മലപ്പുറം: ജീവിതത്തിനും മരണത്തിനുമിടയിലെ ഒരു നിമിഷം.. നമ്മൾ പലപ്പോഴായി ഉപയോഗിക്കുന്ന ഒരു നിമിഷം എന്ന പദത്തിന്റെ അർത്ഥവും വ്യാപ്തിയും നമുക്ക് ബോധ്യപ്പെടുത്തുന്ന ചില സന്ദർഭങ്ങൾ ഉണ്ടാകാറുണ്ട്.അത്തരത്തിൽ ഒരു നിമിഷം ജീവിതത്തിൽ അനുഭവച്ചറിഞ്ഞിന്റെ അമ്പരപ്പിലാണ് മലപ്പുറത്തെ ഈ സഹോദരങ്ങൾ. ചങ്ങരംകുളത്ത് ടെറസിന് മുകളിൽ നിന്ന് വീണ അനിയന് രക്ഷാകരങ്ങളുമായെത്തി പുനർജന്മം നൽകി ജ്യേഷ്ഠൻ. മലപ്പുറം ചങ്ങരംകുളം ഒതളൂർ കുറുപ്പത്ത് വീട്ടിൽ ഷഫീഖിനേയാണ് സഹോദരൻ സാദിഖ് രക്ഷപ്പെടുത്തിയത്. രക്ഷപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങൾ വൈറലാണ്.

ടെറസിനുമുകളിലായിരുന്ന അനിയൻ കൺമുന്നിലതാ, കാൽവഴുതി താഴേയ്ക്ക് വീഴുന്നു. താഴെനിന്ന ഏട്ടനുമുന്നിൽ പാഴാക്കാനില്ല സമയം. ഒരുനിമിഷം, അയാൾ കുതിച്ചു, അനിയന് രക്ഷാ കരങ്ങളുമായി. നീട്ടിപ്പിടിച്ച ഏട്ടന്റെ കൈകളിൽ അനിയനു പുനർജന്മം.ഒരു കൈപ്പിഴ സംഭവിച്ചാൽ ജീവൻ വരെ നഷ്ടപ്പെടേക്കാവുന്ന തരത്തിലായിരുന്നു ആ വീഴ്ച

വീട് വൃത്തിയാക്കാനായി കയറിയതായിരുന്നു ഇദ്ദേഹം. മുകളിലെ ജോലിക്കിടയിൽ കാൽവഴുതി താഴേക്കുവീണു. ഇതേസമയം മുറ്റത്തുനിന്ന് ടെറസിലേക്ക് പൈപ്പിലൂടെ വെള്ളമെത്തിച്ചു നൽകുകയായിരുന്നു സഹോദരൻ സാദിഖ്. ഷഫീഖ് വീഴുന്നത് ഇദ്ദേഹം കണ്ടു. ഉടൻതന്നെ പൈപ്പ് വലിച്ചെറിഞ്ഞ്, ഓടിയെത്തി, താഴേക്കുവന്ന ഷഫീഖിനെ രണ്ടു കൈകളിലുംകൂടി താങ്ങിയെടുത്തു. ഇരുവരും മുറ്റത്ത് വീണു.

 

സഹോദരന്റെ കൈത്താങ്ങിൽ ഷഫീഖിന് ഒരു പരിക്കുമേറ്റില്ല. അതേസമയം ഇദ്ദേഹത്തിന്റെ ഭാരത്തോടൊപ്പം അടിയിൽ കുടുങ്ങിയ സാദിഖിന് അൽപ്പസമയത്തേക്ക് എഴുന്നേൽക്കാൻ വയ്യാതായി. കുറേസമയം അവിടെത്തന്നെ കിടന്ന സാദിഖ് സംഭവത്തിന്റെ ഞെട്ടലിൽനിന്ന് മുക്തനായി മെല്ലെ എഴുന്നേറ്റ് കുറച്ചുദൂരം നടന്നും ഓടിയുമെല്ലാമാണ് സാധാരണനിലയിലേക്കു തിരിച്ചുവന്നത്.

വീട്ടിനകത്തുണ്ടായിരുന്ന കുടുംബാംഗങ്ങളെല്ലാം പുറത്തേക്ക് ഓടിയെത്തിയെങ്കിലും അപ്പോഴേക്കും വീഴ്ചയും രക്ഷിക്കലുമെല്ലാം കഴിഞ്ഞിരുന്നു.ഇന്റർലോക്ക് ചെയ്ത മുറ്റത്ത് ഷഫീഖ് വീണതിന്റെ ഞെട്ടൽ ജ്യേഷഠനായ സാദിഖിന് ഇപ്പോഴും മാറിയിട്ടില്ല.സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കണ്ട ഓരോരുത്തർക്കുമുണ്ടായത് സാദിഖിനുണ്ടായ ഞെട്ടൽ തന്നെയായിരുന്നു.

ഒരു നിമിഷത്തെ ശ്രദ്ധകൊണ്ട് മാത്രമാണ് ഷഫീഖിനെ രക്ഷിക്കാൻ സാദിഖിന് സാധിച്ചത്. ഏതായാലും സുഹൃത്തുക്കളും കുടുംബാംഗങ്ങളും നാട്ടുകാരുമായി നിരവധി പേരാണ് ഷഫീഖിനെയും സാദിഖിനെയും കാണാനായി ഇവരുടെ വീട്ടിലേക്ക് എത്തുന്നത്.