കുവൈത്ത് സിറ്റി: കുവൈത്തിൽ അദ്ധ്യാപികയായ ബ്രിട്ടീഷ് യുവതിയെ ബലാൽസംഗം ചെയ്ത കേസിൽ കസ്റ്റഡിയിൽ എടുത്തിരുന്ന ആറ് പേരിൽ നാല് മലയാളികളെ നാടുകടത്തി. ഫാറൂഖ്, മധു, അനീഷ് ജോസഫ്, ഷാജി എന്നിവരെയാണ് ഡിപ്പോർട്ടേഷൻ സെന്ററിൽ നിന്ന് സ്വദേശത്തേക്ക് അയച്ചത്. ഇവർ കഴിഞ്ഞ രണ്ടാഴ്‌ച്ചയായി പൊലീസ് കസ്റ്റഡിയിലായിരുന്നു.

അതേസമയം പീഡനക്കേസിലെ മുഖ്യ പ്രതിയായ കൊല്ലം സ്വദേശി റഷീദ് ഇപ്പോൾ ജയിലിലാണ്. കുവൈത്തിൽ റഷീദിനൊപ്പം താമസിച്ചിരുന്നവരെയാണ് ഇപ്പോൾ നാട് കടത്തിയിരിക്കുന്നത്. ഫെബ്രുവരി ആറിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

മെഹ്ബൂലയിൽ താമസ സ്ഥലത്തിനു സമീപം തന്റെ വളർത്ത് പൂച്ചയെ തിരഞ്ഞു നടന്ന യുവതിയെ സഹായിക്കാനെന്ന വ്യാജേന റഷീദ് അടുത്ത് കൂടുകയായിരുന്നു. പൂച്ചയുമായി ഇരുവരും ഫ്‌ലാറ്റിൽ എത്തിയ ശേഷം ഒന്നിലേറെ തവണ റഷീദ് ബലാൽക്കാരമായി വനിതയെ പീഡിപ്പിച്ചു എന്നാണ് കേസ്. സംഭവ സ്ഥലത്ത് നിന്ന് ഇയാളുടെ പേഴ്‌സും സിവിൽ ഐഡി കാർഡും ലഭിച്ചിരുന്നു.

ബ്രിട്ടീഷ് അദ്ധ്യാപികയുടെ ഫ്‌ലാറ്റിനു സമീപത്താണ് പിടിയിലായവരുടെയും താമസസ്ഥലം. സമീപ പ്രദേശത്തുള്ള സലൂൺ, സ്റ്റുഡിയോ, ഹോട്ടൽ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവരാണ് പ്രതികൾ.