ദമ്മാം: കൊല്ലം സ്വദേശിയുടെ മക്കൾ ഉൾപ്പെടെ മൂന്നുപേർ ദമ്മാമിൽ സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു. കരുനാഗപ്പള്ളി പടനായർകുളങ്ങര നായ്ക്കാന്റയ്യത്ത് വീട്ടിൽ നവാസ് ബഷീർ-സൗമി നവാസ് ദമ്പതികളുടെ മക്കളായ സഫ്വാൻ (6), സൗഫാൻ (4) എന്നിവരും ഒരു ഗുജറാത്തി ബാലനുമാണ് മരിച്ചത്. ദമ്മാമിലെ ഫസ്റ്റ് ഇൻഡസ്ട്രിയൽ സിറ്റിയിൽ ഇവർ താമസിക്കുന്ന കോമ്പൗണ്ടിലെ സ്വിമ്മിങ് പൂളിലായിരുന്നു അപകടം.

വൈകിട്ട് നാലരയോടെയാണ് സംഭവം ഉണ്ടായത്. ദീർഘകാലമായി പ്രവർത്തന രഹിതമായി കിടക്കുകയായിരുന്നു സ്വിമ്മിങ് പൂൾ. കഴിഞ്ഞയാഴ്ച പെയ്ത കനത്ത മഴയിൽ പൂളിൽ വെള്ളം നിറഞ്ഞിരുന്നു. ഇതു കാണാനത്തെിയ സൗഫാനാണ് ആദ്യം വെള്ളത്തിൽ വീണത്. രക്ഷിക്കാനുള്ള ശ്രമത്തിനിടെ സഫ്വാനും ഗുജറാത്തി ബാലനും പൂളിൽ അകപ്പെട്ടു.

മറ്റുകുട്ടികൾ വിവരം നൽകിയതിനെ തുടർന്ന് മുതിർന്നവർ എത്തി പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്നുപേരും മരിച്ചിരുന്നു. ദമ്മാം ഇന്ത്യൻ സ്‌കൂളിൽ ഒന്നാം ക്‌ളാസിലാണ് സഫ്വാൻ പഠിക്കുന്നത്. ഇവിടെ തന്നെ എൽ.കെ.ജി വിദ്യാർത്ഥിയാണ് സൗഫാൻ. മൃതദേഹം ദമ്മാം അൽമന ആശുപത്രിയിൽ. ദമ്മാം ബേസിക് കെമിക്കൽ ഇൻഡസ്ട്രീസിൽ ഉദ്യോഗസ്ഥനാണ് നവാസ്. ആലപ്പുഴ നൂറനാട് സ്വദേശിയാണ് സൗമി.