തിരുവനന്തപുരം: ബിഎസ്എൻഎലിന്റെ രാത്രികാല സൗജന്യ വിളിയുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ ഉപയോക്താക്കൾക്ക് ആശ്വാസവുമായി ബിഎസ്എൻഎൽ. രാത്രികാല സൗജന്യ വിളി എല്ലാ കോംബോ ബ്രോഡ്ബാൻഡ് പ്ലാനുകൾക്കും ലഭ്യമാക്കാനാണ് ബിഎസ്എൻഎലിന്റെ തീരുമാനം. ജൂൺ ഒന്നുമുതൽ ഈ ആനുകൂല്യം പ്രാബല്യത്തിൽ വരും.

സൗജന്യ വിളി പ്രഖ്യാപിച്ചതിനു പിന്നാലെ ബ്രോഡ്ബാൻഡ് കോംബോ ശ്രേണിയിലെ ചില പ്ലാനുകൾക്ക് രാത്രികാല സൗജന്യം അനുവദിച്ചിട്ടില്ല എന്ന് ബിഎസ്എൻഎൽ അറിയിച്ചിരുന്നു. ഇതെത്തുടർന്ന് വ്യാപക പ്രതിഷേധമാണ് ഉയർന്നുവന്നത്.

ഉപയോക്താക്കൾ കടുത്ത പ്രതിഷേധമുയർത്തിയതോടെയാണ് ആനുകൂല്യം എല്ലാവർക്കുമായി വർധിപ്പിക്കാൻ ബിഎസ്എൻഎൽ തീരുമാനിച്ചത്. നേരത്തെ ഉപയോഗത്തിൽ ഇരുന്നതും എന്നാൽ, പിന്നീട് പിൻവലിച്ചതുമായ ചില ബ്രോഡ്ബാൻഡ് കോംബോ പ്ലാനുകൾക്ക് മാത്രമാണ് ബിഎസ്എൻഎൽ രാത്രികാല സൗജന്യം ഏർപ്പെടുത്താതിരുന്നത്. എന്നാൽ, ഈ പ്ലാനുകൾ ഇപ്പോഴും ഉപയോക്താക്കളിൽ പലരും തുടരുന്നുണ്ട്. ഈ സാഹചര്യം കണക്കിലെടുത്താണ് ആനുകൂല്യം എല്ലാ പ്ലാനിലേക്കും വ്യാപിപ്പിക്കാൻ തീരുമാനിച്ചതെന്നും ടെലികോം വെബ്‌സൈറ്റിൽ വ്യക്തമാക്കുന്നുണ്ട്.

ഇതനുസരിച്ച് ബിഎസ്എൻഎൽ ലാൻഡ് ഫോണിൽ നിന്ന് രാത്രി ഒമ്പതു മുതൽ രാവിലെ ഏഴുവരെയുള്ള വിളികൾക്ക് കോൾ നിരക്ക് ഈടാക്കില്ല. ലാൻഡ് ഫോണിൽ നിന്ന് ഇന്ത്യയൊട്ടാകെ എല്ലാ ഫോണിലേക്കും ഈ സമയം സൗജന്യമായി വിളിക്കാം. മറ്റ് നെറ്റ്‌വർക്ക് ദാതാക്കളുടെ ഫോണിലേക്കും സൗജന്യമായി വിളിക്കാമെന്നും ആനുകൂല്യം പ്രഖ്യാപിച്ച് ബിഎസ്എൻഎൽ വ്യക്തമാക്കിയിരുന്നു. രാജ്യത്തെ എല്ലാ ടെലികോം സർക്കിളിലും ആനുകൂല്യം ജൂൺ ഒന്നു മുതൽ പ്രാബല്യത്തിൽ വരും.

ബിഎസ്എൻഎൽ രാത്രി ഫ്രീ കോൾ നൽകുന്നത് സംബന്ധിച്ച് വലിയ പ്രചരണം നടന്നിരുന്നതിനാൽ പലരും മണിക്കൂറുകളോളം മെയ് ഒന്നുമുതൽ നിലവിൽ വന്ന ഈ ഓഫർ ഉപയോഗിക്കാനും തുടങ്ങിയിരുന്നു. അതിനുശേഷമാണ് ചില പ്ലാനുകൾക്ക് ഈ സൗകര്യം ലഭ്യമല്ല എന്ന് ബിഎസ്എൻഎൽ അറിയിച്ചത്. ഇത് വൻ ബില്ല് വരാനുള്ള സാധ്യതയാണ് ഉണ്ടാക്കുമെന്ന ഭീതിയെത്തുടർന്നാണ് ഉപയോക്താക്കൾ പ്രതിഷേധമുയർത്തിയത്.

ബ്രോഡ്ബാൻഡ് കോംബോ പ്ലാനുകൾ ഉപയോഗിക്കുന്നവർക്ക് സൗജന്യ ഓഫർ ബാധകമല്ല എന്നു ബിഎസ്എൻഎൽ എസ്എംഎസിലൂടെയാണ് ഉപയോക്താക്കളെ അറിയിച്ചത്. ബിബിജി കോംബോ 345,650,1111,4500 ബിബിജി കോംബോ യുഎൽ 9450, യുഎൽഡി 9450, യുഎൽഡി 1050 തുടങ്ങിയ പ്ലാനുകൾക്കാണ് ഓഫർ നേരത്തെ ലഭ്യമല്ലാതിരുന്നത്. ഇവയ്‌ക്കെല്ലാം ജൂൺ ഒന്നു മുതൽ സൗജന്യ വിളിയുടെ ആനുകൂല്യം നൽകാനാണ് ബിഎസ്എൻഎലിന്റെ തീരുമാനം.