മോഹൻലാൽ നായകനാകുന്ന ചിത്രമാണ് 'ബ്രോ ഡാഡി' . പൃഥ്വിരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'ബ്രോ ഡാഡി'യെന്ന ചിത്രത്തിൽ പൃഥ്വിരാജ് മുഴുനീള കഥാപാത്രമായി അഭിനയിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. മോഹൻലാലും പൃഥ്വിരാജും ചിത്രത്തിനായി പാടിയ ടൈറ്റിൽ ഗാനം പുറത്തുവിട്ടു.

ദീപക് ദേവാണ് ചിത്രത്തിന്റ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. മധു വാസുദേവനാണ് ചിത്രത്തിലെ ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്. അഭിനന്ദൻ രാമാനുജൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. അഖിലേഷ് മോഹൻ ചിത്രത്തിന്റെ ചിത്രസംയോജനം നിർവഹിക്കുന്നു.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ഒരു ഫൺ-ഫാമിലി ഡ്രാമയാണ് 'ബ്രോ ഡാഡി'യെന്ന് പൃഥ്വിരാജ് ചിത്രം പ്രഖ്യാപിച്ചപ്പോൾ പറഞ്ഞിരുന്നു. ശ്രീജിത്ത് എനും ബിബിൻ ജോർജുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. കോമഡിക്ക് പ്രധാന്യമുള്ളതാണ് ചിത്രമെന്ന് പുറത്തിറങ്ങിയ ട്രെയിലറിൽ നിന്ന് വ്യക്തമായിരുന്നു.

ഡിസ്നി പ്ലസ് ഹോട്സ്റ്റാർ വഴി ജനുവരി 26 ന് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും. മീന, ലാലു അലക്‌സ്, മുരളി ഗോപി, കനിഹ, കല്യാണി പ്രിയദർശൻ തുടങ്ങി ഒട്ടേറെ താരങ്ങൾ ചിത്രത്തിലുണ്ട്. മോഹൻലാലിന്റെ ജോഡിയായി മീന ചിത്രത്തിൽ അഭിനയിക്കുമ്പോൾ പൃഥ്വിരാജിന്റെ നായിക കല്യാണി പ്രിയദർശനാണ്. 'ബ്രോ ഡാഡി' ചിത്രത്തിന്റെ മെയ്ക്കിങ് രംഗങ്ങൾ ഉൾപ്പെടുത്തിയാണ് ഇപോൾ ഗാനം പുറത്തുവിട്ടിരിക്കുന്നത്.