തിരുവനന്തപുരം: ബ്രൂവറി ചലഞ്ചിൽ വീണ്ടും ഇടത് സർക്കാർ പ്രതിക്കൂട്ടിൽ. പുതിയ ഡിസ്റ്റിലറിക്ക് അനുമതി നൽകേണ്ടതില്ലെന്ന് ഇ.കെ.നായനാർ മുഖ്യമന്ത്രിയായിരിക്കെ 1999ൽ ഉത്തരവു പുറപ്പെടുവിച്ചിരുന്നു. പിന്നീട് അപേക്ഷകൾ വന്നപ്പോൾ 2008ൽ വി എസ്.അച്യുതാനന്ദൻ സർക്കാരിന്റെ നിലപാടും ഇതുതന്നെയായിരുന്നു. ഇതാണ് ഇ്തവണ പിണറായി സർക്കാർ മറികടന്നത്. അതിനിടെ 2003ൽ എകെ ആന്റണി സർക്കാർ മദ്യ നിർമ്മാണ ശാല അനുവദിച്ചെന്ന വാദവും പൊളിഞ്ഞു. ഇതിന് പിന്നാലെയാണ് എക്‌സൈസ് കമ്മീഷണറുടെ എതിർപ്പ് സംബന്ധിച്ച വിരവങ്ങളും പുറത്തു വന്നത്. ഇതിനൊപ്പം ഇപ്പോൾ എക്‌സൈസ് കമ്മീഷണർ ഋഷിരാജ് സിംഗിന്റെ എതിർപ്പ് മറികടന്നാണ് ബ്രൂവറി നൽകിയതെന്ന വാദവും സജീവമായി.

ഡിസ്റ്റിലറി അനുവദിക്കരുതെന്ന എക്‌സൈസ് കമ്മിഷണർ ഋഷിരാജ് സിങ്ങിന്റെ അഭിപ്രായം മറികടന്നാണു തൃശൂരിൽ ശ്രീചക്ര കമ്പനിക്കു സംസ്ഥാന സർക്കാർ അനുമതി നൽകിയതെന്നു വ്യക്തമായി. അപേക്ഷ പരിശോധനയ്ക്കായി എക്‌സൈസ് കമ്മിഷണർക്ക് അയച്ചിരുന്നു. ഡിസ്റ്റിലറി ആവശ്യമില്ലെന്നു മുൻപു രണ്ടുതവണ സർക്കാർ തീരുമാനം എടുത്തിട്ടുണ്ടെന്നാണു ഋഷിരാജ് സിങ് അതിൽ രേഖപ്പെടുത്തിയത്. ബീയർ നിർമ്മാണശാല അനുവദിക്കുന്നതിനെ അനുകൂലിച്ച കമ്മിഷണർ അതിനു സർക്കാർ നയപരമായ തീരുമാനമെടുക്കണമെന്നു ഫയലിൽ രേഖപ്പെടുത്തി. എന്നാൽ നയപരമായ തീരുമാനമൊന്നും എടുക്കാതെ തന്നെ അനുമതി നൽകുകയാണ് ചെയ്തത്. മന്ത്രിസഭാ യോഗം പരിഗണിച്ചില്ല. ഇടതു മുന്നണിയുടെ ചർച്ച ചെയ്തില്ല. ഇതാണ് ഇടത് സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുന്നത്. ഇനിയും തെളിവുകൾ പ്രതിപക്ഷം പുറത്തുവിടുമെന്നാണ് സൂചന.

ഡിസ്റ്റിലറിയും ബ്രൂവറിയും അനുവദിക്കുമെന്ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം, ബജറ്റ്, സർക്കാരിന്റെ മദ്യനയം എന്നിവയിലൊന്നും പറഞ്ഞിട്ടില്ല. അബ്കാരി നിയമം ഉണ്ടെങ്കിലും വർഷാവർഷമുള്ള സർക്കാരിന്റെ മദ്യനയമാണ് ആ മേഖലയ്ക്കു ബാധകമാകുന്നത്.
ഡിസ്റ്റിലറിക്കും ബ്രൂവറിക്കുമായി 7 അപേക്ഷകൾ ലഭിച്ചിരുന്നുവെന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ പറയുന്നു. 3 ബ്രൂവറികളും ഒരു ഡിസ്റ്റിലറിയുമാണ് അനുവദിച്ചത്. ഇതിനുള്ള മാനദണ്ഡം എന്തായിരുന്നുവെന്നോ മൂന്നെണ്ണത്തിന് അനുമതി നൽകാത്തത് എന്തുകൊണ്ടെന്നോ വ്യക്തമാക്കുന്നില്ല. ഇതിനൊപ്പമാണ് ആന്റണിയുടെ കാലത്ത് ബ്രൂവറി അനുവദിച്ചെന്ന വാദവും പൊളിയുന്നത്. ഇതോടെ ഇഷ്ടക്കാർക്ക് ബ്രൂവറി നൽകിയെന്ന ആരോപണം ഇടത് സർക്കാരിനെ പിടിച്ചുലയ്ക്കുകയാണ്.

തൃശ്ശൂരിൽ മലബാർ ബ്രൂവറിക്ക് അനുമതി നൽകിയത് 1998 ൽ ഇ.കെ.നായനാരുടെ നേതൃത്വത്തിലുള്ളഇടതു സർക്കാരിന്റെ കാലത്താണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുന്നു. 2003 ൽ എ.കെ.ആന്റണി മുഖ്യമന്ത്രി ആയിരിക്കെയാണ് ബ്രൂവറിക്ക് അനുമതി നൽകിയതെന്ന് ഇടതുമുന്നണി കൺവീനർ എ വിജയരാഘവൻ ആരോപിച്ചിരുന്നു. ഇതേക്കുറിച്ച് പ്രതിപക്ഷ നേതാവ് മറുപടി നൽകണമെന്ന് എക്സൈസ് മന്ത്രി ടി.കെ രാമകൃഷ്ണനും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇടതു മുന്നണി സർക്കാർ തന്നെ മുമ്പ് ചെയ്തുവച്ചകാര്യം യു.ഡി.എഫിന്റെ തലയിൽ കെട്ടി വച്ച് രക്ഷപ്പെടാനാണ് ഇടതു മുന്നണിയുടെ കൺവീനറും മന്ത്രിയും ശ്രമിക്കുന്നതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.

1998 സെപ്റ്റംബർ 28നാണ് ബ്രൂവറിക്ക് അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയതെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. അന്നത്തെ നികുതി വകുപ്പ് സെക്രട്ടറി നടരാജനാണ് ഉത്തരവിൽ ഒപ്പിട്ടിരിക്കുന്നത്. ബ്രൂവറിക്ക് അനുമതി നൽകിക്കഴിഞ്ഞാൽ പിന്നീടുഉള്ളതെല്ലാം സാങ്കേതിക കാര്യങ്ങളാണ്. നായനാരുടെ കാലത്ത്, 98 ൽ കൊടുത്ത അനുമതി അനുസരിച്ചുള്ള ലൈസൻസാണ് 2003ൽ നൽകിയത്. അത് നൽകാൻ കമ്മീഷണർ ബാധ്യസ്ഥനാണ്. സംശുദ്ധമായ പൊതു ജീവിത്തതിനുടമയായ എ.കെ.ആന്റണിയെ അപമാനിക്കുകയാണ് ഇടതു മുന്നണി കൺവീനറും മന്ത്രിയും ചെയ്തത്. ചാരായം നിരോധിച്ച ആന്റണി ബ്രൂവറിക്ക് അനുമതി നൽകിയെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? എന്നും ചെന്നിത്തല ചോദിച്ചു. 1999 ന് ശേഷം സംസ്ഥാനത്ത് ബ്രൂവറികൾക്കോ ഡിസ്റ്റിലറികൾക്കോ അനുമതി നല്കിയിട്ടില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നു. 2003 ൽ നൽകിയത് പുതിയ ബ്രൂവറിക്കോ ഡിസ്റ്റിലറിക്കോ ഉള്ള അനുമിതിയല്ല. നേരത്തെ നൽകിയ അനുമതി അനുസരിച്ചുള്ള ലൈസൻസാണ്.ഒരു ബ്രൂവറിക്ക് ലൈസൻസ് നൽകണമെങ്കിൽ നാലഞ്ച് വർഷം മുമ്പെങ്കിലും അനുമതി കിട്ടിയിട്ടുണ്ടാവും എന്ന സാമാന്യ വിവരം ഇല്ലാത്തായളാണോ ഇപ്പോഴത്തെ എക്‌സൈസ് മന്ത്രി.

അനുമതിയും ലൈസൻസും തമ്മിലുള്ള വ്യത്യാസം അറിയാത്തയാളാണോ എക്‌സൈസ് മന്ത്രി?പരമ രഹസ്യമായി മുന്നണിയേയോ, മന്ത്രിസഭയേയോ അറിയിക്കാതെ ഇഷ്ടക്കാർക്ക് ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിച്ച് കോടികൾ വാങ്ങിയത് കൈയോടെ പിടിക്കപ്പെട്ടപ്പോൾ രക്ഷപ്പെടാനായി കച്ചിത്തുരുമ്പിലും കയറിപിടിക്കുകയാണ് ഇടതു മുന്നണി കൺവീനറും മന്ത്രിയും. പക്ഷേ ആ കച്ചിത്തുരുമ്പും ഇപ്പോൾ പൊട്ടിപ്പോയിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. കൊച്ചിയിൽ കിൻഫ്രാ പാർക്കിൽ പത്ത് ഏക്കറിൽ ഡിസ്റ്റലറി അനുവദിച്ചുവെന്നാണ് എക്‌സൈസിന്റെ ഉത്തരവിലുള്ളത്. എന്നാൽ കിൻഫ്ര ഭൂമി കൊടുത്തിട്ടില്ലെന്ന് വ്യവസായ മന്ത്രി ഇപി ജയരാജനും പറയുന്നു.

തൃശൂരിൽ ഡിസ്റ്റിലറിക്കു ശ്രീചക്ര കമ്പനിക്ക് അനുമതി നൽകിയതു നിയമാനുസൃത പരിശോധനകൾ പോലുമില്ലാതെയെന്നും വ്യക്തമാണ്.. എക്‌സൈസിന്റെ ജില്ലാ മേധാവിയായ ഡപ്യൂട്ടി കമ്മിഷണർക്കു വിശദ പദ്ധതിരേഖ സഹിതം അപേക്ഷ നൽകണമെന്നാണു വ്യവസ്ഥ. എത്ര ഏക്കർ, അതിന്റെ വില്ലേജ്/ സർവേ വിവരങ്ങൾ, കരം അടച്ച രസീത്, ജലവൈദ്യുതി ലഭ്യത, തദ്ദേശസ്ഥാപന ലൈസൻസ്, പരിസ്ഥിതിവകുപ്പിന്റെ നിരാക്ഷേപപത്രം എന്നിവ പദ്ധതിരേഖയിൽ വേണം. ഇതിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടറുടെ സ്ഥലപരിശോധന നടക്കണം. ഇതൊന്നും ശ്രീചക്ര പാലിച്ചതുമില്ല. ഇതും ഇടത് സർക്കാരിനെ വിവാദത്തിൽ നിർത്തുകയാണ്.