- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊല്ലപ്പെട്ടത് വിദേശത്ത് നിന്ന് സ്വർണം കടത്തുന്ന കാരിയർ; സ്വർണം ലഭിക്കാത്തതിന്റെ പേരിൽ തട്ടിക്കൊണ്ട് പോയി ക്രൂരമായി മർദ്ദിച്ചു; പെരിന്തൽമണ്ണയിലെ പ്രവാസിയുടെ കൊലപാതകത്തിൽ അഞ്ച് പേർ അറസ്റ്റിൽ; ഒന്നാം പ്രതി ഒളിവിലെന്ന് പൊലീസ്
പെരിന്തൽമണ്ണ: അഗളി സ്വദേശിയായ പ്രവാസി ക്രൂരമായി മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിൽ. ഇവരിൽ മൂന്നുപേർ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണെന്ന് പൊലീസ് അറിയിച്ചു. കുറ്റകൃത്യം ചെയ്തവർക്ക് സഹായം ചെയ്ത രണ്ട് പേർ കൂടി അറസ്റ്റിലായി. അലിമോൻ, അൽത്താഫ്, റഫീഖ് ഇവർക്ക് സഹായം ചെയ്തുകൊടുത്ത അനസ് ബാബു, മണികണ്ഠൻ എന്നിവരാണ് അറസ്റ്റിലായതെന്ന് മലപ്പുറം എസ്‌പി എസ്.സുജിത്ത് ദാസ് പറഞ്ഞു.
വിദേശത്ത് നിന്ന് സ്വർണം കടത്തുന്ന കാരിയറായിരുന്നു കൊല്ലപ്പെട്ട അബ്ജുൾ ജലീലെന്ന് പൊലീസ് പറഞ്ഞു. മർദ്ദനമേറ്റ് അവശനിലയിലായിരുന്ന അബ്ദുൽ ജലീലിനെ ആശുപത്രിയിൽ എത്തിച്ച് മുങ്ങിയ യഹിയയാണ് കേസിലെ ഒന്നാം പ്രതി. ഇയാൾ ഒളിവിലാണ്. യഹിയക്കായി അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
കൊണ്ടുവന്ന സ്വർണം ലഭിക്കാത്തതിനാൽ യഹിയയുടെ നേതൃത്വത്തിൽ ഒരു സംഘം ജലീലിനെ തട്ടിക്കൊണ്ടുപോകുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. ഇരുമ്പ് വടി കൊണ്ടുൾപ്പെടെ ജലീലിന് മർദ്ദനമേറ്റെന്നും പൊലീസ് പറഞ്ഞു. ശരീരത്തിൽ മുഴുവൻ മുറിവേറ്റിട്ടുണ്ട്. പ്രതികളെ മറ്റ് ചിലർ സഹായിച്ചു. ഇവരും കേസിലെ പ്രതികളാകുമെന്ന് മലപ്പുറം ജില്ലാ പൊലീസ് മേധാവി പറഞ്ഞു.
ക്രൂര മർദ്ദനമേറ്റ നിലയിൽ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ജലീൽ കഴിഞ്ഞ ദിവസമാണ് മരിച്ചത്. മെയ് 15 ന് നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറങ്ങിയ അബ്ദുൾ ജലീലിനെ നാലു ദിവസത്തിന് ശേഷം ഗുരുതര പരിക്കുകളോടെ ഒരാൾ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചത് മലപ്പുറം സ്വദേശി യഹിയ ആണെന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് കണ്ടെത്തി. ഇയാൾക്കായി അന്വേഷണം തുടരുകയാണ്.
യഹിയ കാറിൽ അബ്ദുൾ ജലീലിനെ ആശുപത്രിയിലെത്തിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. വെള്ളക്കാറിലാണ് അബ്ദുൾ ജലീലിനെ എത്തിച്ചത്. ഡ്രൈവിങ് സീറ്റിലായിരുന്നു യഹിയ. ജലീലിനെ പിന്നിലെ സീറ്റിൽ കിടത്തിയിരിക്കുകയായിരുന്നു. ജലീലിന്റെ ശരീരമാകെ മർദ്ദനമേറ്റ പാടുകളുണ്ടായിരുന്നു.
ജിദ്ദയിൽ നിന്നും മെയ് 15 ന് നാട്ടിലെത്തിയ അബ്ദുൽ ജലീലിനെ വിമാനത്താവളത്തിൽ സ്വീകരിക്കാനായി ഭാര്യയും വീട്ടുകാരും കോഴിക്കോട്ടേക്ക് പുറപ്പെട്ടിരുന്നു. എന്നാൽ വീട്ടുകാർ വരേണ്ടതില്ലെന്നും സുഹൃത്തുക്കൾക്കൊപ്പം താൻ വീട്ടിലേക്ക് എത്താമെന്നും അബ്ദുൽ ജലീൽ തന്നെ ഫോണിൽ വീട്ടുകാരെ വിളിച്ച് അറിയിക്കുകയായിരുന്നുവെന്നാണ് ഭാര്യ പറയുന്നത്.
ദിവസങ്ങളോളം കാണാതായതോടെ അഗളി സ്റ്റേഷനിൽ പരാതി നൽകി. പൊലീസിൽ പരാതി നൽകി തിരികെയെത്തിയപ്പോൾ വീട്ടിലേക്ക് ജലീലിന്റെ ഫോൺവിളി വന്നു. നാളെ വീട്ടിലേക്ക് വരുമെന്നും പൊലീസിൽ പരാതി നൽകിയതെന്തിനാണെന്നും ചോദിച്ചു.
പൊലീസിൽ നൽകിയ കേസ് പിൻവലിക്കാനും പറഞ്ഞു. പിറ്റേന്നും ഭർത്താവ് വീട്ടിലേക്ക് വന്നില്ല. പക്ഷേ ഫോണിൽ വിളിച്ചു, കേസ് പിൻവലിച്ചോയെന്ന് ചോദിച്ചു. കേസ് പിൻവലിച്ചിരുന്നില്ലെങ്കിലും പിൻവലിച്ചതായി മറുപടി പറഞ്ഞു എന്നും ജലീലിന്റെ ഭാര്യ പറഞ്ഞിരുന്നു.
ക്രൂരമർദനമേറ്റ് അബോധാവസ്ഥയിലാണ് ജലീലിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ശരീരമാസകലം മൂർച്ചയേറിയ ആയുധംകൊണ്ട് പരിക്കേൽപ്പിച്ച അവസ്ഥയിലായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ അബോധാവസ്ഥയിലായിരുന്നെന്നും അതിഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. വ്യാഴാഴ്ച രാത്രി 12.15ന് അബ്ദുൾ ജലീൽ മരിച്ചു.
പെരിന്തൽമണ്ണയിൽനിന്ന് എട്ട് കിലോമീറ്ററകലെ ആക്കപ്പറമ്പിൽ റോഡരികിൽ പരിക്കേറ്റ് കിടന്നയാളാണ് എന്ന് പറഞ്ഞ് മേലാറ്റൂർ സ്വദേശി യഹ്യയാണ് ജലീലിനെ ആശുപത്രിയിൽ എത്തിച്ചത്. ജലീലിന്റെ വീട്ടിലും വിവരം അറിയിച്ച ശേഷം ഇയാൾ ആുപത്രിയിൽ നിന്ന് കടന്നുകടളഞ്ഞു. നിലവിൽ കസ്റ്റഡിയിലായവരിൽ നിന്നും മുഴുവൻ വസ്തുതകളും പുറത്തുകൊണ്ടുവരാൻ കഴിയുമെന്നാണ് പൊലീസ് കരുതുന്നത്.
മറുനാടന് മലയാളി ബ്യൂറോ