കോഴിക്കോട്: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ബി എസ് എഫ് ജവാൻ സഹപ്രവർത്തകന്റെ വെടിയേറ്റു മരിച്ച സംഭവത്തിൽ അന്വേഷണം ഊർജിതം. പയ്യോളി ഇരിങ്ങൽ കോട്ടയ്ക്കൽ ഇസ്‌ലാമിക് അക്കാദമി സ്‌കൂളിലെ ക്യാമ്പിലെ താമസസ്ഥലത്ത് വച്ചുണ്ടായ വെടിവെപ്പിൽ ബി എസ് എഫ് ക്യാമ്പ് ഇൻസ്‌പെക്ടർ രാജസ്ഥാൻ സ്വദേശി രാംഗോപാൽ മീണ(45)യാണ് മരിച്ചത്. വ്യാഴാഴ്‌ച്ച രാത്രി 11 മണിയോടെ, വാക്ക് തർക്കത്തിനിടെയാണ് സഹപ്രവർത്തകൻ വെടിയുതിർത്തത്. അവധി അനുവദിക്കുന്നത് സംബന്ധിച്ച തർക്കമാണ് വെടിവെപ്പിൽ കലാശിച്ചതെന്നാണ് വിവരം.

യു പി സ്വദേശിയായ ഹെഡ്‌കോൺസ്റ്റബിൾ ഉമേഷ്പാൽ സിംഗാണ് വെടിവച്ചതെന്നു പൊലീസ് പറഞ്ഞു. നാല് തവണ വെടിയൊച്ച കേട്ടതായി നാട്ടുകാർ വ്യക്തമാക്കി. തലക്കും കാലിനും വെടിയേറ്റ ജവാനെ സഹപ്രവർത്തകരും നാട്ടുകാരും ഉടൻ വടകര സഹകരണാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കണ്ണൂരിൽ നിന്നുള്ള ബി എസ് എഫ് ഉന്നതസംഘം രാത്രി തന്നെ സ്ഥലത്തെത്തി. റൂറൽ എസ് പി പ്രതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസും രംഗത്തെത്തിയിരുന്നു. രാത്രി ക്യാമ്പിൽ നിന്ന് വെടിയൊച്ച കേട്ട നാട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്. ഉടൻ പൊലീസ് സ്ഥലത്തെത്തി ക്യാമ്പു വളഞ്ഞു. ശേഷം പരുക്കേറ്റ രാംഗോപാൽ മീണയെ വടകര സഹകരണ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തലയുടെ പിൻഭാഗത്തും പുറത്തും കാലിന്റെ തുടയുടെ ഭാഗത്തുമായി ആറു റൗണ്ട് വെടിയേറ്റിട്ടുണ്ട്. കോഴിക്കോട് റൂറൽ എസ് പിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തെത്തി. പയ്യോളി പൊലീസ് ഇൻക്വസ്റ്റ് ചെയ്ത മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി.

സംഭവത്തിൽ വടകര ഡി വൈ എസ് പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തിൽ പയ്യോളി, വടകര സി ഐമാർ അടങ്ങിയ പ്രത്യേക സംഘം അന്വേഷണം തുടങ്ങി. അന്വേഷണം ഊർജിതമാണെന്നും രാംഗോപാൽ മീണയെ വെടിവച്ച ശേഷം, യു പിക്കാരനായ സഹപ്രവർത്തകൻ ക്യാമ്പിൽ നിന്ന് രക്ഷപ്പെട്ടിരിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

വെടിവച്ച ശേഷം ഒരാൾ പൊക്കത്തിലുള്ള മതിൽ ചാടികടന്നാണ് ഉമേഷ് പാൽ യാദവ് രക്ഷപ്പെട്ടത്. ഇയാളുടെ കൈവശമുണ്ടായിരുന്ന തോക്കും പൗച്ചും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ചാടിക്കടന്ന മതിലിലായിരുന്നു തോക്ക്. കോട്ടക്കൽ ഇംഗ്ലീഷ് ഹയർസെക്കൻഡറി സ്‌കൂളിന്റെ തെക്ക് കിഴക്കെ മൂലയിലെ മതിലിന്റെ പുറത്തായാണ് പൗച്ച് കണ്ടെത്തിയത്. പൗച്ച് കണ്ടെത്തിയ മതിലിനു സമീപം ഇയാൾ ഓടിയ കാൽപ്പാടുകൾ പൂഴിയിൽ പതിഞ്ഞിട്ടുണ്ട്. ഇയാളുടെ യൂനിഫോം സ്‌കൂൾ പരിസരത്ത് നിന്നു ലഭിച്ചു. പ്രതിയെ ഉടൻ പിടികൂടാനാവുമെന്നാണ് പൊലീസ് നിഗമനം. രണ്ടു സംഘങ്ങളായി തിരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഡോഗ് സ്‌ക്വാഡും ഫോറൻസിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി. അതിനിടെ, 60 റൗണ്ട് വെടിയുതിർക്കാനുള്ള തിരകളും തോക്കുമായാണ് പ്രതി രക്ഷപ്പെട്ടതെന്ന അഭ്യൂഹം ഏറെ പരിഭ്രാന്തി ഉയർത്തിയെങ്കിലും തോക്കും പൗച്ചും കണ്ടെത്തിയതോടെ ഇതൊഴിവായി.

പ്രതി കോട്ടക്കലിൽ നിന്ന് ദേശീയപാതയിൽ മൂരാടെത്തിയ ശേഷം ലോറിയിൽ കയറിപ്പോയതാവുമെന്നാണ് കൊയിലാണ്ടി പൊലീസിന്റെ നിഗമനം. സംഭവം നടന്നയുടൻ പ്രതി രക്ഷപ്പെട്ടതായുള്ള വിവരം സമീപത്തെ പൊലീസ് സ്റ്റേഷനുകളിലേക്ക് കൈമാറിയിരുന്നു. ഇതു പ്രകാരം കൊയിലാണ്ടി സിഐ ആർ. ഹരിദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വെള്ളറക്കാട്, കൊയിലാണ്ടി തുടങ്ങിയ റെയിൽവേ സ്റ്റേഷനുകളിൽ തെരച്ചിൽ നടത്തിയിരുന്നു. ഇതിനിടെ പ്രതി ധരിച്ചിരുന്ന പാന്റ്‌സ് ഒരു വീട്ടിൽ ഊരിവച്ച് അവിടെ നിന്നും ലുങ്കി ധരിച്ചാണ് ഇയാൽ പോയതെന്ന് വിവരം ലഭിച്ചു.

ഇതിന്റെ അടിസ്ഥാനത്തിൽ വടകരയ്ക്കടുത്ത കരിമ്പനപാലത്ത് പൊലീസ് പരിശോധന നടത്തി. പ്രദേശത്തെ ഓട്ടോ ഡ്രൈവർമാരെ പ്രതിയുടെ ഫോട്ടോ കാണിച്ചു. പൊലീസ് നിഗമനം ശരിവയ്ക്കുന്ന വിവരങ്ങൾ ഓട്ടോ ഡ്രൈവർമാർ നല്കിയതായും സൂചനയുണ്ട്. മൊബൈൽ ടവർ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിൽ ഇയാൾ കർണാടത്തിലേക്ക് കടന്നതായാണ് കരുതുന്നത്.