തിരുവനന്തപുരം: പൊതുവെ ചിക്കനോട് പ്രിയം കൂടുതലുള്ളവരാണ് മലയാളികൾ. ഒരാഴ്‌ച്ചയിൽ എങ്കിലും ചിക്കൻ വിഭകം കൂട്ടി ഭക്ഷണം കഴിക്കുന്നത് മലയാളികളുടെ പതിവാണ്. പണ്ട് കാലത്ത് നാടൻ കോഴിയാണ് വളർത്തിയിരുന്നതിൽ നിന്നും ബ്രോയിലർ ചിക്കനിലേക്ക് അതിവേഗമാണ് നമ്മൾ മാറിയത്. ഇന്ന് ചിക്കനെന്ന പേരിൽ ജീവനുള്ള മാംസ പിണ്ഠങ്ങളാണ് കേരളത്തിൽ എത്തുന്നത്. അന്യസംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് കോഴി എത്തുന്നത്. മരുന്നുകൾ കുത്തിവച്ചാണ് കോഴിയെന്ന പേരിൽ അയൽ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് കോഴിയെ കടത്തി വിടുന്നതെന്നാണ് മറുനാടൻ മലയാളി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്.

25 മുതൽ 35 ദിവസം പ്രായമായ കോഴികളെ കേരളത്തിലെ കടകളിൽ കൊണ്ടുവന്നു ചുരുങ്ങിയ ദിവസങ്ങളിൽ വിറ്റുതീർക്കും. കേരളത്തിലെ ഫാമുകളിൽ കോഴികളിൽ രാസവസ്തുക്കൾ ഇൻജക്ഷൻ കൊടുക്കാറില്ല. പകരം തീറ്റയിൽ കലർത്തി കൊടുക്കും. അതുകൊണ്ട് തന്നെ കേരളത്തിലെ ബ്രോയിലർ കോഴികൾക്ക് തമിഴ് നാട്ടിലെ കോഴികളെ അപേക്ഷിച്ച് തൂക്കവും മാംസളതയും കുറവായിരിക്കും.

ഇവയ്ക്കു നടക്കാനുള്ള കഴിവുണ്ടാകും. പക്ഷെ ഇറച്ചിക്കടക്കാർക്ക് പ്രിയം തമിഴ്‌നാട്ടിലെ കോഴികൾ തന്നെ. ഇവ തൊലിയുരിക്കാനും മുറിക്കാനും എളുപ്പം. ഭാരം കൂടുതൽ ഉള്ളതുകൊണ്ട് ലാഭവും കൂടും. ബ്രോയിലർ കോഴികളിൽ രാസവസ്തുക്കൾ മുഴുവൻ കേന്ദ്രീകരിക്കുന്നത് അതിന്റെ കരളിലാണ്. അതുകൊണ്ട് തന്നെ കരൾ പ്രിയർ ശ്രദ്ധിക്കുക. കുട്ടികൾക്ക് ഇത്തരം ഹോർമ്മോൺ നിറച്ച കോഴികൾ കടുത്ത പാർശ്വഫലങ്ങൾ ഉണ്ടാക്കും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോഴികളെ ഭക്ഷണമാക്കുന്ന കേരളത്തിൽ സർക്കാരോ ആരോഗ്യവകുപ്പോ ഇതുപോലുള്ള ഗുരുതരപ്രശ്‌നങ്ങൾ കണ്ടില്ലെന്നു നടിച്ചാൽ വളർന്നു വരുന്ന പുതിയ തലമുറ മുഴുവൻ പ്രത്യുല്പാദന ശേഷി നശിച്ച കടുത്ത ബാധിതരായ ഒരു പറ്റം മാംസ പിണ്ഡങ്ങളായി മാറും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.

കേരളത്തിലെത്തുന്ന ബ്രോയിലർ കോഴികളിൽ ഏറിയ പങ്കും തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ്. ഒരു വൻ വ്യവസായമായി വളർന്നിരിക്കുന്ന കോഴിവളർത്തലിൽ സർക്കാർ ഇടപെടൽ, പരിശോധന ഇവ തുലോം കുറവാണ്.തീറ്റക്രമം പോലും ചില കമ്പനികൾ അവരുടെ വ്യാവസായിക രഹസ്യമായി സൂക്ഷിച്ചിരിക്കുന്നു.

തമിഴ്‌നാടിന്റെ ചുവടു പിടിച്ച് നാം ബ്രോയിലർ ഫാം തുടങ്ങിയെങ്കിലും വേണ്ട രീതിയിൽ ഉള്ള ശരീരഭാരം ആർജ്ജിക്കാൻ കോഴികൾക്കായില്ല. രേഖപ്പെടുത്തുന്ന തീറ്റകൾക്കും മരുന്നുകൾക്കും പുറമേ മറ്റു രാസവസ്തുക്കൾ, ഹോർമോൺ അടക്കമുള്ളത്, ഉപയോഗിച്ചിരിക്കാനുള്ള സാദ്ധ്യതകളിലെക്കാണിതു വിരൽ ചൂണ്ടുന്നതു. ഇവ സംബന്ധിച്ച വ്യക്തമായ പഠനങ്ങൾ ഇനിയും നടക്കേണ്ടിയിരിക്കുന്നു.

കഴിഞ്ഞ അനേകം വർഷങ്ങളായി പഠന വിധേയമാക്കുന്ന ഒരു സാമൂഹിക വിഷയമാണ് പെൺകുട്ടികൾ കുറഞ്ഞ പ്രായത്തിൽ ഋതുമതികളാകുന്ന അവസ്ഥ.ഇതിൽ മുൻപന്തിയിൽ മാംസഭക്ഷണം കഴിക്കുന്നവരാണെന്ന് വിലയിരുത്തേണ്ടിയിരിക്കുന്നു.ഇത്തരം സാഹചര്യങ്ങൾകൂടി കണക്കിലെടുത്തു , ബ്രോയിലർ ഇറച്ചി തീറ്റ, കുട്ടികളിലെങ്കിലും നിയന്ത്രിക്കുന്നതായിരിക്കും നല്ലത്.