തിരുവനന്തപുരം: ന്യൂസ് 18 ചാനലിലെ മാധ്യമപ്രവർത്തക ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സംഭവത്തെ കുറിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതിന്റെ പേരിൽ വളരെ മോശമായ ഭാഷയിൽ വ്യക്തിഹത്യാ കുറിപ്പെഴുതിയ അവതാരകൻ സനീഷ് ഇളയടത്തിന് സൗമ്യമായ ഭാഷ്യയിൽ കുറിക്കു കൊള്ളുന്ന മറുപടി നൽകി ബിആർപി ഭാസ്‌ക്കർ. താൻ ഫേസ്‌ബുക്കിൽ പോസ്റ്റിടാൻ ഇടയായ സാഹചര്യം വിശദീകരിച്ചു കൊണ്ടാണ് സനീഷിന് അദ്ദേഹം മറുപടി നൽകിയത്.

ഫേസ്‌ബുക്ക് സ്വീകരണ മുറിയല്ല. അതുകൊണ്ട് ഇവിടെ നല്ല ഭാഷയെ ഉപയോഗിക്കാവൂ, മാന്യമായി പെരുമാറണം എന്നൊക്കെ നിർബന്ധം പിടിക്കാൻ നമുക്ക് അവകാശമില്ലെന്ന് ബിആർപി ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു. ഇതൊക്കെ അറിഞ്ഞു കൊണ്ട് ഇവിടെ നില്ക്കുന്ന ഒരാളെന്ന നിലയിൽ വിമർശനവും വിമർശകരുടെ ഭാഷയുമൊന്നും എനിക്ക് പ്രശ്‌നമല്ല. ചില സുഹൃത്തുക്കൾ ഉള്ളിൽ സൂക്ഷിച്ചിരുന്ന അമർഷം പ്രകടിപ്പിക്കാൻ ഈ അവസരം പ്രയോജനപ്പെടുത്തി. അത് നന്നായി. വിഷം ഉള്ളിൽ കെട്ടിക്കിടക്കുന്നത് നല്ലതല്ല. ഇടയ്ക്കിടക്ക് അത് പുറത്തു വിട്ട് പുതിയ സ്റ്റോക്ക് നിറയ്ക്കുന്നതാണ് അവരുടെ തന്നെ ആരോഗ്യത്തിനു നല്ലത്.- ബിആർപി വ്യക്തമാക്കി.

ന്യൂസ് 18 വിഷയത്തിൽ ഞാൻ ആരെയും കുറ്റപ്പെടുത്തിയിരുന്നില്ലെന്നും പൊലീസ് ജീവനക്കാരിയുടെ പരാതിയിന്മേൽ അന്വേഷണം നടത്തുകയും അത് സംബന്ധിച്ച് നല്കാവുന്ന വിവരങ്ങൾ നല്കുകയും ചെയ്യണമെന്ന ലക്ഷ്യത്തോടെയുള്ള ഇടപെടലുകുളാണു ഞാൻ നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ പ്രവർത്തി ആരെയെങ്കിലും ചൊടിപ്പിച്ചെങ്കിൽ ചൊടിപ്പിച്ചെങ്കിൽ അതിൽ നിന്ന് ഞാൻ മനസിലാക്കുന്നത് അവർ സുതാര്യമായ അന്വേഷണത്തെ ഭയക്കുന്നു എന്നാണെന്നും ബിആർപി കുറിച്ചു. പിരിച്ചുവിട്ട ജീവനക്കാരിയെ തിരിച്ചെടുത്തും കോടതിയിൽ പോയി സ്റ്റേ വാങ്ങിയും നില ഭദ്രമാക്കിയ ശേഷമാണ് ദിവസങ്ങൾക്കു മുമ്പ് ഞാനിട്ട പോസ്റ്റിനെതിരെയുള്ള പടപ്പുറപ്പാട് എന്നതിൽ നിന്നും ചിലത് വായിച്ചെടുക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

ബിആർപി ഭാസ്‌ക്കറിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:

രണ്ടു ദിവസം യാത്രയിലായിരുന്നു. ഇപ്പോൾ യാത്രകളെ സാമൂഹ്യമാധ്യമങ്ങളിൽ നിന്ന് വിട്ടുനില്കാനുള്ള അവസരമായി കൂടി ഞാൻ ഉപയോഗപ്പെടുത്താറുണ്ട്. അതുകൊണ്ട് ഫേസ്‌ബുക്കിലെ ന്യൂസ് 18 കോലാഹലം തല്‌സമയം അറിയാൻ കഴിഞ്ഞില്ല. ചെന്നൈയിൽ തിരിച്ചെത്തിയശേഷം ഇന്നു ബന്ധപ്പെട്ട പോസ്റ്റുകളും കമന്റുകളും വായിച്ചു. ആദ്യമായി, എന്നെ പ്രതിരോധിക്കാൻ മുന്നോട്ടു വന്ന സുഹൃത്തുക്കൾക്ക് നന്ദി പറയുന്നു. ഫേസ്‌ബുക്ക് സ്വീകരണ മുറിയല്ല. അതുകൊണ്ട് ഇവിടെ നല്ല ഭാഷയെ ഉപയോഗിക്കാവൂ, മാന്യമായി പെരുമാറണം എന്നൊക്കെ നിര്ബന്ധം പിടിക്കാൻ നമുക്ക് അവകാശമില്ല. ഇതൊക്കെ അറിഞ്ഞു കൊണ്ട് ഇവിടെ നില്ക്കുന്ന ഒരാളെന്ന നിലയിൽ വിമർശനവും വിമർശകരുടെ ഭാഷയുമൊന്നും എനിക്ക് പ്രശ്‌നമല്ല. ചില സുഹൃത്തുക്കൾ ഉള്ളിൽ സൂക്ഷിച്ചിരുന്ന അമര്ഷം് പ്രകടിപ്പിക്കാൻ ഈ അവസരം പ്രയോജനപ്പെടുത്തി. അത് നന്നായി. വിഷം ഉള്ളിൽ കെട്ടിക്കിടക്കുന്നത് നല്ലതല്ല. ഇടയ്ക്കിടക്ക് അത് പുറത്തു വിട്ട് പുതിയ സ്റ്റോക്ക് നിറയ്ക്കുന്നതാണ് അവരുടെ തന്നെ ആരോഗ്യത്തിനു നല്ലത്.

സാധാരണയായി പോസ്റ്റുകളിൽ ഞാൻ ആർക്കെതിരെയും ആരോപണങ്ങൾ ഉന്നയിക്കാറില്ല. മാധ്യമ വിചാരണ എനിക്ക് പരിചിതമായ ശൈലിയുടെ ഭാഗമല്ലാത്തതുകൊണ്ട് ആരോപണങ്ങളിന്മേൽ വിധി പ്രഖ്യാപിക്കാറുമില്ല. പൊതുമണ്ഡലത്തിൽ ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചോദ്യങ്ങൾ ഉയർത്തുകയോ ഉചിതമെന്ന് തോന്നുന്ന നിരീക്ഷണങ്ങൾ നടത്തുകയൊ ആണ് ഞാൻ ചെയ്യുന്നത്.

മാധ്യമങ്ങളുടെ ബോധപൂർവമായ സമീപനത്തിന്റെ ഫലമായി ന്യൂസ് 18 കേരള സംഭവത്തെ കുറിച്ച് അഭിപ്രായ രൂപീകരണത്തിനു ആവശ്യമായ വസ്തുതകൾ പൊതുമണ്ഡലത്തിൽ ഇല്ലാതിരുന്നതു കൊണ്ടു അതെക്കുറിച്ച് ഞാൻ ഒരു അഭിപ്രായ പ്രകടനവും നടത്തിയിട്ടില്ല. ഓഗസ്റ്റ് 12ലെ പോസ്റ്റിൽ ഞാൻ ഒരു ചോദ്യം ഉന്നയിക്കുകയാണ് ചെയ്തത്: 'Why is there no word on progress of investigation into alleged sexual harassment at News 18 Kerala channel?' പൊലീസും മാധ്യമങ്ങളും മൗനം പാലിക്കുന്ന പശ്ചാത്തലത്തിലാണ് ആ ചോദ്യം ചോദിച്ചത്. രണ്ടു ദിവസത്തിനുശേഷം ആ ചോദ്യം പൊലീസ് മേധാവിയോടായി ആവർത്തിച്ചു: 'DGP Behra, please tell us about status of Dalit/sexual harassment complaint by News 18 Kerala employee.'

ഈ പോസ്റ്റുകളിൽ ലൈംഗിക പീഡനം, ദലിത്/ലൈംഗിക പീഡനം എന്നിങ്ങനെ ആരോപണത്തെ വിശേഷിപ്പിച്ചത് പ്രസിദ്ധീകരിക്കപ്പെട്ട വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. രണ്ടാമത്തെ പോസ്റ്റിനോട് പ്രതികരിച്ച ഒരു സുഹൃത്ത് ലൈംഗിക പീഡനം ഇല്ലല്ലോ, മാനസിക പീഡനം എന്നല്ലേ പരാതി എന്ന് ചോദിച്ചു. ഒരു വെബ്‌സൈറ്റ് ആണു (ലൈംഗിക) പീഡനം ചേര്ത്തത് എന്നു അദ്ദേഹം കൂട്ടിച്ചേർക്കുകയും ചെയ്തു. മറ്റൊരു സുഹൃത്ത് അദ്ദേഹത്തോട് ചോദിച്ചു: ''ഇല്ലെന്നു നിങ്ങൾക്കെ ങ്ങിനെ അറിയാം?'' അപ്പോൾ ''ഉണ്ടെന്നു താങ്കൾക്ക് എങ്ങനെ അറിയാം എന്ന് പറയൂ, അപ്പോൾ എനിക്കെങ്ങനെ അറിയാം എന്നു പറയാം'' എന്നായി ആദ്യ സുഹൃത്ത്.

ഒരു തീരുമാനത്തിലുമെത്താതെ അവസാനിച്ച ആ തർക്കത്തിൽ പക്ഷം ചേരേണ്ട ആവശ്യം ഞാൻ കണ്ടില്ല. പക്ഷെ മറ്റൊരു വിഷയം ഒരു കമന്റിലൂടെ ഞാൻ ഉയർത്തി . ''എതെങ്കിലും തരത്തിലുള്ള പീഡനം ഉണ്ടായോ എന്ന് പരാതി കിട്ടിയ പൊലീസ് അന്വേഷിച്ച് തീരുമാനിക്കട്ടെ. ഒരു പീഡനവും ഉണ്ടായില്ലെങ്കിൽ കൂടി ചാനൽ ജീവനക്കാരിയെ പിരിച്ചുവിട്ട രീതി പ്രതിഷേധാർഹമാണു. അക്കാര്യം പോസ്റ്റിൽ പറയാഞ്ഞത് അത് ഡിജിപിയുടെ വിഷയം അല്ലാത്തതുകൊണ്ടാണ്. മാത്രമല്ല അത് ചാനലിനു തന്നെ പുനഃപരിശോധിച്ച് പരിഹരിക്കാവുന്നതാണ്.''

പൊലീസ് നിശ്ശബ്ദത തുടരുന്ന സാഹചര്യത്തിൽ ഓഗസ്റ്റ് 17നു പീഡന പരാതിയുടെ സ്റ്റാറ്റസ് അന്വേഷിച്ചുകൊണ്ടു ഡിജിപിക്കുള്ള ഒരു റിമൈന്ഡറിന്റെ രൂപത്തിൽ വീണ്ടും ഒരു പോസ്റ്റിട്ടു. അടുത്ത ദിവസം സംഭവത്തിൽ ഉൾപ്പെട്ട ന്യൂസ് 18ലെ മാധ്യമ പ്രവർത്തക തിരികെ ജോലിയിൽ പ്രവേശിക്കുന്നുവെന്ന് കെ.എ. ബീനയുടെ പോസ്റ്റിൽ നിന്ന് മനസിലാക്കി. ഞാൻ ആ പോസ്റ്റ് ഷെയർ ചെയ്യുകയും ജീവനക്കാരിയെ പുറത്താക്കാനുള്ള തീരുമാനം ചാനൽ പുനഃപരിശോധിച്ച് പരിഹരിച്ചതിലുള്ള സന്തോഷം രേഖപ്പെടുത്തുകയും ബന്ധപ്പെട്ടവർക്ക് അഭിവാദ്യങ്ങൾ അർപ്പിക്കുകയും ചെയ്തു. ഇതു സംബന്ധിച്ചു ഗീത നസീർ ഒരു പോസ്റ്റിൽ കൂടുതൽ വവരങ്ങൾ നല്കിയപ്പോൾ അതും ഷെയർ ചെയതു. അതിൽ ഗീത നസീർ എഴുതി: ''അവളുടെ ഒറ്റ നിലപാട് പല അനീതിക്കുമുള്ള മറുപടിയായിട്ടുണ്ടിന്നു. വലിയ സെലിബ്രിറ്റികൾക്കു കഴിയാത്ത കാര്യമാണ് അവൾ നേടിയിരിക്കുന്നത്. ഒരു ചാനലിനെ തിരുത്തി. അവളോട് ഒപ്പം ഈ നിമിഷം വരെ നിന്ന ഞങ്ങൾ എന്നും ഇനിയും കാണും. പോരാട്ടമൊന്നും തീരുന്നതല്ലല്ലോ. അവൾ സുരക്ഷിതയാണ്''

പഴയ പോസ്റ്റിലെ കാര്യങ്ങൾ ഇവിടെ വിശദമായി പരാമർശിച്ചത് ചില വസ്തുതകൾ ചൂണ്ടിക്കാണിക്കാനാണ്. ഒന്ന്, ന്യൂസ് 18 വിഷയത്തിൽ ഞാൻ ആരെയും കുറ്റപ്പെടുത്തിയിരുന്നില്ല. പൊലീസ് ജീവനക്കാരിയുടെ പരാതിയിന്മേൽ അന്വേഷണം നടത്തുകയും അത് സംബന്ധിച്ച് നല്കാവുന്ന വിവരങ്ങൾ നല്കുകയും ചെയ്യണമെന്ന ലക്ഷ്യത്തോടെയുള്ള ഇടപെടലുകുളാണു ഞാൻ നടത്തിയത്. അത് ആരെയെങ്കിലും ചൊടിപ്പിച്ചെങ്കിൽ അതിൽ നിന്ന് ഞാൻ മനസിലാക്കുന്നത് അവർ സുതാര്യമായ അന്വേഷണത്തെ ഭയക്കുന്നു എന്നാണ്. പിരിച്ചുവിട്ട ജീവനക്കാരിയെ തിരിച്ചെടുത്തും കോടതിയിൽ പോയി സ്റ്റേ വാങ്ങിയും നില ഭദ്രമാക്കിയ ശേഷമാണ് ദിവസങ്ങൾക്കു മുമ്പ് ഞാനിട്ട പോസ്റ്റിനെതിരെയുള്ള പടപ്പുറപ്പാട് എന്നതിൽ നിന്നും ചിലത് വായിച്ചെടുക്കാം. രണ്ട്, പോസ്റ്റുകളിൽ ഞാൻ ആരുടെയും പേർ പരാമർശിച്ചിരുന്നില്ല. ഏതെങ്കിലും അവതാരം ആ തൊപ്പി എനിക്ക് ചേരുന്നു എന്ന് പറഞ്ഞു വന്നാൽ വിലക്കാൻ ഞാനാരു?

ബിആർപി ഭാസ്‌ക്കറിനെ തീർത്തും വ്യക്തിഹത്യ ചെയ്തു കൊണ്ടുള്ള പോസ്റ്റിട്ട സനീഷിനെതിരെ കടുത്ത അമർഷം സൈബർ ലോകത്ത് ഉയർന്നിരുന്നു. ഇതോടെ വിമർശനം കടുത്തതോടെ സനീഷ് വ്യക്തിഹത്യാ പോസ്റ്റ് പിൻവലിച്ച് രക്ഷപെടുകയായിരുന്നു. മലയാളത്തിലെ എക്കാലത്തേയും മികച്ച ജേർണലിസ്റ്റിനെ അപമാനിച്ചു എന്ന വികാരമായിരുന്നു ശക്തമായിരുന്നത്. ഓഗസ്റ്റ് 12നായിരുന്നു ബിആർപി പ്രസ്തുത പോസ്റ്റിട്ടത്. അന്ന് കേസും വഴക്കുമായി സനീഷ് ഒളിവിലായിരുന്നു. ഇതിനിടെ പ്രോസിക്യൂഷനെ കൂട്ടുപിടിച്ച് കേസിന് ഒരുമാസത്തെ സ്റ്റേ വാങ്ങി. ഇത് കിട്ടിയതോടെയാണ് ബിആർപിയെ കടന്നാക്രമിക്കാനെത്തിയത്. ഇത് കൈവിട്ട കളിയായി. ഇതോടെ ഇനി ആരും പിന്തുണയ്ക്കാനുണ്ടാകില്ലെന്ന് സനീഷിനെ അടുപ്പക്കാരും അറിയിച്ചു. കേസുമായി മുന്നോട്ട് പോകുമെന്ന തീരുമാനമെടുത്ത മാധ്യമ പ്രവർത്തകയ്ക്കൊപ്പം നിൽക്കാനും തീരുമാനിച്ചു. ഇതും സനീഷിനെ വെട്ടിലാക്കിയിട്ടുണ്ട്.

' 85 വയസ്സുള്ള അതി പ്രഗൽഭനായ ജേർണലിസ്റ്റ് പുലി ' , 'ഭാസ്‌കരളേപ്പൻ ',' തോന്ന്യാസി വയോധികൻ '' ' തഴമ്പ് കാട്ടി നടക്കുന്ന ബഗിടാപ്പി' എന്നീ പദങ്ങൾ ഉപയോഗിച്ചു കൊണ്ടാണ് ആരാധ്യനായ ബിആർപിയെ സനീഷ് അവഹേളിച്ചത്. ബിആർപിയെ അവഹേളിച്ചതോടെ സനീഷിനെ കൈയും മെയ്യും മറന്ന് സോഷ്യൽ മീഡിയയിൽ സഹായിക്കാനെത്തിയവാരും പുലിവാല് പിടിച്ചിരുന്നു. ഇതു മനസ്സിലാക്കിയാണ് ബിആർപിക്ക് എതിരായ പോസ്റ്റ് സനീഷ് പിൻവലിച്ചത്.