ന്യൂഡൽഹി: കൊഴിഞ്ഞു പോകുന്ന ഉപയോക്താക്കളെ പിടിച്ചു നിർത്താൻ അടുത്തിടെ ബിഎസ്എൻഎൽ നിരവധി പദ്ധതികളാണ് അവതരിപ്പിച്ചത്. ഇപ്പോഴിതാ പുതിയൊരു പദ്ധതി ഉപയോക്താക്കൾക്കായി അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് ബിഎസ്എൻഎൽ.

ലാൻഡ് ഫോൺ - മൊബൈൽ ഫോൺ കണക്ഷനുകൾ തമ്മിൽ സംയോജിപ്പിക്കാനുള്ള പദ്ധതിയാണ് ബിഎസ്എൻഎൽ ഒരുക്കുന്നത്. പദ്ധതിയുടെ ഭാഗമായി ബിഎസ്എൻഎൽ മൊബൈൽ കണക്ഷനുള്ളവർക്ക് വീട്ടിലെ ലാൻഡ് ഫോണിലുള്ള കോൾ നിരക്ക് ഓഫറുകൾ ലഭ്യമാകും. ദീപാവലി സമയത്ത് പുതിയ പദ്ധതികൾ പ്രാബല്യത്തിൽ വരും.

അടുത്തിടെ, പരാതികൾക്ക് ഇടനൽകാതെ ബിഎസ്എൻഎൽ അവതരിപ്പിച്ച പദ്ധതിയാണ് രാത്രിയിലെ സൗജന്യ കോൾ എന്ന ആനുകൂല്യം. ഇൗ സൗകര്യവും ഉപയോക്താക്കൾക്കു പുതിയ പദ്ധതിയിലൂടെ മൊബൈൽ ഫോണിലൂടെ ലഭ്യമാകും.

സംയോജന പദ്ധതി നടപ്പാക്കിയാൽ മൊബൈൽ ലാൻഡ് ലൈൻ അക്കൗണ്ടുകൾ തമ്മിൽ ബന്ധിപ്പിക്കാനും സാധിക്കുമെന്ന് ബിഎസ്എൻഎൽ ചെയർമാനും എംഡിയുമായ അനുപം ശ്രീവാസ്തവ പിടിഐയോട് പറഞ്ഞു. ബിഎസ്എൻഎൽ ലാൻഡ്‌ഫോണുകളിൽ വരുന്ന കോളുകൾ മൊബൈൽ ഫോണിൽ ലഭിക്കുന്നതിനുള്ള സംവിധാനവും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. നിലവിലുള്ള ലാൻഡ്‌ലൈനുകൾ പരിഷ്‌ക്കരിക്കുന്നതിനായി 400 കോടി രൂപ മുതൽമുടക്കിൽ പദ്ധതികൾ നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏപ്രിലിൽ പുറത്തു വന്ന കണക്ക് പ്രകാരം ആകെ ഉപയോക്താക്കളുടെ എണ്ണത്തിൽ ബിഎസ്എൻഎൽ ആറാം സ്ഥാനത്താണ്. ഓഗസ്റ്റ് മാസത്തിന്റെ അവസാനത്തിൽ ബിഎസ്എൻഎല്ലിന് 7.8 കോടി ഉപയോക്താക്കളാണുണ്ടായിരുന്നത്.

ലാൻഡ് ലൈനിൽനിന്നും രാജ്യത്തുള്ള ഏത് ഫോണിലേക്കും കോൾ സൗജന്യമാക്കിയിട്ടും ഉപയോക്താക്കളുടെ എണ്ണം കുറയുന്നത് പിടിച്ചുനിർത്താൻ കമ്പനിക്ക് ആയിരുന്നില്ല. ഇതിനെ തുടർന്നാണ് മൊബൈലിലും പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്.

അതേസമയം ഓഫ്‌ലൈനായി ഫോൺ ബിൽ അടയ്ക്കുന്ന ഉപയോക്താക്കൾക്ക് സഹായകരമാകുന്ന തരത്തിൽ മെഷീൻ സ്ഥാപിക്കാൻ ബിഎസ്എൻഎൽ തയ്യാറെടുക്കുന്നുണ്ട്. എടിഎം മെഷീൻ നിർമ്മാതാക്കളായ ഹിറ്റാച്ചിയുമായി സഹകരിച്ചാണ് ബിഎസ്എൻഎൽ ഓഫീസ് പരിസരത്ത് എടിഎം മെഷീൻ സ്ഥാപിക്കുന്നത്. ഇതിൽ പണം അടയ്ക്കുന്നതിനുള്ള സൗകര്യമുണ്ടാകും.