ബ്രിട്ടണിൽ ജീവിക്കുന്ന സമയത്ത് ഫെയ്‌സ് ബുക്ക് പ്രണയത്തിൽ ഏർപ്പെട്ടു വിവാഹം കഴിച്ച മലയാളി യുവാവിനെ തേടി കേരളത്തിൽ എത്തിയ സ്‌കോട്ട്‌ലന്റുകാരി മറിയം ഖാലിഖ ഒടുവിൽ ഇവിടെ നിന്നും മടങ്ങുകയാണ്. തന്റെ മുന്നിൽ കൊട്ടിയടയ്ക്കപ്പെട്ട പ്രിയതമന്റെ വീടിന്റെ വാതിൽ ഒരിക്കലും തനിക്ക് മുമ്പിൽ തുറക്കില്ലെന്ന് തിരിച്ചറിവോടെ. തന്നെ ഒരിക്കലും സ്വീകരിക്കാൻ ഭർത്താവ് ചാവക്കാട് അകലാട് ബദർപള്ളി ബീച്ചിൽ കുന്നമ്പത്ത് നൗഷാദ് ഹുസൈനോ വീട്ടുകാർക്കോ ആകില്ലെന്ന് അറിഞ്ഞ മറിയം വിവാഹമോചനമാണ് അവസാനം തനിക്ക് വിധിച്ചിട്ടുള്ളത് എന്ന് ആശ്വസിച്ചാണ് ബുധനാഴ്ച ലണ്ടനിലേക്ക് മടങ്ങുന്നത്.

സ്റ്റുഡന്റ് വിസയിൽ യുകെയിലെത്തിയ നൗഷാദിനെ ഫേസ്‌ബുക്കിലൂടെയാണ് ബ്രിട്ടീഷ് പൗരത്വമുള്ള പാക് വംശജ കൂടിയാ മറിയം ഖാലില പരിചയപ്പെട്ടതും വിവാഹം കഴിച്ചതും. എന്നാൽ ഈ വർഷം ജനുവരി ആദ്യം ബ്രിട്ടനിൽ നിന്നും കേരളത്തിലേക്ക് പോയ ഭർത്താവിനെ കുറിച്ച് ഒരു വിവരവും ഇല്ലാതിരുന്നതോടെയാണ് മറിയം കേരളത്തിലെത്തുന്നത്. മാസങ്ങൾക്ക് മുമ്പും യുവതി കേരളത്തിൽ എത്തിയിരുന്നു. അന്നും ഭർത്താവിന്റെ വീട്ടുകാർ മറിയത്തെ അടുപ്പിച്ചു പോലുമില്ല. വിസാ കാലാവധി തീരായപ്പോഴാണ് അന്ന് മറിയം മടങ്ങിയത്. ഇത്തവണ കുന്നംകുളം മജിസ്‌ട്രേറ്റ് കോടതിയിൽ നിന്ന് 'ഭർതൃഗൃഹ'ത്തിൽ താമസിക്കാനുള്ള ഉത്തരം തേടി തന്റെ അഭിഭാഷകനായ എ.പി. ഇസ്മായിൽ, സുധ ഹരിദാസ് എന്നിവർക്കൊപ്പമാണ് മറിയം എത്തിയത്.

ഗാർഹിക പീഡന നിയമമനുസരിച്ച് ഭർതൃ ബന്ധുക്കൾക്കെതിരെ കേസെടുക്കാനും വീട്ടിൽ കയറി താമസിക്കുന്നതിന് വടക്കേക്കാട് പൊലീസ് സംരക്ഷണം നൽകാനും കോടതി ഉത്തരവ് ഉണ്ടായിരുന്നു. പക്ഷെ, ഇത്തവണയും ഭർതൃവീട്ടുകാർ വാതിലുകൾ കൊട്ടിയടച്ചു. വാതിൽ തുറക്കുന്നതും കാത്ത് യുവതിയും അഭിഭാഷകരും മണിക്കൂറുകളോളം പുറത്തിരുന്നവെങ്കിലും തുറന്നില്ല. ഒടുവിൽ കുത്തിയിരുപ്പ് സമരവും നടത്തി യുവതി. തന്നെ കണ്ടയുടൻ നിഷാദിന്റെ വീട്ടുകാർ വാതിലും പുറത്തെ ഗേറ്റും അകത്തുനിന്ന് പൂട്ടിയെന്ന് മറിയം പറഞ്ഞു. യുവതിയുടെ സത്യഗ്രഹം കാണാൻ നാട്ടുകാരും തടിച്ചുകൂടി.

മണിക്കൂറുകളോളം നീണ്ട യുവതിയുടെ കാത്തിരിപ്പറിഞ്ഞ് വടക്കേക്കാട് എസ്.ഐ ടി.എസ്. റനീഷും സംഘവുമെത്തി നാട്ടുകാരെ ഒതുക്കുകയായിരുന്നു. വിഷയം ചർച്ച ചെയ്യാൻ ചാവക്കാട് സി.ഐ എ.ജെ. ജോൺസൺ യുവതിയോട് സ്‌റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ടിരുന്നു. ചർച്ചക്ക് സമ്മതമാണെന്നും പരിഹാരമായില്ലെങ്കിൽ വീണ്ടും വീട്ടുപടിക്കൽ ഇരിക്കുമെന്ന് പൊലീസിനെ അറിയിച്ച ശേഷമാണ് മറിയം വീടിനു മുമ്പിൽ നിന്നും പിന്മാറിയത്. ചർച്ചയിൽ പരിഹാരമായില്ലെങ്കിൽ കോടതി വിധി നടപ്പാക്കുമെന്ന് പൊലീസും അറിയിച്ചിരുന്നു.

ഇതിനിടെ അജ്മാനിലേക്ക് കടന്ന നൗഷാദ് ഇപ്പോൾ വെറേ വിവാഹം കഴിക്കാനുള്ള പദ്ധതിയിലാണെന്ന് മറിയം അറിഞ്ഞതും, നൗഷാദിനെ കാത്തിരുന്നിട്ട് കാര്യമില്ലെന്ന് സ്‌നേഹപൂർവ്വം ചാവക്കാട് സി.ഐ എ.ജെ. ജോൺസൺ ഉൾപ്പെടെയുള്ളവരും പറഞ്ഞു മനസ്സിലാക്കിയതുമാണ് ഒടുവിൽ വിവാഹമോചന തീരുമാനമെടുക്കാൻ മറിയത്തെ പ്രേരിപ്പിച്ചത്. യുകെയിലെ നിയമപ്രകാരം വിവാഹം കഴിച്ചതിനാൽ വിവാഹമോചനത്തിനുള്ള നിയമപരമായ നടപടികൾ പൂർത്തിയാക്കി ആറുമാസത്തിനകം മറിയം തിരിച്ചുവരും. ഇതിനായി നൗഷാദിന്റെ സമ്മതപത്രവും വേണം. വിവാഹമോചനത്തിനുള്ള ഒത്തുതീർപ്പും ജീവനാംശത്തിനുമായി വമ്പൻ തുകയും നൗഷാദിന്റെ വീട്ടുകാർ മറിയത്തിന് നൽകാമെന്നേറ്റതായി സൂചനയുണ്ട്. തന്നോട് ഭർത്താവ് ചെയ്ത ചതി മറ്റൊർക്കും ഉണ്ടാകരുതെന്ന പ്രാർത്ഥനയോടെയാണ് മറിയം ഇക്കുറി കേരളത്തിൽ നിന്നും യാത്രയാകുന്നത്.