തലശേരി: ആഡംബര കാറിടിച്ച് തലശേരിയിലെ ബിടെക് വിദ്യാർത്ഥി ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യ പ്രതിയും കൂട്ടാളിയും അറസ്റ്റിൽ. മുഖ്യ പ്രതി റൂബിൻ ഉൾപ്പെടെ രണ്ട് പേരാണ് അറസ്റ്റിലായത്. കഴിഞ്ഞ ബലിപ്പെരുന്നാൾ തലേന്ന് ബിടെക് വിദ്യാർത്ഥിയായ താഴെ ചമ്പാട് എഴുത്തുപള്ളിയിൽ ആമിനാസിലെ അഫ്ലാഹ് ഫറാസിനെ തലശേരി ജൂബിലി റോഡിൽ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി ഉൾപ്പെടെ രണ്ട് പേരാണ് അറസ്റ്റിലായത്.

കതിരൂർ ഉക്കാസ് മൊട്ടയിലെ ഉമ്മേഴ്‌സിൽ ഉമ്മറിന്റെ മകൻ റൂബിൻ ഉമ്മർ (19), വേറ്റുമ്മലിലെ ജവാദ് (22) എന്നിവരെയാണ് ടൗൺ സിഐ കെ. സനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് റൂബിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതികളുടെ ചോദ്യം ചെയ്യലിൽ നിർണായക വിവരങ്ങൾ പൊലീസിനു ലഭിച്ചു.

താർ ജീപ്പിൽ നഗരത്തിലെത്തിയ താൻ കൗതുകം തോന്നി ട്രയൽ നോക്കാനായിട്ടാണ് അപകടത്തിൽ പെട്ട പജേറോ കാർ ഓടിച്ചതെന്നു പ്രതി പൊലീസിന് മൊഴി നൽകി. തിങ്കളാഴ്‌ച്ച ഉച്ചവരെ ചോദ്യം ചെയ്ത ശേഷം പ്രതിയെ രണ്ട് ആൾ ജാമ്യത്തിലും 50,000 രൂപയുടെ ബോണ്ടിലും സ്റ്റേഷൻ ജാമ്യം അനുവദിച്ചു.

റൂബിനിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജവാദിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അപകടം നടന്നയുടൻ പജേറോ കാറിന്റെ നമ്പർ പ്ലേറ്റ് അഴിച്ചു നീക്കിയത് താനാണെന്ന് ജവാദ് പൊലീസിന് നൽകിയ കുറ്റ സമ്മത മൊഴിയിൽ പറഞ്ഞു. ജവാദിനെതിരെ തെളിവ് നശിപ്പിക്കൽ കുറ്റമാണ് ചുമത്തിയിട്ടുള്ളത്.

നമ്പർ പ്ലേറ്റ് അഴിച്ച് മാറ്റാൻ റൂബിനാണ് നിർദ്ദേശം നൽകിയതെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി വീണ്ടും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകാൻ റൂബിന് പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. പെരുന്നാൾ തിരക്കിനിടയിൽ ഭീകരമായ രീതിയിൽ നഗരത്തിൽ വാഹനമോടിക്കുകയും അഫ്ലാഹ് ഫറാസിനെ ഇടിച്ചു വീഴ്‌ത്തിയ ശേഷം 23 മീറ്റർ വലിച്ചിഴച്ച് കൊണ്ടു പോകുകയും ചെയ്ത ഈ കേസ് ഏറെ വിവാദമായിരുന്നു.

മുഖ്യപ്രതി റൂബിന് ജില്ലാ കോടതി ജാമ്യം നിഷേധിച്ചിരുന്നു. തുടർന്ന് ഹൈക്കോടതിയെ സമീപിച്ച് പ്രതി മുൻകൂർ ജാമ്യം നേടുകയായിരുന്നു. റൂബിനെ കണ്ടെത്താൻ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും കർണാടകയിലും ഹൈദരാബാദിലും തിരച്ചിൽ നടത്തുകയും ചെയ്തിരുന്നു.