കൊല്ലം: രാജ്യത്തെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് നെറ്റ്‌വർക്കുകളിൽ വൈറസ് ആക്രമണം. ഉപയോക്താക്കളുടെ മോഡത്തിലാണു വൈറസ് ആക്രമണം കണ്ടെത്തിയതെന്നു ബിഎസ്എൻഎൽ വൃത്തങ്ങൾ പറയുന്നു. ഇതേ തുടർന്നു ബ്രോഡ്ബാൻഡ് ഉപയോക്താക്കളോടു പാസ്വേർഡ് പുനഃക്രമീകരിക്കാൻ ബിഎസ്എൻഎൽ ആവശ്യപ്പെട്ടു. ഈ ആഴ്ച ആദ്യമാണു കുഴപ്പങ്ങൾ കണ്ടെത്തിയതെന്നാണ് ഔദ്യോഗിക വിശദീകരണം.അതേ സമയം ബിഎസ്എൻഎല്ലിന്റെ പ്രധാന നെറ്റ്‌വർക്കുകളിലോ സെർവറുകളിലോ പ്രശ്‌നങ്ങൾ ഒന്നുമില്ലെന്നും അധികൃതർ അറിയിച്ചു

പാസ്‌വേർഡ് പുതുക്കാതെ ഉപയോഗിക്കുന്ന മോഡങ്ങളിലാണു പ്രധാനമായും വൈറസ് ബാധ കണ്ടെത്തിയതെന്നു ബിഎസ്എൻഎൽ പറയുന്നു. മോഡം വാങ്ങുമ്പോൾ തന്നെയുള്ള പാസ്വേർഡ് ആയ 'അഡ്‌മിൻ' മാറ്റാത്ത ഉപയോക്താക്കൾ ഒട്ടേറെയുണ്ടെന്നും ഇവർക്കാണു പ്രശ്‌നങ്ങൾ കണ്ടെത്തിയതെന്നുമാണു വിശദീകരണം. എല്ലാ ഉപയോക്താക്കളും മോഡം റീസെറ്റ് ചെയ്തു പാസ്വേർഡ് മാറ്റണമെന്നാണു ബിഎസ്എൻഎല്ലിന്റെ നിർദ്ദേശം.