തിർത്തിയിൽ രാജ്യത്തിനുവേണ്ടി ജീവൻപണയപ്പെടുത്തി കാവൽനിൽക്കുന്ന സൈനികർക്ക് കിട്ടുന്ന ഭക്ഷണത്തിന്റെയും മറ്റും മോശനിലവാരത്തെക്കുറിച്ച് തേജ് ബഹാദൂർ യാദവ് എന്ന ബി.എസ്.എഫ് ജവാൻ പുറത്തുവിട്ട വീഡിയോ ഇന്ത്യൻ സൈന്യത്തിലെ കള്ളക്കളികൾ കൂടിയാണ് പുറത്തുകൊണ്ടുവരുന്നത്. സൈനികർക്ക് അനുവദിച്ചിട്ടുള്ള ഭക്ഷ്യവസ്തുക്കളും ഇന്ധനവും സൈന്യത്തിലെ ഉന്നതർ വിപണിയിൽ മറിച്ചുവിൽക്കുന്നുവെന്ന ആരോപണവും ഇതോടൊപ്പം ശക്തമാവുന്നു.

വിപണിവിലയുടെ പാതിവിലയ്ക്കാണ് ഇവ മറിച്ചുവിൽക്കുന്നത്. അതിർത്തിമേഖലയിൽ പോസ്റ്റ് ചെയ്തിട്ടുള്ള സൈനിക ഓഫീസർമാരാണ് ഈ മറിച്ചുവിൽപനയ്ക്ക് കൂട്ടുനിൽക്കുന്നതെന്നും ആരോപണമുയരുന്നു. ബി.എസ്.എഫ് പോസ്റ്റുകൾക്ക് സമീപം താമസിക്കുന്ന ഗ്രാമവാസികളും മറ്റും ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്.

ശ്രീനഗർ വിമാനത്താവളത്തിന് അടുത്തുള്ള ഹംഹമ ബിഎസ്എഫ് ആസ്ഥാനത്തിന് അടുത്തുള്ള കച്ചവടക്കാരാണ് സൈനികർക്കുള്ള വസ്തുക്കൾ ഓഫീസർമാരിൽനിന്ന് സ്വീകരിച്ച് ലാഭമുണ്ടാക്കു്‌നത്. പെട്രോളും ഡീസലും മണ്ണെണ്ണയും ഭക്ഷ്യവസ്തുക്കളും ഇവർക്ക് മറിച്ചുവിൽക്കപ്പെടുന്നു. പരിപ്പും പച്ചക്കറികളും പാതിവിലയ്ക്ക് കച്ചവടക്കാർക്ക് കിട്ടും. ദൈനംദിന ആവശ്യങ്ങൾക്കുള്ള വസ്തുക്കൾ പോലും സൈനികർക്ക് നിഷേധിക്കുന്ന ഓഫീസർമാർ അത് മറിച്ചുവിൽക്കുകയാണെന്ന് സൈനികർ തന്നെ രഹസ്യമായി സമ്മതിക്കുന്നു.

പെട്രോളും ഡീസലും ഭക്ഷ്യവസ്തുക്കളും പാതിവിലയ്ക്ക് ലഭിക്കുന്നുണ്ടെന്ന് ഹംഹമ ക്യാമ്പിന് സമീപത്തുള്ള കച്ചവടക്കാരും പറയുന്നു. ഓഫീസുകളിലേക്ക് വാങ്ങുന്ന ഫർണീച്ചറുകൾക്കും മറ്റും കമ്മീഷൻ അടിച്ചുമാറ്റലാണ് ഓഫീസർമാരുടെ മറ്റൊരു അഴിമതി. ടെണ്ടർ വിളിയൊന്നുമില്ലാതെ നേരിട്ട് വാങ്ങുകയാണ് രീതി. ഫർണീച്ചർ അൽപം മോശമായാലും കമ്മീഷൻ കുറയരുതെന്നതാണ് ഓഫീസർമാരുടെ നിഷ്‌കർഷയെന്ന് കച്ചവടക്കാരിലൊരാൾ പറയുന്നു. 

എന്നാൽ, ബിഎസ്എഫ് ജവാൻ തേജ് ബഹാദൂറിന്റെ ആരോപണങ്ങൾ വാസ്തവത്തിന് നിരക്കുന്നതല്ലെന്ന് സിആർപിഎഫ് സൈനികർ പറയുന്നു. നിലവാരമുള്ള ഭക്ഷണം സമയാസമയം ലഭിക്കുന്നുണ്ടെന്ന് ശ്രീഗറിൽ ജോലി ചെയ്യുന്ന സിആർപിഎഫ് സൈനികൻ പറഞ്ഞു. താമസ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. സിആർപിഎഫിൽ ക്രമവിരുദ്ധമായി യാതൊന്നും നടക്കില്ലെന്നും എല്ലാത്തിനും വ്യക്തമായ ചട്ടങ്ങളുണ്ടെന്നും ശ്രീനഗർ ഐജി രവിദീപ് സിങ് സഹി വ്യക്തമാക്കി.