ലക്‌നൗ: യുപിയിൽ ബിജെപിയെ തോൽപ്പിക്കാൻ കൈകോർക്കുകയാണ് മായവതിയും അഖിലേഷ് യാദവും. ബിജെപിയെ തറപറ്റിക്കണമെങ്കിൽ വോട്ടുകൾ ഭിന്നിക്കുന്നത് തടയണമെന്ന് എസ് പിയും ബിഎസ്‌പിയും തിരിച്ചറിയുന്നു. അങ്ങനെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ശേഷിക്കെ ഉത്തർ പ്രദേശിൽ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ ഉരുത്തിരിയുകയാണ്. ഗൊരഖ്പുർ, ഫുൽപുർ മണ്ഡലങ്ങളിലേയ്ക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപിയെ നേരിടുന്നതിനായാണ് മായാവതിയുടെ ബിഎസ്‌പി, സമാജ്വാദി പാർട്ടിയെ പിന്തുണയ്ക്കുന്നത്.

യുപിയിലെ ഏറ്റവും വലിയ രാഷ്ട്രീയ ശത്രുക്കളായിരുന്നു മായാവതിയും മുലായം സിംഗും. ഈ രണ്ട് സോഷ്യലിസ്റ്റുകളും ഒരുമിച്ചാൽ യുപിയിൽ മറ്റാർക്കും നേട്ടമുണ്ടാക്കാനാകില്ല. എന്നാൽ മയാവതിയും മുലായവും ആരാണ് തമ്മിൽ വലുതെന്ന ചോദ്യവുമായി രണ്ട് വഴിക്കായി. ഈ സാഹചര്യം ഉപയോഗിച്ചാണ് ബിജെപി യുപി പിടിച്ചെടുത്തത്. ന്യൂനപക്ഷ മതവിഭാഗങ്ങളിൽ മുലായത്തിനും മായവതിക്കും പിന്തുണയുണ്ട്. ഈ വോട്ടുകൾ ഭിന്നിക്കുമ്പോൾ ഭൂരിപക്ഷ സമുദായത്തിന്റെ കരുത്തിൽ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയുമായി. ഇതിന് തടയിടാനാണ് മായവതിയും മുലായത്തിന്റെ മകൻ അഖിലേഷും ശ്രമിക്കുന്നത്.

യോഗി ആദിത്യനാഥ് മുഖ്യമന്ത്രി സ്ഥാനവും കേശവ് പ്രസാദ് മൗര്യ ഉപമുഖ്യമന്ത്രി സ്ഥാനവും ഏറ്റെടുത്തതോടെയാണ് ഈ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. മാർച്ച് 11നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. ആദിത്യനാഥ് കഴിഞ്ഞ അഞ്ചു വട്ടവും വിജയിച്ച ഗൊരക്പുരിൽ എസ്‌പിയുടെ സ്ഥാനാർത്ഥി പ്രവീൺകുമാർ നിഷാദ് ആണ്. ഫിൽപുരിൽ എസ്‌പി സ്ഥാനാർത്ഥി നാഗേന്ദ്ര സിങ് പട്ടേലാണ്. എന്നാൽ, ഇതുവരെ ആരുമായും സഖ്യത്തിൽ ഏർപ്പെട്ടിട്ടില്ലെന്ന് ബിഎസ്‌പി അധ്യക്ഷ മായാവതി വിശദീകരിച്ചു. ഇങ്ങനെ പറയുമ്പോഴും രണ്ടിടത്തും ബിഎസ്‌പി സ്ഥാനാർത്ഥിയെ നിർത്തില്ലെന്ന് വ്യക്തമാണ്.

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എസ്‌പിയുമായി സഖ്യമുണ്ടാക്കുന്നു എന്ന വാർത്തകളുടെ പശ്ചാത്തലത്തിലാണ് മായാവതി നിലപാട് വ്യക്തമാക്കിയത്. 2019 ലോക്സഭാ തിരഞ്ഞെടുപ്പു മുൻനിർത്തി ബിഎസ്‌പിയും എസ്‌പിയും സഖ്യം രൂപീകരിക്കുമെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അവർ പറഞ്ഞു. അതേസമയം ഗൊരഖ്പുരിലും ഫൂൽപുരിലും ബിഎസ്‌പി സ്ഥാനാർത്ഥിയെ നിർത്തുന്നില്ലെന്നും അവർ പറഞ്ഞു. ബിജെപി സ്ഥാനാർത്ഥിയെ തോൽപിക്കാനായി ബി.എസ്‌പി പ്രവർത്തകർ വോട്ടു ചെയ്യുമെന്നും മായാവതി വ്യക്തമാക്കി.

2019ൽ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയെ നേരിടുന്നതിനുള്ള മുന്നൊരുക്കമായാണ് പുതിയ രാഷ്ട്രീയ സഹകരണമെന്നാണ് വിലയിരുത്തൽ. ഈ കൂട്ടുകെട്ട് ബിജെപിക്ക് കടുത്ത വെല്ലുവിളിയാണ്. യുപിയിലെ 80 ലോക്‌സഭാ സീറ്റിൽ 72ഉം നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്. അഖിലേഷും മായാവതിയും ഒരുമിച്ചാൽ യുപിയിൽ ബിജെപിക്ക് പ്രതിപക്ഷം കുടത്ത വെല്ലുവിളിയായി മാറും. ഇപ്പോഴത്തെ പരീക്ഷണം വിജയിച്ചാൽ അത് ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കും നീളും. അതിനിടെ മായാവതിയെ രാജ്യസഭയിലെത്തിക്കാൻ എസ് പി പിന്തുണയ്ക്കുമെന്നും സൂചനയുണ്ട്.