ഇക്കഴിഞ്ഞ വെള്ളിയച്ച പകൽ മൂന്നുമണിയോടു അടുത്താണ് മാഞ്ചസ്റ്ററിലെ ഏഷ്യൻ ലൈറ്റ് മാഗസിൻ ഓഫീസിലേക്ക് അപ്രതീക്ഷിതമായി കാമറോൺ എത്തിയത്. ഏഷ്യൻ ലൈറ്റിൽ എത്തിയ ഉടനെ അദേഹം ആദ്യം അന്വേഷിച്ചത് മലയാളിയും മാഗസിന്റെ പത്രാധിപ ചുമതലയുമുള്ള അനുസനുദ്ധീനെ തന്നെയാണ്. ഒട്ടും അപരിചിതത്വം കാട്ടാതെ ഏഷ്യൻ ലൈറ്റിലെ ഒരു ജീവനക്കാരനെ പോലെ ആയിരുന്നു പിന്നീടുള്ള കാമറോന്റെ പെരുമാറ്റം. മാഗസിന്റെ ഉള്ളടക്കം, പ്രവർത്തന രീതികളും ഒക്കെ വിശദമായി കാമറോൺ ചോദിച്ചറിഞ്ഞു. ഏഷ്യൻ ലൈറ്റിനു ഇന്ത്യൻ വിഭാഗക്കാർക്കിടയിൽ ശക്തമായ സാന്നിധ്യം ഉണ്ടെന്നു തിരിച്ചറിഞ്ഞാണ് കാമറോൺ സന്ദർശനം നടത്തിയതെന്ന് വ്യക്തം.

സാധാരണ ബ്രിട്ടീഷ് പ്രധാനമന്ത്രിമാർ പെരുമാറുന്നതിൽ നിന്നും വ്യത്യസ്തമായിരുന്നു കാമറൂണിന്റെ ഏഷ്യൻ ലൈറ്റ് ഓഫീസ് സന്ദർശനം. തിരഞ്ഞെടുപ്പ് മൂക്കിൽ മുട്ടി നിൽക്കുമ്പോൾ ന്യൂസ്‌റൂം സന്ദർശനം ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ പതിവല്ല. എന്നാൽ ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ വർദ്ധിച്ചു വരുന്ന ഇന്ത്യൻ സമൂഹത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ് തന്നെയാണ് കാമറോൺ അനുസുദ്ധീനെ തേടി എത്തിയതെന്ന് സുവ്യക്തമാണ്. ഇക്കഴിഞ്ഞ ദീപാവലി ആശംസയിലും കാമറോൺ ഇന്ത്യാക്കാർ ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ സജീവം ആകേണ്ടതിന്റെ പ്രാധാന്യം സൂചിപ്പിച്ചിരുന്നു.

അദ്ദേഹം എത്തുന്നതിന് മുൻപ് 36 മണിക്കൂർ മുൻപ് ഓഫീസിൽ പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിൽ നിന്നും അറിയിപ്പ് ലഭിച്ചിരുന്നു. ഒരു മന്ത്രി വരുന്നു എന്ന് മാത്രമാണ് വ്യക്തമാക്കിയത്. എന്നാൽ പിന്നീട് ഓഫീസ് പരിസരവും ചുറ്റുമുള്ള കെട്ടിടത്തിലും ഒക്കെ 10 സുരക്ഷ ചുമതലയുള്ള സെക്യൂരിറ്റി വിഭാഗം കയ്യടക്കിയതോടെ വരുന്നത് കാമറോൺ തന്നെയെന്ന് ഉറപ്പിച്ചത്. ഏകദേശം അര മണിക്കൂർ ഓഫീസിൽ ചെലവിട്ട അദ്ദേഹം രാഷ്ട്രീയം തന്നെയാണ് പ്രധാനമായും സംസാരിച്ചതും. ഇന്ത്യയെക്കുറിച്ചുള്ള ബന്ധവും സ്വാഭാവികമായും സംസാര വിഷയമായി. ഗാന്ധിജിയെക്കുറിച്ച് ഏറെ മതിപ്പോടെ സംസാരിച്ച കാമറോൺ ഇന്ത്യൻ റിപ്പബ്ലിക്കിന്റെ വളർച്ച ആദരവോടെയാണ് നോക്കി കണ്ടത് എന്നും സൂചിപ്പിച്ചു. അടുത്ത തിരഞ്ഞെടുപ്പിൽ ഇന്ത്യൻ സമൂഹത്തിന്റെ വ്യാപക പിന്തുണ കൺസർവേറ്റീവ് പാർട്ടിക്ക് ലഭിക്കും എന്ന് പ്രതീക്ഷ പ്രകടിപ്പിച്ച അദ്ദേഹം ഭരണത്തിൽ തിരിച്ചു വരുന്നതിൽ ഒട്ടും സംശയമില്ലാത്ത മട്ടിലാണ് പെരുമാറിയത്.

ഏഷ്യൻ ലൈറ്റ് പത്രാധിപ സമിതിഅംഗങ്ങളുമായി 20 മിനിറ്റിലേറെ സംസാരിച്ച കാമറോൺ പിന്നീട് അടച്ചിട്ട മുറിയിൽ എക്‌സിക്യുട്ടീവ് എഡിറ്റർ കൂടിയായ അനുസുദ്ധീനോട് 10 മിനിറ്റിലെറെ മുഖാമുഖം നടത്താനും തയ്യാറായി. ഇരുവരെയും കൂടാതെ കാമറോണിന്റെ പ്രസ് സെക്രട്ടറി മാത്രമാണ് ഈ കൂടി കാഴ്ചയിൽ പങ്കെടുത്തത്. മടങ്ങും മുൻപ് സന്ദർശക ഡയറിയിൽ ഏഷ്യൻ ലൈറ്റിനെ പ്രശംസിച്ച് കുറിപ്പ് എഴുതാനും അദ്ദേഹം മറന്നില്ല. ധർമ്മിക പത്ര പ്രവർത്തനത്തിന്റെ അന്തസ്സ് ഉയർത്തിപ്പിടിക്കുന്നതിന് ഏഷ്യൻ ലൈറ്റിന് എക്കാലവും കഴിയട്ടെ എന്നാണ് അദ്ദേഹം കുറിച്ചിട്ടത്.

കാമറോണിന്റെ സന്ദർശനം തനിക്ക് വ്യക്തിപരമായും ഔദ്യോഗികമായും ഏറെ സന്തോഷകരവും പ്രധാനപ്പെട്ടതും ആണെന്ന് പാലക്കാട്ടുകാരനായ അനുസുദ്ധീൻ വ്യക്തമാക്കുന്നു. പുതു തലമുറ മലയാളിയുടെ പ്രതിനിധിയായി യുകെയിൽ എത്തിയ സാധാരണ പത്രപ്രവർത്തകരിൽ നിന്നും പടിപടിയായി ഉയർന്ന് ബ്രിട്ടീഷ് ജീവിതത്തിന്റെ മുഖ്യ ധാരയിലേക്ക് കുതിച്ചുയരുന്നതാണ് അനുസുദ്ധീന്റെയും ഏഷ്യൻ ലൈറ്റിന്റെയും ഗ്രാഫ്. അനുസിദ്ധീന്റെ മലയാളി സമൂഹത്തിലെ പ്രാധാന്യം തിരിച്ചറിഞ്ഞ് മറുനാടൻ മലയാളിയുടെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളി മൂന്ന് വർഷം മുൻപ് മാഞ്ചസ്റ്ററിൽ നടന്ന അവാർഡ് നൈറ്റിൽ പ്രത്യേക പുരസ്‌കാരം നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു. വെറും 8 വർഷം കൊണ്ട് പത്ര പ്രവർത്തന രംഗത്ത് ബ്രിട്ടീഷ് പ്രധാന മന്ത്രിയുടെ പോലും ആദരവ് പിടിച്ചു പറ്റുന്ന ബ്രാൻഡ് ഇമേജായി ഏഷ്യൻ ലൈറ്റിനെ വളർത്തിയതിൽ അനുസുദ്ധീന്റെ പങ്ക് നിസ്തുലമാണ്. മുൻപ് പലവട്ടം പ്രധാന മന്ത്രി ഒരുക്കിയ സൽക്കാരങ്ങളിലും ഉന്നത തല കൂടിക്കാഴ്ചകളിലും പ്രത്യേക ക്ഷണിതാവായി ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്. ഇത്തരത്തിൽ കാമറോണുമായി കൂടിക്കാഴ്ച നടത്താൻ സമീപ കാല ചരിത്രത്തിൽ മലയാളി സമൂഹത്തിൽ അനുസുദ്ധീന് മാത്രമേ കഴിഞ്ഞിട്ടുള്ളൂ എന്നതും ശ്രദ്ധേയമാണ്.

പ്രധാന മന്ത്രിയുമായുള്ള കൂടി കാഴ്ചയിൽ അദ്ദേഹത്തിന് കുടിയേറ്റ സമൂഹത്തിന്റെ പ്രശ്‌നങ്ങളിൽ നല്ല ഗ്രാഹ്യമുണ്ടെന്ന് വ്യക്തമായതായും അനുസുദ്ധീൻ പറയുന്നു. മലയാളികൾ ഉൾപ്പെടെയുള്ള കുടിയേറ്റക്കാർ പ്രൊഫഷണൽ രംഗത്ത് ബ്രിട്ടന് നൽകുന്ന സംഭാവനകളും കാമറോണിന്റെ വാക്കുകളിൽ നിറഞ്ഞിരുന്നു. അടുത്ത തിരഞ്ഞെടുപ്പ് ആർക്കും ഭൂരിപക്ഷമില്ലാത്ത തൂക്കു പാർലമെന്റിനെ സൃഷ്ടിക്കും എന്ന സൂചനകൾ പുറത്ത് വന്ന പിന്നാലെ കുടിയേറ്റ സമൂഹത്തിന്റെ സ്വാധീനം ഉള്ള ഒരു മാദ്ധ്യമത്തെ തേടി ബ്രിട്ടീഷ് പ്രധാനമന്ത്രി തന്നെ നേരിട്ട് എത്തിയത് മാദ്ധ്യമ ലോകത്തും ചർച്ചയായിട്ടുണ്ട്. പരമ്പരാഗത മാദ്ധ്യമങ്ങളെ ഗൗനിക്കാതെ സുപ്രധാന വോട്ടു ബാങ്കായി മാറിയിരിക്കുന്ന ഇന്ത്യൻ സമൂഹത്തെ കയ്യിലെടുക്കാനുള്ള കാമറോണിന്റെ കൗശല തന്ത്രം എത്രമാത്രം ഫലപ്രദം ആകും എന്നറിയാൻ മെയ് വരെ കാത്തിരിക്കുകയേ നിർവാഹമുള്ളൂ.

അതിനിടയിൽ അടുത്ത കാലത്ത് പുറത്ത് വന്ന നിരവധി അഭിപ്രായം സർവേകളിൽ കുടിയേറ്റ സമൂഹം കൺസർവേറ്റീവുകളെ പിന്തുണയ്ക്കുന്ന കാര്യത്തിൽ ഏറെ മുന്നോട്ട് പോയിരിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. ഇത്തരം സൂചനകളും അനുസുദ്ധീനെ തേടി കാമറോൺ എത്തിയതിന്റെ പുറകിൽ ഒളിഞ്ഞിരിപ്പുണ്ടാകും. കാരണം തിരഞ്ഞെടുപ്പുകൾ രാഷ്ട്രീയത്തിലെ യുദ്ധം തന്നെയാണ്. അവിടെ വിജയിച്ചേ കഴിയൂ. മുഖ്യ എതിരാളിയായ എസ് മിലിബാൻഡിന് ഇത്തരം നീക്കങ്ങൾ വശമില്ലാത്തത് തന്നെയാണ് ഇത്തവണ തിരഞ്ഞെടുപ്പിൽ കാമറോണിന്റെ തുറുപ്പ് ചീട്ടായി മാറുന്നതും.