ന്യൂഡൽഹി: പൊതുമേഖലാ ടെലികോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബി.എസ്.എൻ.എൽ)ഇന്നു മുതൽ രാജ്യവ്യാപകമായി സൗജന്യ റോമിങ് നടപ്പാക്കി തുടങ്ങി.

റോമിംഗിലുള്ള ബി.എസ്.എൻ.എൽ മൊബൈൽ ഉപഭോക്താക്കൾക്ക് ഇൻകമിങ് കോളുകൾക്ക് കാശ് പോകില്ല. മറ്റു സംസ്ഥാനങ്ങളിൽ പൊകുന്ന ബി.എസ്.എൻ.എൽ ഉപഭോക്താക്കൾക്ക് എത്ര സമയം വേണമെങ്കിലും ഇൻകമിങ് കോളിൽ സംസാരിക്കാം. ഇന്ത്യയിലുടനീളം ഒരേ മൊബൈൽ നമ്പർ ഉപയോഗിക്കാൻ ഉപഭോക്താക്കൾക്ക് സൗകര്യം നൽകുന്ന പരിശ്രമങ്ങളുടെ ആദ്യ പടിയെന്നാണ് ബി.എസ്.എൻ.എൽ ഈ ആനുകൂല്യത്തെ വിശേഷിപ്പിക്കുന്നത്.

ബി.എസ്.എൻ.എൽ) സിം ഉപേക്ഷിച്ച്, മറ്റു കമ്പനികളുടെ കൂടാരത്തിൽ ചേക്കേറിയ ഉപഭോക്താക്കളെ തിരിച്ചു പിടിക്കുകയാണ് ഇത്തരത്തിൽ ആനുകൂല്യങ്ങൾ നൽകുന്നതിലൂടെ ബി.എസ്.എൻ.എൽ പ്രധാനമായും ലക്ഷ്യമിടുന്നത്. ഇതുവഴി ലാഭത്തിന്റെ പുതു ചരിത്രം രചിക്കാമെന്നും കമ്പനി പ്രതീക്ഷിക്കുന്നു. നിലവിൽ, 7.72 കോടി മൊബൈൽ ഉപഭോക്താക്കളാണ് ബി.എസ്.എൻ.എലിന് രാജ്യത്തുള്ളത്. ലാൻഡ് ഫോൺ ഉപഭോക്താക്കളെ തിരിച്ചു പിടിക്കാനായി രാത്രി ഒമ്പത് മുതൽ പുലർച്ചെ ഏഴ് വരെ ഏത് നമ്പറിലേക്കും 'അൺലിമിറ്റഡ്' സൗജന്യ കോളിങ് ബി.എസ്.എൻ.എൽ അനുവദിച്ചിട്ടുണ്ട്.

രാജ്യത്ത് റോമിങ് സൗജന്യമാക്കുമെന്ന് കഴിഞ്ഞ സർക്കാർ കാലത്ത് തന്നെ പ്രഖ്യാപിച്ചിരുന്നെങ്കിലും സ്വകാര്യ ഓപ്പറേറ്റർമാരുടെ എതിർപ്പിനെ തുടർന്ന് നടപ്പാക്കാനായിരുന്നില്ല. ട്രായ് നിർദ്ദേശ പ്രകാരം കഴിഞ്ഞമാസം ബി.എസ്.എൻ.എല്ലിന് പുറമേ എയർടെൽ, വോഡഫോൺ, ഐഡിയ തുടങ്ങിയ കമ്പനികൾ റോമിങ് നിരക്ക് 20 മുതൽ 40 ശതമാനം വരെ കുറച്ചിരുന്നു. റോമിങ് ചാർജ്ജ് മിനിമം തുകയിലേക്ക് കുറയ്ക്കാൻ ഈ മാസമാദ്യം വൊഡാഫോണും റിലയൻസും തീരുമാനിച്ചിരുന്നു.കഴിഞ്ഞ മാസം ബിഎസ്എൽഎൽ റോമിങ് നിരക്ക് 40 ശതമാനം വെട്ടിക്കുറച്ചിരുന്നു.

നിലവിൽ 150 കോടി രൂപയാണ് റോമിങ് നിരക്കുകളിലൂടെ ബി.എസ്.എൻ.എല്ലിന് ലഭിക്കുന്നതെന്ന് ബി.എസ്.എൻ.എൽ ചെയർമാൻ അനുപം ശ്രീവാസ്തവ പറഞ്ഞു. സൗജന്യ റോമിങ് നടപ്പാക്കുന്നത് ഇത് നഷ്ടപ്പെടുത്തുമെങ്കിലും പുതിയ ഉപഭോക്താക്കളെ ആകർഷിക്കാൻ കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യവ്യാപകമായി നമ്പർ പോർട്ടബിളിറ്റി സംവിധാനം കൂടി വരുന്നതോടെ കൂടുതൽ ഉപഭോക്താക്കളുടെ എണ്ണം കൂടുമെന്ന് ബി.എസ്.എൻ.എൽ കരുതുന്നത്.

2011 ജനുവരിൽ മൊബൈൽ നമ്പർ പോർട്ടബിളിറ്റി സംവിധാനം നിലവിൽ വന്നത് മുതൽ ഇതുവരെ 150 ദശലക്ഷം ഉപഭോക്താക്കൾ ഇത് ഉപയോഗപ്പെടുത്തിയെന്നാണ് ട്രായയുടെ കണക്കുകൾ പറയുന്നത്. കഴിഞ്ഞവർഷം മാത്രം 47 ലക്ഷം പുതിയ ഉപഭോക്താക്കളാണ് ബി.എസ്.എൻ.എല്ലിന് ലഭിച്ചത്. ഇത് ഇനിയും ഉർത്തുകയാണ് ലക്ഷ്യം.