ലണ്ടൻ: നാസികളുടെ കൊലവിളി മുതൽ കോവിഡ് മഹാമാരിയെ വരെ അതിജീവിച്ച പോരാളി. ഇതിനിടയിൽ രക്ഷപെട്ടത് വിമാനാപകടത്തിൽ നിന്നും സ്തനാർബുദത്തിന്റെ കരാള ഹസ്തത്തിൽനിന്നും. നൂറാം ജന്മദിനവും ആഘോഷിച്ച ജോയി ആൻഡ്രൂസ് എന്ന വനിതക്ക് പറയാനുള്ളത് താൻ മുഖാമുഖം കണ്ട മരണത്തിന്റെ കഥകളാണ്. എല്ലാത്തിനെയും അതിജീവിച്ച പോരാട്ടത്തിന്റെ ചരിത്രവും.

1920ൽ ലണ്ടനിൽ ജനിച്ച ജോയി രണ്ടാം ലോക മഹായുദ്ധത്തിന്റെ സമയത്തു വനിതകളുടെ ഓക്സിലറി എയർഫോഴ്സിൽ സർജന്റായി ചേർന്നു. ജർമനിയെ തകർക്കാനുള്ള ബോംബർ കമാൻഡ് സംഘത്തിന്റെ ഓപ്പറേഷൻസ് വിഭാഗത്തിലും പ്രവർത്തിച്ചു. 1936 മുതൽ 30 വർഷത്തേക്ക് ബ്രിട്ടൻ വ്യോമസേനയുടെ ബോംബ് വർഷിക്കുന്ന വിഭാഗത്തിന്റെ ചുമതല ബോംബർ കമാൻ‍ഡിനായിരുന്നു.

ജർമനിയിൽനിന്നുള്ള യഹൂദ കുടുംബാംഗം കൂടിയായിരുന്ന അവരെ ബ്രിട്ടിഷ് വ്യോമസേന ദസ്സെൽഡോർഫിൽ പോസ്റ്റ് ചെയ്തു. ഒരിക്കൽ കാറിൽ പോകവെ, അപകടമുണ്ടാക്കി ഇവരെ കൊല്ലാൻ ഡ്രൈവർ ശ്രമം നടത്തി. എന്നാൽ ജോയി രക്ഷപ്പെട്ടു. ഡ്രൈവർ നാസിയാണെന്നു പിന്നീടു വ്യക്തമായി. യുദ്ധത്തിനുശേഷം ബ്രിട്ടിഷ് ഓവർസീസ് എയർവേസ് കോർപറേഷന്റെ ആദ്യ എയർഹോസ്റ്റസുമാരിൽ ഒരാളായും ഇവർ ജോലി ചെയ്തു. ഒരിക്കൽ ഇവർ പോയ വിമാനം ഇന്ധനം തീർന്ന് ലിബിയയിൽ തകർന്നുവീണു. എന്നാൽ സഹപ്രവർത്തകർക്കൊപ്പം ജോയിയും രക്ഷപ്പെട്ടു. 1970കളിൽ തന്നെ പിടികൂടാൻ വന്ന സ്തനാർബുദത്തെയും അമ്മ പരാജയപ്പെടുത്തിയെന്നു മകൾ മിഷേൽ വ്യക്തമാക്കി.

മറവിരോഗം ബാധിച്ച ജോയിയെ മേയിലാണ് കോവിഡും കീഴ്പ്പെടുത്താൻ ശ്രമിച്ചത്. ഒരു ഘട്ടത്തിൽ തിരിച്ചുകൊണ്ടു വരാനാകില്ലെന്ന് ഇവരെ ശുശ്രൂഷിക്കുന്ന കെയർ ഹോം അധികൃതരും കരുതി. എന്നാൽ ജോയിയിലെ പോരാളി അത്രവേഗം പരാജിതയാകാൻ തയാറായിരുന്നില്ല. കുറച്ചു മാസങ്ങൾ നീണ്ട പോരാട്ടത്തിനുശേഷം അവർ വൈറസിനെ തോൽപ്പിച്ചു. നൂറാം പിറന്നാളും ആഘോഷിച്ചു. പിറന്നാളിന് ആശംസ അറിയിച്ച് ബ്രിട്ടിഷ് രാജ്ഞി കാർഡും വ്യക്തിപരമായ സന്ദേശവും അയച്ചിരുന്നു.

വ്യോമസേനയിലെ സ്ക്വാഡ്രൻ ലീഡർ ആയിരുന്നു ജോയിയുടെ ഭർത്താവ് ഡേവിഡ്. 2013ൽ അർബുദം ബാധിച്ചാണ് അദ്ദേഹം മരിച്ചത്. യോർക്കിലെ കെയർ ഹോമിലാണ് ജോയി ഇപ്പോൾ. ലോക്ഡൗൺ മൂലം മാർച്ച് മുതൽ അമ്മയെ കാണാൻ സാധിച്ചിട്ടില്ലെന്നും അധികം വൈകാതെ കാണാനാകുമെന്നു പ്രതീക്ഷിക്കുന്നതായും മിഷേൽ പറഞ്ഞു.