ന്ത്യയിലെ പൗരന്മാർക്ക് ഗുണകരമാകുന്ന വിധത്തിൽ പുതിയ വിസ സർവീസ് പാക്കേജുകൾ പ്രഖ്യാപിച്ച് ബ്രിട്ടനിലെ  ഇമിഗ്രേഷൻ മിനിസ്റ്റർ രംഗത്തെത്തി. അഞ്ച് ദിവസത്തെ ഇന്ത്യാ സന്ദർശത്തനത്തിനിടെയാണ് അദ്ദേഹം ഈ നിർണായകമായ പ്രഖ്യാപനങ്ങൾ നടത്തിയിരിക്കുന്നത്. ഇതനുസരിച്ച് അപേക്ഷിക്കുന്ന ദിവസം വിസ ലഭിക്കുന്ന പദ്ധതി എല്ലാ വിഭാഗങ്ങളിലേക്കും ബാധകമാക്കുന്നതായി ബ്രോക്കൻഷെയർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമെ ബ്രിട്ടീഷ് വിസകൾ ഇനി ഓൺലൈൻ വഴിയും അപേക്ഷിക്കാവുന്നതാണ്. ഇന്ത്യൻ പര്യടനത്തിന്റെ ഭാഗമായി അദ്ദേഹം ഡൽഹിയും ബാംഗ്ലൂരും സന്ദർശിക്കുന്നുണ്ട്.നവംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി യുകെ സന്ദർശിച്ചത് വൻ വിജയമായതിനെ തുടർന്നാണ് ബ്രിട്ടീഷ് ഇമിഗ്രേഷൻ മിനിസ്റ്റർ ഇപ്പോൾ ഇന്ത്യയിലെത്തിയിരിക്കുന്നത്. തന്റെ സന്ദർശനത്തിന്റെ ഭാഗമായി ബ്രോക്കൻഷെയർ വിദ്യാഭ്യാസം, യാത്ര, ബിസിനസ് എന്നീ മേഖലകളിലുള്ള പ്രധാനപ്പെട്ട യുകെ വിസ കസ്റ്റമർമാരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. അവർ എത്തരത്തിലാണ് വിസ സർവീസുകൾ ഉപയോഗപ്പെടുത്തുന്നതെന്ന് തിരിച്ചറിയുന്നതിനാണീ കൂടിക്കാഴ്ച നടത്തുന്നത്.

അപേക്ഷിക്കുന്ന അന്ന് തന്നെ ലഭിക്കുന്ന സൂപ്പർ-പ്രയോറിറ്റി വിസ സർവീസ് ആദ്യതവണ ബ്രിട്ടൻ സന്ദർശിക്കുന്നവർക്കും വർക്ക് വിസകളിലേക്കും വ്യാപിപ്പിച്ചിരിക്കുന്നത് വിസ സർവീസിൽ ഏർപ്പെടുത്തുന്ന ഏറ്റവും വിപ്ലവകരമായ പരിഷ്‌കരണമാണ്. അപേക്ഷിച്ച് മൂന്ന് മുതൽ അഞ്ച് ദിവസത്തിനുള്ളിൽ ലഭിക്കുന്ന പ്രയോറിറ്റി വിസയും സർവീസ് വിസിറ്റ്, സ്റ്റഡി, വർക്ക് റൂട്ടുകളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ ഇന്ത്യയിൽ നിന്നുള്ള കൂടുതൽ കസ്റ്റമർമാർക്ക് വിസ സംബന്ധമായ തീരുമാനം എളുപ്പത്തിൽ ലഭിക്കാൻ അവസരമൊരുക്കും. ബ്രിട്ടനിലേക്കുള്ള വിസിറ്റ് വിസയ്ക്ക് അപേക്ഷിക്കാനാഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് എളുപ്പത്തിലും വേഗത്തിലുമുള്ള ഒരു ഓൺലൈൻ അപേക്ഷാ ഫോറത്തിലൂടെ അപേക്ഷിക്കാൻ സാധിക്കും.പുതിയ ഫോമിലൂടെ വിസിറ്റിങ് വിസയ്ക്ക് അപേക്ഷിക്കുന്നവർക്ക് അത് വളരെ വേഗം ലഭിക്കുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇതിലൂടെ യുകെയിലേക്കും യൂറോപ്പിലേക്കും ഹോളിഡേ അല്ലെങ്കിൽ ബിസിനസ് ആവശ്യങ്ങൾ തുടങ്ങിയവയ്ക്ക് സന്ദർശിക്കുന്നതിന് ശ്രമിക്കുന്നവർക്ക് എളുപ്പത്തിൽ വിസ ലഭിക്കുന്നതാണ്. ഇതിലൂടെ യുകെയിലേക്കും ഷെൻഗൻ മേഖലയിലേക്കുമുള്ള വിസകൾക്കും അപേക്ഷിക്കാം.

ഒരു പ്രാവശ്യം ഈ ഫോം പൂരിപ്പിച്ചാൽ കസ്റ്റമർമാർക്ക് ഓട്ടോ-കംപ്ലീറ്റഡ് ഷെൻഗൻ അപ്ലിക്കേഷൻ ഫോം ഡൗൺലോഡ് ചെയ്യാനും പ്രിന്റ് ചെയ്യാനും അപേക്ഷിക്കാനും സാധിക്കും. തുടക്കത്തിൽ ഈ ഫോറം ഇംഗ്ലീഷിലായിരിക്കും ലോഞ്ച് ചെയ്യുന്നത്. പിന്നീട് ഇത് ഹിന്ദി, തമിഴ്, ഗുജറാത്തി എന്നീ ഭാഷകളിലേക്കും തർജമ ചെയ്യുന്നതാണ്. ഇന്ത്യയിലുടനീളമുള്ള കസ്റ്റമർമാർക്ക് യുകെ വിസിറ്റിങ് വിസയ്ക്ക് അപേക്ഷിക്കുന്നത് കൂടുതൽ എളുപ്പമാക്കുന്നതിനാണ് ഇത്തരത്തിൽ വിവിധ ഭാഷകളിൽ ഫോം ലഭ്യമാക്കുന്നത്. ഉത്തർ പ്രദേശിലെ ലക്‌നൗവിൽ പുതിയ വിസ അപ്ലിക്കേഷൻ സെന്റർ (വിഎസി) ആരംഭിക്കുമെന്നും ബ്രോക്കൻഷെയർ പ്രസ്താവിച്ചിട്ടുണ്ട്. ഇന്ത്യ യുകെയുടെ ഒരു വലിയ വിസ മാർക്കറ്റാണെന്നാണ് ഡൽഹിയിലെ വിസ അപ്ലിക്കേഷൻ സെന്റർ സന്ദർശിക്കുന്നതിനിടെ ബ്രോക്കർഷെയർ പ്രഖ്യാപിച്ചിരിക്കുന്നത്. അതിനാൽ ഇവിടുത്തെ വിസ സർവീസ് മെച്ചപ്പെടുത്തുന്നതിനുള്ള നീക്കങ്ങൾ തുടരുന്നതാണ്. ഇതിലൂടെ ഇവിടെയുള്ള കസ്റ്റമർമാർക്ക് കൂടുതൽ വേഗത്തിൽ അവരുടെ വിസയ്ക്കായി അപേക്ഷിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ നിന്നുള്ള കൂടുതൽ കൂടുതൽ പേർ യുകെയിലേക്ക് ഹോളിഡേയ്ക്കും ബിസിനസ് ആവശ്യാർത്ഥവും വരുന്നത് വർധിക്കുന്നതിൽ തങ്ങൾക്ക് സന്തോഷമേറെയുണ്ടെന്നും ബ്രിട്ടീഷ് ഇമിഗ്രേഷൻ മന്ത്രി പറയുന്നു. കഴിഞ്ഞ വർഷം ഇഷ്യൂ ചെയ്ത വിസിറ്റിങ് വിസകളുടെ എണ്ണത്തിൽ 17 ശതമാനം വർധനവുണ്ടായതായും അദ്ദേഹം വ്യക്താക്കി. ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് യുകെയിൽ നല്ല സ്വീകരണം ലഭിക്കുന്നുമുണ്ട്. ഈ വർഷവും ഇന്ത്യയിൽ നിന്നും യുകെയിലെത്തുന്ന സന്ദർശകരുടെ എണ്ണത്തിൽ വർധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറയുന്നു. ഇന്ത്യയിലെ അഭ്യന്തര മന്ത്രാലയം, വിദേകാര്യ മന്ത്രാലയം എന്നിവിടങ്ങളിലെ ഉയർന്ന ഉദ്യോഗസ്ഥന്മാരുമായും ബ്രോക്കൻഷെയർ കൂടിക്കാഴ്ച നടത്തുന്നുണ്ട്.യുകെയിലെ ഇമിഗ്രേഷൻ പ്രശ്‌നങ്ങൾ, കുറ്റ കൃത്യങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്ക് വയ്ക്കൽ തുടങ്ങിയ കാര്യങ്ങളും അദ്ദേഹം ചർച്ച ചെയ്യുന്നുണ്ട്.

മാർച്ച് ഒന്ന് മുതലാണ് യുകെ വിസാസ് ആൻഡ് ഇമിഗ്രേഷൻ സൂപ്പർ പ്രയോറിറ്റി വിസ വിസിറ്റിങ് വിസ അപേക്ഷകർക്കും വർക്ക് വിസ അപേക്ഷകർക്കും ബാധകമാക്കുന്നത്. പുതിയ ഓൺലൈൻ അപേക്ഷാ ഫോം ഈ മാസം അവസാനമാണ് ലോഞ്ച് ചെയ്യുന്നത്.പുതിയ വിസ അപ്ലിക്കേഷൻ ഫോം വിസ4യുകെയേക്കാൾ ചെറുതാണ്. ഇതിലെ ചോദ്യങ്ങൾ ലോജിക്കലി ക്രമീകരിച്ചതാണ്. ഇത് കസ്റ്റമർ ഫീഡ്ബാക്കിൽ അധിഷ്ഠിതമാണ്. ഈ അപേക്ഷാ ഫോമിലെ ചോദ്യങ്ങൾ എളുപ്പം മനസിലാകുന്ന ഇംഗ്ലീഷിലാണ് സജ്ജമാക്കിയിരിക്കുന്നത്.മുമ്പ് നൽകിയ ഉത്തരങ്ങളിൽ അധിഷ്ഠിതമായ യുക്തമായ ചോദ്യങ്ങളാണ് ഈ ഫോമിലുള്ളത്.കസ്റ്റമർമാർക്ക് ഭാഗികമായി പൂരിപ്പിച്ച ഫോം സമർപ്പിക്കുന്നതിന് മുമ്പ് ഏത് ഘട്ടത്തിലും ഡൗൺലോഡ് ചെയ്യാനും അവലോകനം ചെയ്യാനും എഡിറ്റ് ചെയ്യാനും സാധിക്കുന്നതാണ്. അപേക്ഷാ ഫീസ് പ്രാദേശിക കറൻസിയിലാണ് ഡിസ്‌പ്ലേ ചെയ്യപ്പെടുന്നത്.കസ്റ്റമർമാർക്ക് ഇതിനായി വിസ അപ്ലിക്കേഷൻ സെന്ററുകളുടെ സേവനവും പ്രയോജനപ്പെടുത്താവുന്നതാണ്. പുതിയ സർവീസ് മൊബൈൽ ഡിവൈസുകളിലൂടെയും ആക്‌സസ് ചെയ്യാവുന്നതാണ്. മൊബൈൽ ഫോണുകളിലൂടെയോ ടാബ്ലറ്റുകളിലൂടെയോ അപേക്ഷാഫോമുകൾ പൂരിപ്പിക്കാൻ സാധിക്കുന്നതാണ്.