തിരുവനന്തപുരം: കടം കൊടുത്ത പണം തിരികെ നൽകാത്തതിന് അറുപതുകാരനെ തട്ടിക്കൊണ്ടുപോയി കിണറ്റിൽ തലകീഴായി കെട്ടി തൂക്കിയ സംഘത്തിലെ മൂന്നുപേർ അറസ്റ്റിൽ. പോത്തൻകോട് സ്വദേശി നസീമിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ സന്തോഷ്, വിഷ്ണു, ശരത് എന്നിവരാണ് പിടിയിലായത്. മുപ്പതിനായിരം രൂപ കടമെടുത്ത താൻ 60,000 രൂപ മടക്കി നൽകിയിട്ടും നേരിടേണ്ടി വന്നത് ക്രൂരപീഡനമാണെന്ന് നസീം പറയുന്നു.

പച്ചക്കറി കച്ചവടം നടത്തുന്ന നസീം കച്ചവട ആവശ്യങ്ങൾക്കായാണ് 30000 രൂപ കടം വാങ്ങിയത്. കോവിഡ് വ്യാപനത്തെ തുടർന്ന് കച്ചവടം കുറഞ്ഞപ്പോൾ തിരിച്ചടവ് മുടങ്ങുകയായിരുന്നു. മാസം മൂവായിരം രൂപ തിരിച്ച് നൽകുന്നുണ്ടായിരുന്നുവെങ്കിലും ഒരു ലക്ഷം രൂപ തിരിച്ച് നൽകണം എന്നാണ് ആവശ്യം.

ഇത് മുടങ്ങിയതോടെ ജോലി ചെയ്യുന്ന ഹോട്ടലിന് സമീപത്ത് നിന്ന് ഓട്ടോയിലെത്തിയ നാലംഗ സംഘം തട്ടിക്കൊണ്ട് പോകുകയായിരുന്നു. വണ്ടിയിൽ കയറാൻ ആവശ്യപ്പെട്ടപ്പോൾ മടിച്ച തന്നെ ബലം പ്രയോഗിച്ച് കയറ്റിയ ശേഷം കഴുത്തിൽ വെട്ടുകത്തി വെച്ച് ഭീഷണിപ്പെടുത്തിയെന്നും നസീം പറയുന്നു.

കഴുത്ത് വേണോ കൈ വേണോ എന്ന് ചോദിച്ച് ഭീഷണിപ്പെടുത്തിയെന്നും നസീം പറയുന്നു. പൗഡിക്കോണത്തെ ആളോഴിഞ്ഞ വീട്ടിൽ എത്തിച്ച ക്രൂരമായി മർദ്ദിക്കുകയായിരുന്നു.ഇതിന് ശേഷം വടി ഉപയോഗിച്ച് തല്ലുകയും ചെയ്തു. മർദ്ദിച്ച് അവശനാക്കിയ ശേഷം കിണറ്റിലേക്ക് തലകീഴായി നിർത്തിയെന്നും നസീം പറഞ്ഞു.

അവശനായ നസീമിനെ ഉപേക്ഷിച്ച് അക്രമി സംഘം കടന്ന് കളഞ്ഞു. ഒരു ഓട്ടോ വിളിച്ച് വീട്ടിലേക്ക് മടങ്ങിയെത്തിയ നസീമിനെ വീട്ടുകാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പൊലീസിനെ വിവരം അറിയിച്ചു. ഇതിനിടെ ബന്ധുക്കൾ തമ്മിലുള്ള തർക്കമാക്കി മാറ്റി കേസ് പിൻവലിക്കാൻ നസീമിനുമേൽ സമ്മർദ്ദമുണ്ടായി. സർക്കാർ സർവ്വീസിൽ നിന്നും ഉന്നത ഉദ്യോഗസ്ഥനായി വിമരിച്ചയാളാണ് കേസിലെ പ്രതിയായ ഷുക്കൂർ. പണം വാങ്ങി നൽകാൻ ഷുക്കൂർ സന്തോഷിന് ക്വട്ടേഷൻ നൽകുകയായിരുന്നു,