പൈലറ്റിന്റെ മനസാന്നിധ്യം കൊണ്ട് ഇന്നലെ ആകാശത്ത് ഒഴിവായത് വൻ ദുരന്തം. ബിഎസ്എഫ് ഫ്ളൈറ്റും ഇൻഡിഗോ വിമാനവും ആകാശത്ത് നേർക്ക് നേർ എത്തിയതാണ് വൻ ദുരന്തത്തിന് വഴി ഒരുക്കിയത്. എന്നാൽ പൈലറ്റ് തക്ക സമയത്ത് ഉണർന്ന് പ്രവർത്തിച്ചതോടെ വൻ ദുരന്തം ഒഴിവായി. ഹോം സെക്രട്ടറി രാജിവ് മെഹർഷിയുമായി പോയ ബിഎസ്എഫിന്റെ വിമാനമാണ് അപകടത്തിൽ പെട്ടത്.

ബിഎസ്എഫ് ഫ്ളൈറ്റും ഇൻഡിഗോ വിമാനവുമാണ് അപകടത്തിൽപ്പെട്ടത്. രാജിവ് മെഹർഷിയുമായി ബിഎസ്എഫ് വിമാനം വെള്ളിയാഴ്ച ശ്രീനഗറിൽ നിന്നും ഡൽഹിയിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. രണ്ട് വിമാനങ്ങളും തൊട്ടടുത്തെത്തുമ്പോഴാണ് അപകടത്തിലാണെന്ന വിവരം അറിയുന്നത്. എന്നാൽ തക്ക സമയത്തുള്ള പൈലറ്റിന്റെ മനസാന്നിധ്യമാണ് വൻ അപകടത്തിൽ നിന്നും രക്ഷപ്പെടാൻ കാരണമായത്.

ഔദ്യോഗിക സന്ദർശനത്തിനായി ശ്രീനഗറിലേക്ക് പോയ രാജിവ് മെഹർഷി രാവിലെ 11.30 ഓടെയാണ് ബിഎസ്എഫ് ഫ്ളൈറ്റിലേക്ക് കയറിയത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് ബിഎസ്എഫ് ഫ്ളൈറ്റ് ഇൻഡിഗോ ഫ്ളൈറ്റുമായി കൂട്ടിയിടിയുടെ വക്കിലാണെന്ന് മനസ്സിലായത്. എന്നാൽ അപകടം തൊട്ടടുത്ത നിമിഷത്തിൽ തന്നെ തിരിച്ചറിഞ്ഞ പൈലറ്റ് വിമാനത്തിന്റെ ഗതി മാറ്റുകയായിരുന്നു.

രണ്ട് ഫ്ളൈറ്റുകളും തമ്മിൽ ഏതാണ്ട് 500 മീറ്ററിന്റെ അകലം മാത്രമാണ് ഉണ്ടായിരുന്നത്. സംഭവത്തെ തുടർന്ന് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽക്ക് പരാതി നൽകിയിട്ടുണ്ട്. രണ്ട് ഫ്ളൈറ്റുകളും ഒരേ ലൈനിൽ വന്നത് എന്താണെന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എയർ ട്രാഫിക് കൺട്രോളാണ് റൂട്ട് മാനേജ് ചെയ്യുന്നത്.