- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ത്രീകളെ ചുറ്റികകൊണ്ട് അടിച്ചുവീഴ്ത്തിയ ശേഷം കുത്തിക്കൊല്ലും; മൃതദേഹം ചുറ്റികയും സ്‌ക്രൂ ഡ്രൈവറും കത്തിയും ഉപയോഗിച്ച് വികൃതമാക്കും; 'യോർക്ക്ഷയർ റിപ്പർ' കൊലപ്പെടുത്തിയത് 13 സ്ത്രീകളെ; തടവിൽ കഴിഞ്ഞിരുന്ന ബ്രിട്ടിഷ് സീരിയൽ കില്ലർ ഒടുവിൽ മരിച്ചത് കോവിഡ് ബാധിച്ച്
ലണ്ടൻ: ലോകമെമ്പാടും ബാധിച്ച കോവിഡ് മഹാമാരി ജയിലുകളിലും മരണം വിതക്കയാണ്. ഇപ്പോൾ ബ്രിട്ടനിൽ ഒരു കൊടും ക്രിമിനൽ കൊല്ലപ്പെട്ട വർത്തമാനമാണ് അവിടുത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
13 സ്ത്രീകളെ കൊലപ്പെടുത്തിയ 'യോർക്ക്ഷയർ റിപ്പർ' എന്നറിയപ്പെടുന്ന ബ്രിട്ടിഷ് സീരിയൽ കില്ലർ പീറ്റർ സട്ട്ക്ലിഫ് (74)ആണ് കോവിഡ് ബാധിച്ച് മരിച്ചത്. കൊലപാതകക്കേസിൽ 20 വർഷത്തെ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സട്ട്ക്ലിഫ് വെള്ളിയാഴ്ച പുലർച്ചെയാണ് മരിച്ചത്. ഇയാൾ കോവിഡ് ചികിത്സ നിഷേധിച്ചിരുന്നതായാണ് റിപ്പോർട്ട്.1970 കളിലാണ് കൊലപാതക പരമ്പരകളിലൂടെ സട്ട്ക്ലിഫ് ബ്രിട്ടനെ ഞെട്ടിച്ചത്. 1975നും 1980നും ഇടയിൽ വടക്കൻ ഇംഗ്ലണ്ടിലുടനീളം സ്ത്രീകളെ കൊലപ്പെടുത്തിയ സട്ട്ക്ലിഫ് 1981ൽ അറസ്റ്റിലായി. ട്രക്ക് ഡ്രൈവറായി ജോലി ചെയ്തിരുന്ന സട്ട്ക്ലിഫ് 13 സ്ത്രീകളെ കൊലപ്പെടുത്തിയതായും 7 പേരെ കൊലപ്പെടുത്താൻ ശ്രമിച്ചതായും സമ്മതിച്ചിരുന്നു. കൊല്ലപ്പെട്ടവരിൽ 16 വയസ്സുള്ള ഷോപ്പ് അസിസ്റ്റന്റും ഉൾപ്പെടുന്നു.
1975 ഒക്ടോബറിൽ 28കാരിയും നാലു കുട്ടികളുടെ അമ്മയുമായിരുന്ന വിൽമ മക്കാനെയാണ് ആണ് ആദ്യം കൊലപ്പെടുത്തിയത്. വിൽമയെ ചുറ്റിക കൊണ്ട് അടിച്ച് 15 തവണ കുത്തി കൊലപ്പെടുത്തുകയായിരുന്നു. കൊലപ്പെടുത്തിയ ശേഷം ഇരകളുടെ മൃതദേഹം ചുറ്റിക, സ്‌ക്രൂ ഡ്രൈവർ, കത്തി എന്നിവ ഉപയോഗിച്ച് വികൃതമാക്കിയിരുന്നു. ഇതിനാലാണ് സട്ട്ക്ലിഫിന് 'യോർക്ക്ഷയർ റിപ്പർ' എന്ന പേര് കിട്ടിയത്.
ഫ്രാങ്ക്‌ലാൻഡ് ജയിലിൽ തടവുശിക്ഷ അനുഭവിക്കുന്നതിനിടെ സട്ട്ക്ലിഫിന് ഹൃദയാഘാതം സംഭവിച്ചിരുന്നു. ആശുപത്രി ചികിത്സയ്ക്കു ശേഷം വീണ്ടും ജയിലിലേക്ക് മാറ്റി. തിരിച്ചെത്തിയതിനു പിന്നാലെയാണ് കോവിഡ് ബാധിച്ചത്. നോർത്ത് ഡർഹാമിലെ യൂണിവേഴ്സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് മരണം. മാനസിക പ്രശ്നങ്ങളും മറ്റു ആരോഗ്യ പ്രശ്നങ്ങളും സട്ട്ക്ലിഫിനെ അലട്ടിയിരുന്നതായാണ് റിപ്പോർട്ട്.