മുംബൈ:  പഞ്ചാബ് നാഷനൽ ബാങ്ക് ഇഫക്ട് ഓഹരി വിപണിയെ ഇനിയും വിട്ടൊഴിയുന്നില്ല. പിഎൻപി ഇഫക്ടിൽ നിഫ്റ്റിയും ബിഎസ്ഇയും പാരാദ്യത്തിലും കൂപ്പു കുത്തി. മുംബൈ സൂചിക സെൻസെക്‌സ് 236 പോയിന്റ് ഇടിഞ്ഞ് 33774.66 പോയിന്റിലും ദേശീയ ഓഹരി സൂചിക നിഫ്റ്റി 73.90 പോയിന്റ് ഇടിഞ്ഞ് 10,378.4 പോയിന്റിലും ക്ലോസ് ചെയ്തു.

പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പിനെതുടർന്നു നിക്ഷേപകർ കൂട്ടത്തോടെ ഓഹരികൾ വിറ്റൊഴിയുന്നതാണു വിപണിക്ക് ക്ഷീണമാകുന്നത്. ബി.എസ്.ഇയിലെ 743 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 2010 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. രണ്ടു മാസത്തെ താഴ്ന്ന നിലവാരത്തിലാണ് സൂചികകളിപ്പോൾ.

ലോഹം, ബാങ്കിങ് ഓഹരികളാണ് വിപണികൾക്കു ക്ഷീണം ചെയ്തത്. നഷ്ടത്തിലായ ഭൂഷൻ സ്റ്റീൽ എറ്റെടുക്കുന്നതിന് ടാറ്റാ സ്റ്റീൽ ഒരുങ്ങുന്നു എന്ന വാർത്തയെത്തുടർന്നാണ് മെറ്റൽ ഓഹരികളും വിപണിയിൽ കൂപ്പുകുത്തിയത്. ടാറ്റാ സ്റ്റീലിന്റ ഓഹരിവില 5.82% ആണ് ഇടിഞ്ഞത്. വിദേശനിക്ഷേപകരുടെ പിന്മാറ്റവും വിപണികളിൽ പ്രതിഫലിച്ചു. 1,065.99 കോടിയുടെ ഓഹരികളാണ് കഴിഞ്ഞ ദിവസം വിദേശനിക്ഷേപകർ െകെയൊഴിഞ്ഞത്. അതേസമയം പ്രാദേശിക നിക്ഷേപ സ്ഥാപനങ്ങൾ 1,127.78 കോടിയുടെ ഓഹരികൾ സ്വന്തമാക്കി.

ടാറ്റ സ്റ്റീൽ, ഏഷ്യൻ പെയിന്റ്സ്, ഡോ. റെഡ്ഡീസ് ലാബ്, ലാർസൻ ആൻഡ് ട്യൂബ്രോ, മാരുതി സുസുക്കി തുടങ്ങിയ പ്രമുഖരും നഷ്ടം നേരിട്ടു. ടാറ്റ സ്റ്റീൽ ഏറ്റെടുക്കുമെന്നു ഉറപ്പായതോടെ ഭൂഷൺ സ്റ്റീൽ ഓഹരികൾ 19.82 ശതമാനം നേട്ടമുണ്ടാക്കി. കോൾ ഇന്ത്യ, റിലയൻസ്, ആക്സിസ് ബാങ്ക്, ഇൻഫോസിസ്, വേദാന്ത, എൻ.ടി.പി.സി. തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ് വ്യാപാരം നിർത്തിയത്. ബോർഡർ ഓഹരികളിലും വിൽപ്പന സമ്മർദം ദൃശ്യമായി. മിഡ്ക്യാപ് 1.05 ശതമാനവും സ്മോൾക്യാപ് 0.99 ശതമാനവും നിറംമങ്ങി.

ഇന്നലെ ബാങ്ക് ഓഹരികൾക്കു നേരിട്ട തിരിച്ചടി ഇങ്ങനെ (ബ്രാക്കക്കറ്റിൽ ഇടിവ്): യൂക്കോ ബാങ്ക് (4.58%), യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ (7.19), അലഹാബാദ് ബാങ്ക് (6.3), ബാങ്ക് ഓഫ് ബറോഡ (5.48), സിൻഡിക്കറ്റ് ബാങ്ക് (6.45), ബാങ്ക് ഓഫ് മഹാരാഷ്ട്ര (6.79), കോർപറേഷൻ ബാങ്ക് (3.17), എസ്‌ബിഐ (1.51), ഫെഡറൽ ബാങ്ക് (2.61), ഇൻഡസിൻഡ് ബാങ്ക് (1.68), ഐസിഐസിഐ ബാങ്ക് (0.39), എച്ച്ഡിഎഫ്‌സി ബാങ്ക് (0.27). മുംബൈ സൂചികയിൽ വിവിധയിനം ഓഹരികൾക്കുണ്ടായ നഷ്ടം ഇങ്ങനെ: മെറ്റൽ (1.60%), കാപ്പിറ്റൽ ഗുഡ്‌സ് (1.56), പിഎസ്യു (1.38), റിയൽറ്റി (1.12), ഇൻഫ്രാസ്ട്രക്ചർ (1.12), ഓട്ടോ (1.11), ഹെൽത് കെയർ (1.10), ഓയിൽ ആൻഡ് ഗ്യാസ് (1.01), പവർ (0.99), എഫ്എംസിജി (0.91), ബാങ്ക് (0.57). ടാറ്റാ സ്റ്റീൽ ഏറ്റെടുക്കാൻ ഒരുങ്ങുന്നു എന്ന വിവരത്തെത്തുടർന്ന് ഭൂഷൺ സ്റ്റീലിന്റെ ഓഹരി വിലയിൽ പക്ഷേ, വൻ കുതിപ്പുണ്ടായി. 19.82% ആണ് വർധിച്ചത്.