ന്യൂഡൽഹി: ഉപഭോക്താക്കളെ കൂടെ നിർത്താൻ സ്വകാര്യ മൊബൈൽ കമ്പനികൾ സൗജന്യ ഓഫറുകളുമായി രംഗത്തെത്തുമ്പോൾ കയ്യുംകെട്ടി നോക്കിയിരിക്കുകയായിരുന്നു ബിഎസ്എൻഎൽ. ഇത് സ്വകാര്യ കമ്പനികളെ സഹായിക്കാനാണെന്ന ആക്ഷേപം ശക്തമായിരുന്നു. ഇങ്ങനെ ആക്ഷേപങ്ങൾക്ക് നടുവിലും നഷ്ടപ്രതാപം വീണ്ടെടുക്കാൻ ബിഎസ്എൻഎൽ രംഗത്തെത്തി. പുതിയ സൗജന്യ സേവനങ്ങൾ ഏർപ്പെടുത്തിക്കൊണ്ടാണ് ബിഎസ്എൻഎൽ രംഗത്തെത്തിയത്. രാത്രി ഒമ്പത് മുതൽ രാവിലെ ഏഴ് വരെ ബി എസ് എൻ എൽ ഉപയോഗിക്കുന്നവർക്ക് സൗജന്യമായി കോൾ വിളിക്കാമെന്ന ഓഫറാണ് ഇതിൽ പ്രധാനം.

ബി എസ് എൻ എല്ലലിന്റെ ലാൻഡ് ഫോണുകളിലാവും സൗജന്യ കോൾ സേവനം ആദ്യം ലഭ്യമാവുക. പുതിയ ഓഫറുകൾ അനുസരിച്ച് കമ്പനിയുടെ കണക്ഷൻ ഉള്ള ആരെയും രാത്രി സമയങ്ങളിൽ സൗജന്യമായി വിളിക്കാമത്രെ. 540 രൂപയുടെ പ്ലാൻ സ്വീകരിക്കുന്നവർക്ക് ദിവസം മുഴുവൻ സൗജന്യ കോൾ എന്ന സൗകര്യവും ബി എസ് എൻ എൽ ഉടൻ അവതരിപ്പിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

ലാൻഡ്‌ലൈൻ ഫോണുകളും മൊബൈലുകളും ഉൾപ്പെടെ 91 ലക്ഷം കണക്ഷനുകളാണ് കേരളത്തിൽ മാത്രം ബി എസ് എൻ എല്ലലിന് ഉള്ളത്. ലാൻഡ്‌ലൈൻ ഫോൺ വഴിയുള്ള ഇന്റർനെറ്റ് സൗകര്യം ഇതിന്റെ സ്വീകാര്യത വർദ്ധിപ്പിക്കുന്നുണ്ട്. അതേസമയം ഓഫറുകൾക്കൊപ്പം ഫോൺവാടകയും ബിഎസ്എൻഎൽ വർധിപ്പിച്ചിട്ടുണ്ട്. ഗ്രാമീണമേഖലയിൽ 120 രൂപ മാസവാടകയിൽ 20 രൂപ വർധിപ്പിച്ച് 140 രൂപയാക്കി മാറ്റിയിട്ടുണ്ട്. നഗരമേഖലയിൽ 195 രൂപ എന്ന മാസവാടക 220 രൂപയാകും. എന്നാൽ ഫ്രീകോളുകൾ നിലനിർത്തിയിട്ടുണ്ട്.