പനാജി: കോവിഡാനന്തര കാലത്ത് ഇന്ത്യൻ സമ്പദ്വ്യവസ്ഥ തകർച്ചയിൽ നിന്നും കരകയറി വരുന്നതേയുള്ളു. പല മേഖലകളും പതുക്കെ പതുക്കെ പുതുജീവൻ വെച്ചു ഉയർത്തെഴുന്നെറ്റു വരികയാണ്. അതിലൊന്നാണ് ടൂറിസം മേഖല. കഴിഞ്ഞ രണ്ടു വർഷക്കാലമായി ഏതാണ് പൂർണ്ണമായി തന്നെ പ്രവർത്തന രഹിതമായ ഈ മേഖല കോവിഡ് നിയന്ത്രണങ്ങൾ പാടെ നീങ്ങിയതോടെയാണ് വീണ്ടും സജീവമാകാൻ തുടങ്ങിയത്. ഇന്ത്യയുടെ ജി ഡി പിയിൽ 4.7 ശതമാനം സംഭാവന ചെയ്യുന്ന ഈ മേഖലയുടെ വളർച്ച മൊത്തം സാമ്പത്തിക വളർച്ചയെ കൂടി ബാധിക്കുന്നതാണ്.

ഇത്തരം സാഹചര്യത്തിലാണ് ഇന്ത്യയ്ക്ക് വിദേശങ്ങളിൽ കറുത്ത പ്രതിച്ഛായ സൃഷ്ടിച്ച് വിനോദ സഞ്ചാരമേഖലയെ തകർക്കാൻ വരെ കഴിയുന്ന രീതിയിലുള്ള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളുമായി ചിലരെത്തുന്നത്. അത്തരത്തിലുള്ള ഒരു സംഭവമയൈരുന്നു 42 കാരിയായ ബ്രിട്ടീഷ് വനിത ഈയിടെ ഗോവയിൽ ബലാത്സംഗത്തിന് വിധേയയായ കാര്യം. ഇപ്പോൾ വിദേശ മാധ്യമങ്ങൾ, പ്രത്യേകിച്ചും ബ്രിട്ടീഷ് മാധ്യമങ്ങൾ ഇത് വളരെ പ്രാധാന്യം നൽകി പ്രസിദ്ധീകരിക്കുകയാണ്.

ഗോവയിൽ, സ്വന്തം ഭർത്താവിന്റെ മുൻപിൽ വെച്ച് ബലാത്സംഗം ചെയ്യപ്പെട്ട ബ്രിട്ടീഷ് വനിത പൊലീസ് നടത്തിയ തിരിച്ചറിയൽ പരേഡിൽ പ്രതിയെ തിരിച്ചറിഞ്ഞു എന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഗോവയിലെത്തുന്ന വിദേശ ടൂറിസ്റ്റുകൾക്ക് ഏറെ പിയങ്കരമായ അരാംബോൾ ബീച്ചിൽ മസാജ് ചെയ്യിക്കാൻ എത്തിയതായിരുന്നു ബ്രിട്ടനിലെ മിഡിൽസെക്സ് സ്വദേശിനി. അവിടെ വച്ചാണ് ഒരു മുൻ ലൈബ്രേറീയൻ കൂടിയായ പ്രതി ഇവരെ ആക്രമിച്ചത്. ബ്രിട്ടനിലേക്ക് തിരിച്ചു പോകുന്നതിനു മുൻപായി നിയമനടപടികൾ പൂർത്തീകരിക്കാൻ പ്രതിയെ തിരിച്ചറിയണമെന്ന് പൊലീസ് അവരോട് അഭ്യർത്ഥിച്ചിരുന്നു.

തദ്ദേശവാസിയായ ജോയൽ വിൻസെന്റ് ഡിസൂസ എന്ന 32 കാരനാണ് പ്രതി. കറുത്ത തുണികൊണ്ട് മുഖം മൂടിക്കെട്ടിയായിരുന്നു ഇന്നലെ ഇയാളെ തിരിച്ചറിയൽ പരേഡിനായി കൊണ്ടുപോയത്. ഇക്കഴിഞ്ഞ ജൂൺ 2 നായിരുന്നു സംഭവം നടന്നത്. പിന്നീട് പെർനെം പൊലീസ് സ്റ്റേഷനിൽ ഇര പരാതിപ്പെട്ടത് ജൂൺ 6 നായിരുന്നു. മണിക്കൂറുകൾക്കകം തന്നെ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഏറെ വിദേശികൾ എത്തുന്ന ബീച്ചിൽ അനധികൃതമായി മസാജ് സേവനം വാഗ്ധാനം ചെയ്ത് തട്ടിപ്പുകൾ നടത്തുന്ന ഒരു ക്രിമിനൽ സംഘത്തിലെ അംഗമാണ് ഇയാൾ എന്നാണ് പൊലീസ് പറയുന്നത്.